Friday, January 4, 2008

നെരിപ്പോട്‌


പിറന്നുവീണതും നെഞ്ചോടുചേര്‍‌ത്തുവെച്ചുകൊണ്ടോതി
ഇവളാണെന്‍ സ്വപ്നങ്ങളൊക്കെയും
മുട്ടിലിഴഞ്ഞു നടക്കുമ്പോളാരോ എടുത്തുമ്മവെച്ചു
ഇവളെന്റെ തങ്കക്കുടമെന്നു ചൊല്ലി
ഉറയ്ക്കാത്ത കുഞ്ഞിക്കാലുകള്‍ പതറാതിരിക്കാന്‍
ചൂണ്ടുവിരലാരോ കടം തന്നു
ഒന്നാം പിറന്നാളിനൊരായിരം മുഖസ്തുതികള്‍
വട്ടമിട്ടു ചിലച്ചുകൊണ്ടിരുന്നു

നാലാം വയസ്സിലെ നട്ടപ്രാന്തിന് അടിയുടെ
ചൂടറിഞ്ഞാദ്യമായ്
ശലഭങ്ങളെ തലോടിയും മഴത്തുമ്പികള്‍ക്കു കൂട്ടായും
കുസൃതിയായ് മറഞ്ഞു ദിനരാത്രങ്ങള്‍
ഋതുക്കളുടെ വരവിലെന്നോ നെറ്റിയിലണിഞ്ഞ ചാന്തിലൊരു
മഴത്തുള്ളി ചിലങ്ക കെട്ടിയാടി
മഞ്ഞള്‍ കലക്കിയ വെള്ളം തലയിലൊഴിക്കവേ
ആരോ പറഞ്ഞു നീ ഋതുമതിയെന്ന്‌

മഴവില്ലുനോക്കിയുറക്കേ ചിരിച്ചതും അകമുറിയില്‍
നിന്നൊരാജ്ഞ,ശബ്ദം താഴ്ത്തുക
കളിയ്ക്കാനിനിയവള്‍ വരില്ലെന്നോതി അകറ്റിനിര്‍‌ത്തി
പ്രിയപ്പെട്ട കളിക്കൂട്ടുകാരനെ
നിനയ്ക്കാത്ത മഴയില്‍ തുള്ളിച്ചാടിയതും ശകാരമുയര്‍‌ന്നു‌‌
കുട്ടിയല്ല നീ വളര്‍‌ന്നിരിക്കുന്നു
അധരങ്ങളില്‍ വിരിഞ്ഞ കള്ളച്ചിരിയിലൊളിച്ച പ്രണയം
കവിളില്‍ തിണര്‍‌ത്ത പാടായ് അവശേഷിച്ചു

മിഴികള്‍ താഴ്ത്തി പതുക്കെ നടക്കണം
പെണ്ണിനു സുരക്ഷിതമതത്രേ
വീണ്ടുമാരോ നെറ്റിയിലുമ്മവെച്ചോതി ഇനിയധികം
വൈകിച്ചുകൂടാ, സുന്ദരിയാണിവള്‍
മുറുമുറുപ്പുകള്‍ പതുങ്ങിയ ഇടവേളയ്ക്കുശേഷം മുന്നിലെത്തിയ ആഭരണങ്ങള്‍ക്കൊപ്പം തീരുമാനവും മരവിച്ചു
കണ്ണാടിയിലെ പ്രതിബിംബം കോപിഷ്ഠയായി
നീയൊരു സ്ത്രീയാണ്, മറക്കരുത്‌

അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌

നിറദീപമായ് നിലകൊള്ളുമ്പോഴും
ബാല്യത്തിനും വിവാഹത്തിനുമിടയില്‍
വിലക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക്
പുനര്‍‌ജന്മമുണ്ടോ ക്ഷണികമെങ്കിലും?

71 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌“

വാല്‍മീകി said...

നല്ല വരികള്‍.
ജീവിതത്തില്‍ ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, ഏറ്റവും കൂടുതല്‍ മോഹിക്കപ്പെടുന്നതും എന്നാല്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നതും ഒരേ കാലയളവിലാണല്ലേ?
ഇങ്ങനെയൊരു വേദന പകര്‍ത്തിയതിന് അഭിനന്ദനങ്ങള്‍ പ്രിയാ..

കാപ്പിലാന്‍ said...

“അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌

nalla varikal

മാണിക്യം said...

ശബ്ദം താഴ്‌ത്തി,
മിഴികള്‍ താഴ്ത്തി ,
തല താഴ്ത്തി ,
സ്ത്രീയെ താഴ്ത്താന്‍
തുടങ്ങീട്ട് കാലം എത്രായായി?
“വിലക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക്
പുനര്‍ജന്മമുണ്ടോ ക്ഷണികമെങ്കിലും?...”
ഒരു മറുവാക്കു ചൊല്ലാന്‍ മോഹം ....

പ്രീയാ അഭിനന്ദനങ്ങള്‍ !!

ഗോപന്‍ said...

ഹൃദയ സ്പര്‍ശിയായ വരികള്‍..
വേദന നിറഞ്ഞ പല മുഖങ്ങളും ഓര്‍മയില്‍ വന്നു...
സ്ത്രീയായി പിറന്നത്‌ വേദനകള്‍ ഏറ്റുവാങ്ങുവാനോ..
അവരുടെ സ്വപ്നങ്ങള്‍ക്ക് നീര്‍കുമിളകളുടെ ജീവിത ദൈര്‍ഘ്യമോ.. തീക്ഷണതയേറിയ വ്യത്യസ്തമായ പ്രമേയം..
അഭിനന്ദനങ്ങള്‍..

ശ്രീ said...

വളരെ അര്‍‌ത്ഥവത്തായ നല്ല വരികള്‍‌...

ആശംസകള്‍‌, പ്രിയാ...
:)

വേണു venu said...

നിറദീപമായ് നിലകൊള്ളുമ്പോഴും
ബാല്യത്തിനും വിവാഹത്തിനുമിടയില്‍
വിലക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക്
പുനര്‍‌ജന്മമുണ്ടോ ക്ഷണികമെങ്കിലും?
ഇല്ല എന്നു തോന്നുന്നു.
പക്ഷേ പ്രിയ, വരികളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്നു. വായനക്കാര്‍ അതൊരു നെരിപ്പോടു പോലെ അനുഭവിക്കൂന്നു. ഇഷ്ടപ്പെട്ടു.:)

ക്രിസ്‌വിന്‍ said...

അര്‍ഥപൂര്‍ണ്ണമായ വരികള്‍

ആശംസകള്‍

സാബു പ്രയാര്‍ said...

nalla varikal

കാവലാന്‍ said...

കൊള്ളാം...സ്ത്രീകളുടെ അവ്സ്ഥ ഉള്‍ക്കൊണ്ടിരിക്കുന്നു.
'മറുവാക്കുചൊല്ലി സ്ത്രീകള്‍ക്കെന്തിനു ഭയം?'

ഭയത്തെ മാത്രമേ ആരും ഭയപ്പെടാവൂ.ഭയത്തിനു പകരം ശ്രദ്ധയും കോപത്തിനുപകരം
ഉത്തരവാദിത്ത്വവമണെങ്കില്‍ 'സ്വപ്നങ്ങള്‍ക്ക്പുനര്‍‌ജന്മമുണ്ടാകും ക്ഷണികമെങ്കിലും?' എന്നുകരുതുന്നു.

ശെഫി said...

“അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌

നിശബ്ദമായി തിരിച്ചു നടക്കാതെ വീണ്ടും തലയുയര്‍ത്തി ചോദിക്കാത്തതാണു പ്രശ്നം..

ഒത്തിരി പാടി പറഞ്ഞ പ്രമേയമെങ്കിലും നല്ല വരികളില്‍ ചിത്രീകരിച്ചിരിക്കുന്നു.

കൂട്ടുകാരന്‍ said...

ഒരു ജീവിതം വരച്ചുകാട്ടിയിട്ടുണ്ടല്ലൊ...കൊള്ളാം നല്ല വരികള്‍...

ഹരിശ്രീ said...

നിറദീപമായ് നിലകൊള്ളുമ്പോഴും
ബാല്യത്തിനും വിവാഹത്തിനുമിടയില്‍
വിലക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക്
പുനര്‍‌ജന്മമുണ്ടോ ക്ഷണികമെങ്കിലും?

പ്രിയാ,

പുതുവര്‍ഷത്തിലെ ആദ്യപോസ്റ്റ് മനോഹരമാക്കി. അര്‍ത്ഥവത്തായ വരികള്‍. മനസ്സില്‍ ഒരു നെരിപ്പോട് അവശേഷിപ്പിച്ചു...

അഭിനന്ദനങ്ങള്‍...

ആഗ്നേയ said...

ഓരോ വാക്കും മനസ്സില്‍ കൊണ്ടൂ പ്രിയാ...
നഷ്ടപ്പെട്ട കൌമാരം ആരു തിരിച്ചുതരും ല്ലേ?സ്ത്രീയുടെ എറ്റവും വലിയ ഭാഗ്യവും,ശാപവും ഒന്നുതന്നെ..

Meenakshi said...

"നാലാം വയസ്സിലെ നട്ടപ്രാന്തിന് അടിയുടെചൂടറിഞ്ഞാദ്യമായ്ശലഭങ്ങളെ തലോടിയും ---"
"കെട്ടിയാടിമഞ്ഞള്‍ കലക്കിയ വെള്ളം തലയിലൊഴിക്കവേആരോ പറഞ്ഞു നീ ഋതുമതിയെന്ന്‌
മഴവില്ലുനോക്കിയുറക്കേ ചിരിച്ചതും അകമുറിയില്‍നിന്നൊരാജ്ഞ,ശബ്ദം താഴ്ത്തുകകളിയ്ക്കാനിനിയവള്‍ വരില്ലെന്നോതി "


വളരെയധികം ഇഷ്ടപ്പെട്ടു വരികള്‍. അടുത്തെങ്ങും ഇതുപോലെ നല്ലൊരു കവിത ആസ്വദിച്ചിട്ടില്ല!

പോങ്ങുമ്മൂടന്‍ said...

വെറും വാക്കല്ല
നന്നായിട്ടുണ്ട്‌ പ്രിയാ...

പോങ്ങുമ്മൂടന്‍ said...

വെറും വാക്കല്ല
നന്നായിട്ടുണ്ട്‌ പ്രിയാ...

Anonymous said...

Keep "Nerippod" always on... Its good to see facts blistering eventhough solution is yet to be devised.

I FELT IT FOR SURE, MADAM

KEEP ON...

Yathasthithikan

Friendz4ever // സജി.!! said...

ശ്ശെടാ ഇതെപ്പോള്‍ പോസ്റ്റി..
[മിഴികള്‍ താഴ്ത്തി പതുക്കെ നടക്കണം
പെണ്ണിനു സുരക്ഷിതമതത്രേ
വീണ്ടുമാരോ നെറ്റിയിലുമ്മവെച്ചോതി ഇനിയധികം
വൈകിച്ചുകൂടാ, സുന്ദരിയാണിവള്
മുറുമുറുപ്പുകള്‍ പതുങ്ങിയ ഇടവേളയ്ക്കുശേഷം മുന്നിലെത്തിയ ആഭരണങ്ങള്‍ക്കൊപ്പം]
നടക്കട്ടെ നടക്കട്ടെ.!!

സു | Su said...

വരികള്‍ ഇഷ്ടമായി. :)

സതീര്‍ത്ഥ്യന്‍ said...

കരിമഷി കലങ്ങുന്ന മോഹഭംഗങ്ങള്‍...
എതിര്‍ത്താല്‍ അഹങ്കാരി...
ജീവിതനൈരാശ്യങ്ങള്‍ വിധിഹിതം...
ശബ്ദമുയര്‍ത്തിയാല്‍ ഫെമിനിസ്റ്റ്...
വിലക്കപ്പെട്ട കനികള്‍ എന്തെന്നറിയാതെ...
പാടിപ്പതിഞ്ഞതെങ്കിലും, സ്ത്രീയുടെ ദു:ഖം ഒരു വേദനയായ് മനസ്സില്‍ തങ്ങുന്നു...
ആലങ്കാരികമല്ലാതെയുള്ള അവതരണം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു...
സ്നേഹപൂര്‍വ്വം, സതീര്‍ഥ്യന്‍

അഗ്രജന്‍ said...

നല്ല കവിത പ്രിയാ...

ശക്തമായ വരികള്‍...

Teena C George said...

ഹൃദയത്തില്‍നിന്നുള്ള സ്നേഹം ജീവിതത്തെ മനോഹരമാക്കുന്നു!!!

ഹൃദയത്തില്‍ നിന്നുള്ള നൊമ്പരങ്ങളും!!!

Geetha Geethikal said...

പ്രിയാ, മിഴിവാര്‍ന്ന ജീവിതചിത്രം.

എന്റെ കൌമാരവും ഇതുപോലെ...

മുന്‍ വശത്തെ മുറിയിലിരുന്ന്‌ ഞാന്‍ ചിരിക്കുന്നത്‌ അടുക്കളയില്‍നിന്നു കേട്ടാല്‍ ഉടന്‍ വടിയുമായി വരുന്ന അമ്മ...
ബസ്സിലിരുന്ന്‌ ഒരു വാക്കെങ്ങാനും ഉച്ചത്തിലോതിപ്പോയാല്‍ അന്നടി ഉറപ്പ്...

ഈശ്വരാ! പെണ്ണായിനിയും ഈഭൂമിയില്‍ ജനിപ്പിക്കരുതേ...
അല്ല, ഒരു ജന്മവും ഈ ഭൂമിയിലിനിവേണ്ട...

കണ്ണൂരാന്‍ - KANNURAN said...

വായിക്കാന്‍ വളരെ വിഷമം അക്ഷരങ്ങളുടെ അല്പം കൂടി വലുതാക്കൂ...

മന്‍സുര്‍ said...

പ്രിയ...

ബാല്യത്തിന്‍ യാത്രകള്‍ വരികളില്‍ ജീവിതതുടിപ്പുകളായ്‌..
മികച്ച വരികളും......നല്ല ചിത്രവും

സ്ത്രീ...ഒരു വിഷയമായി തന്നെ തുടരുന്നു അല്ലേ
ശരിയാണ്‌....ഒരു ഗര്‍ഭപാത്രത്തിന്റെ പേരില്‍ പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നവള്‍ ..
ഇത്‌ നമ്മുടെ നാടിന്റെ ശാപം
സംസക്കാരത്തിന്റെ ശൂന്യത
ഹേയ്‌ സ്ത്രീ.....നീ ചുമക്കുന്നത്‌
ഒരു ജീവനാണെന്ന്‌ അറിയുന്നു ഞാന്‍
ആ ജീവന്റെ വിലയറിയുന്നു ഞാന്‍
എന്നിട്ടും സമൂഹം മിഴിച്ച കണ്ണുകളുമായി
പാതിര കോഴികളെ പോലെ മറഞ്ഞിരിക്കുന്നു
ഇരുളില്‍ മധുനുകരുന്ന വണ്ടും
ചിലക്കുന്നു പകലില്‍ വിമര്‍ശനത്തിന്‍ പുകമറകള്‍
പാവം എല്ലാം അറിഞ്ഞിട്ടും അവള്‍ ആസ്വദിക്കുന്നു
ഒരു സ്വാതന്ത്ര്യം.... വിലക്കപ്പെടുന്ന സ്വപ്‌നങ്ങള്‍ക്ക്‌
പുനര്‍ജന്മമില്ലെന്നറിഞ്ഞിട്ടും....

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ദ്രൗപദി said...

പ്രിയയുടെ രചനകളില്‍ വെച്ച്‌ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ രചന...
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍കാഴ്ച ഈ വരികളില്‍ നിന്നും തിരിച്ചറിയാം..സ്ത്രീയുടെ ജീവിതചക്രം ഹൃദ്യമായി അസ്വാദ്യകരമായി ഇവിടെ പകര്‍ത്തിയിട്ടിരിക്കുന്നു....
ആശംസകള്‍..അഭിനന്ദനങ്ങള്‍...


ഓ ടോ: കവിതയെഴുതാനും കഥയെഴുതാനുമൊക്കെ സ്ത്രീ ഒറു നല്ല വിഷയമാണ്‌. അതിനപ്പുറം വര്‍ത്തമാനകാല സ്ത്രീകള്‍ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങള്‍ കാണുമ്പോള്‍ അവളെ സ്നേഹിക്കുക ആരാധിക്കുക എന്ന ധര്‍മ്മത്തില്‍ നിന്നും കടമയില്‍ നിന്നും പിന്തിരിയേണ്ടി വരുന്നു...

ചന്തു said...

Enikkithu Valare nannayi thOnni.

നജൂസ്‌ said...

പ്രിയേ
ഇനിയുമെത്രകാലം നാം ഈ പാട്ട്‌ തന്നെ പാടും,
എഴുതിയത്‌ ഞാനേ ചാപ്പാ....
വായിഛതും ഞാനേ ചാപ്പാ.....
നന്നായിട്ടുണ്ട്‌ കെട്ടാ........

ഷെഫി, പ്രമേയത്തിന്‌ എത്രത്തോളം പഴക്കമുണ്ട്‌??.

കൃഷ്‌ | krish said...

നന്നായിരിക്കുന്നു വരികള്‍.

ഉപാസന | Upasana said...

“മിഴികള്‍ താഴ്ത്തി പതുക്കെ നടക്കണം
പെണ്ണിനു സുരക്ഷിതമതത്രേ
വീണ്ടുമാരോ നെറ്റിയിലുമ്മവെച്ചോതി ഇനിയധികം
വൈകിച്ചുകൂടാ, സുന്ദരിയാണിവള്‍
മുറുമുറുപ്പുകള്‍ പതുങ്ങിയ ഇടവേളയ്ക്കുശേഷം മുന്നിലെത്തിയ ആഭരണങ്ങള്‍ക്കൊപ്പം തീരുമാനവും മരവിച്ചു
കണ്ണാടിയിലെ പ്രതിബിംബം കോപിഷ്ഠയായി
നീയൊരു സ്ത്രീയാണ്, മറക്കരുത്‌


അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌“

എല്ലാ വര്‍കളും മനോഹരം പ്രിയാ.
ഞാന്‍ വായിച്ചിട്ടുള്ള നല്ല കവിതകളില്‍ ഒന്ന്.

സ്ത്രീയുടെ വിവിധ വളര്‍ച്ചാ ഘട്ടങ്ങളെ ഭംഗിയായി പ്രതിനിധീകരിച്ചിരിക്കുന്നു
:)
ഉപാസന

നിഷ്ക്കളങ്കന്‍ said...

ശക്തിയുള്ള ദു:ഖം വരിക‌ളില്‍ തെളിയുന്നു.
ന‌ല്ല കവിത!

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ദിപ്പോഴാ കണ്ടേ...

“അകറ്റിനിര്‍‌ത്തിപ്രിയപ്പെട്ട കളിക്കൂട്ടുകാരനെ“...പലതും ഓര്‍മ്മവരുന്നു..

പിന്നെ മെട്രോകളില്‍ വളരുന്ന കുട്ടികള്‍ക്ക് ഇത്രയധികം വിലക്കുകള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല...

എന്തായാലും മനോഹരം..വരികള്‍

ജ്യോനവന്‍ said...

നന്നായി;
ഒരു പാറ്റേണ്‍ മുഴുവനായി ഉള്‍ക്കൊണ്ടു.
അവസാന ചില വരികളിലും............

പ്രയാസി said...

പ്രിയക്കുട്ടി ചേട്ടായിയോടു പിണങ്ങല്ലുംട്ടാ..
പണിത്തിരക്കാ..:(

അതെ സ്വപ്നഭൂമി കഴിഞ്ഞാല്‍ ഏറ്റവും നല്ല പോസ്റ്റ്..നന്നായി..:)

അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാക്കൂ..

മുരളി മേനോന്‍ (Murali Menon) said...

നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍!

ഏ.ആര്‍. നജീം said...

പ്രിയയുടെ കവിതകളുടെ റേഞ്ച് അപാരം തന്നെട്ടോ...

ഒരു കൊച്ച് പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീയിലേക്കുള്ള മാറ്റം എത്ര ഹൃദ്യമായി വരച്ചു കാണിച്ചിരിക്കുന്നു...

അഭിനന്ദനങ്ങള്‍..

നിരക്ഷരന്‍ said...

നന്നായി.ഇഷ്ടായി.

Sharu.... said...

നല്ല വരികള്‍....:)

മിനീസ് said...

നന്നായിട്ടുണ്ട്‌, അഭിനന്ദനങ്ങള്‍...

അഭിലാഷങ്ങള്‍ said...

ഫൈന്‍..

:-)

Neetha said...

priya,
nalla kavitha. enikku valare ishtamayi!...manasil thatti...
:)

അപര്‍ണ്ണ said...

എല്ലാം ശരി .എന്റെ കൈയ്യൊപ്പ്‌. :-) നല്ല ഇഷ്ടായി.

(സുന്ദരന്‍) said...

കവിത ഒത്തിരി ഒത്തിരി ഇഷ്ടമായ്...

നിറദീപമായ് നിലകൊള്ളുമ്പോഴും
ബാല്യത്തിനും വിവാഹത്തിനുമിടയില്‍
വിലക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക്
പുനര്‍‌ജന്മമുണ്ടോ ക്ഷണികമെങ്കിലും?
...
...
എവടെയുണ്ടാകാന്‍...അതൊക്കെ ഒരുപ്പോക്കായ് പോയ്...
വിവാഹ ശേഷമുള്ളസ്വപ്നങ്ങളാകാട്ടെ കമ്പ്ലീറ്റ് ദുസ്വപ്നങ്ങള്,
കൊന്നാലും ചാകാത്ത ടൈപ്പ്....

(പഴയതൊക്കെയൊന്നു വായിച്ച് നോക്കട്ടെ...)

G.manu said...

മഴവില്ലുനോക്കിയുറക്കേ ചിരിച്ചതും അകമുറിയില്‍
നിന്നൊരാജ്ഞ,ശബ്ദം താഴ്ത്തുക

priyaaji..mashinte kavitha vaLarnnu varunnu .....

congratss

രാമചന്ദ്രന്‍ വെള്ളിനേഴി said...

കാലമിത്ര പുരോഗമിച്ചു സമൂഹം പുരോഗമനചിന്തകളാല്‍ നിറഞ്ഞിരിക്കുന്നു, പക്ഷെ എന്നിട്ടുമെന്തേ അമ്മയെന്നു വിളിക്കേണ്ട ലക്ഷ്മിയെപ്പോലെ പൂജിക്കേണ്ട സ്ത്രീയെ നടു റോട്ടില്‍ വച്ച് കാലുകളാല്‍ തൊഴിക്കുന്നു???

സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌

സമൂഹമെന്ന അഹംഭാവികള്‍ മന്‍സ്സു കല്ലുപോലുള്ള സമൂഹം അവര് കരയില്ല ഈവരികള്‍ അവരെ ചിന്തിപ്പിക്കട്ടെ !!!!

ആശംസകള്‍ നേരുന്നു

ദീപ്തം said...

"പെണ്‍കുട്ട്യോള്‌ ഭൂമിയെ പോലും വേദനിപ്പിക്കാതെ നടക്കണം" എന്ന് പറയുന്ന അമ്മമ്മമാര്‍ കൂടി സ്ഥലം ഒഴിയേണ്ട താമസമേയുള്ളു.

jane said...

Very good one....Being a woman I can feel the depth of each and every line. Keep up the good work.
Jane - A new blogger.

നസീര്‍ കടിക്കാട്‌ said...

കരഞ്ഞോണ്ടിരുന്നോ........

നസീര്‍ കടിക്കാട്‌ said...

തലതാഴ്ത്തി........

aham bharatheeya said...

നല്ല വരികള്‍.

Marthyan said...

വളരേ ഇഷ്ടപ്പെട്ടു :)

സുല്‍ |Sul said...

പ്രിയ
നിങ്ങളിവിടെ ഒരു ജീവിതം വരഞ്ഞിരിക്കുന്നു
വളരെ വൃത്തിയായി, വളരെ വ്യക്തമായി.

കവിത നന്നായിരിക്കുന്നു.

-സുല്‍

ഭൂമിപുത്രി said...

ഒരു ജിവിതചക്രം മുഴുവനുമുണ്ടല്ലൊ ഏതാനും വരികളില്‍..അടക്കിപ്പിടിച്ച വേദനകള്‍ തൊട്ടറിയാന്‍ പറ്റും.

KUTTAN GOPURATHINKAL said...

പ്രിയാ,
എന്റെ പോസ്റ്റുകളിന്മേല്‍ ‘ഓമന രക്ഷപ്പെട്ടു’ എന്നു കമന്റിയപ്പോള്‍..ഇത്രയ്ക്കങ്ട് നിരീച്ചില്ല. ഈ പോസ്റ്റിങുകള്‍ കാണാനെത്താന്‍ ഞാനല്പം വൈകിപ്പോയോന്നൊരു സംശയം.
ചേതോഹരമായിരിയ്ക്കുന്നു, കുട്ടീടെ എഴുത്ത്.

(അധരങ്ങളില്‍ വിരിഞ്ഞ കള്ളച്ചിരിയിലൊളിച്ച പ്രണയം കവിളില്‍ തിണര്‍‌ത്ത പാടായ് അവശേഷിച്ചു)

പദങളുടെ ലാളിത്യം, വാക്കുകളുടെ ഘടന, ആശയങളുടെ ബ്രീവിറ്റി, അതുമൂലമുള്ള തീവ്രത എല്ലാം എല്ലാം പക്വതവന്ന ഒരു റൈറ്ററുടേതാണ്..
അനേകം ആരാധകരുടെ ഇടയില്‍ നില്‍ക്കുന്ന എന്റെകൂടി അഭിനന്ദനങള്‍ ദയവായി സ്വീകരിയ്ക്കുക

ചന്ദ്രകാന്തം said...

പ്രിയാ...,
വിലക്കപ്പെടുന്ന സ്വപ്നങ്ങളുടെ കാലം..
മനസ്സില്‍ പുനര്‍ജ്ജനിയ്ക്കുന്നു, ഈ വരികളിലൂടെ.

ഫസല്‍ said...

മനസ്സില്‍ തട്ടിയ കവിത, നന്നായി, ആശംസകള്‍

ചന്ദൂട്ടന്‍ [Chandoos] said...

കൊള്ളാം പ്രിയേ, കലക്കി! നന്നായിട്ടുണ്ട്‌

ചന്ദൂട്ടന്‍ [Chandoos] said...

ഒരു സംശയം, പ്രിയേ, എന്തിനാ വെറുതേ കമന്റ്‌ മോഡറേറ്റ്‌ ചെയ്യുന്നേ..? ആരെയെങ്കിലും "പേടി"ക്കുന്നുണ്ടൊ..?

നിലാവര്‍ നിസ said...

പ്രിയേച്ചീ..
നന്ദി.. ഒരു വികാരത്തെ ഇത്ര ഹൃദ്യമായി അവതരിപ്പിച്ചതില്‍.
കാലം മാറിയിട്ടും ചില വേദനകള്‍ അതിന്റെ എല്ലാ പൌരാണികതയോടും കൂടി ഇങ്ങനെ നിലനില്‍ക്കുന്നു അല്ലേ..

purakkadan said...

പ്രിയാ, പെണ്ണായ്പ്പിറക്കാതിരുന്നതു കൊണ്ടാവാം ഈ സ്ത്രീ എന്ന സാധനത്തെ വായനയിലൂടെയാണ്‌ കൂടുതലും മനസ്സിലാക്കിയിട്ടുള്ളത്‌. ഒരു സ്ത്രീയുടെ ജനനം മുതല്‍ വിവിധ കാലഘട്ടങ്ങള്‍ ശക്തമായ വരികളിലൂടെ മനോഹരമായി പ്രിയ ചിത്രീകരിച്ചിരിക്കുന്നു...

പ്രവാസികളുടെ മനസ്സിനെ ഓര്‍മകളുടെ കുത്തൊഴുക്കിലേക്ക്‌ തള്ളി വിടാന്‍ പ്രിയയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു എന്ന് ഇത്രയും കമണ്റ്റ്സ്‌ കാണുമ്പോള്‍ നിസ്സംശയം പറയാം...

അഭിനന്ദനങ്ങള്‍...

ആ മനസ്സില്‍ നിന്ന് ഇനിയുമൊരുപാട്‌ കവിതകള്‍ വാര്‍ന്നു വീഴട്ടെയെന്ന് ആശംസിക്കുന്നു...

purakkadan said...

ഒരു സംശയം എനിക്കും ബാക്കി നില്‍ക്കുന്നു.. പോസിറ്റീവ്‌ ആയ കമണ്റ്റ്സ്‌ മാത്രം അംഗീകരിക്കാന്‍ മനസ്സുള്ളത്‌ കൊണ്ടാണോ ഈ മോഡറേഷന്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിലയേറിയ അഭിപ്രായത്തിന് എല്ലാവര്‍‌ക്കും നന്ദി.

പുറക്കാടന്‍,
ആരുടേയും കമന്റുകള്‍ ഇതുവരെ അംഗീകരിക്കാ‍തിരിന്നിട്ടില്ല.പിന്നെ, എന്തുകൊണ്ട്‌ ഈ മോഡറേഷന്‍ എന്നു ചോദിച്ചാല്‍ വിഷയത്തോട് ബന്ധമില്ലാത്ത ‘കമന്റുകള്‍‘ തുടക്കത്തില്‍ വന്നിരുന്നു.അത് ആവര്‍ത്തിക്കാതിരിക്കാന്‍‌വേണ്ടിയാണിത്.

ഹാരിസ് said...

പ്രിയ
എവിടെന്നു കിട്ടുന്നു ഇത്ര സമയം...?
എല്ലാ പോസ്റ്റിലും കമന്റു കാണാമെല്ലൊ...!

സുധീര്‍ (Sudheer) said...

ഈ കവിതയെക്കുറിച്ച് അല്ല,മൊത്തതില്‍ ബ്ബോഗിനെ കുറിച്ച്:
വേറെ ഒരു ലെ ഔട്ട് സ്വീകരിച്ചാല്‍ നന്നായിരുന്നു.
കറുപ്പില്‍ നിന്നും ഈ ചെറിയ വെളുതത അക്ഷരങ്ങള്‍
വായിച്ചെടുക്കാന്‍ നന്നെ ബുദ്ധിമുട്ട്...

Arun Jose Francis said...

ശരിക്കും നടക്കുന്ന കാര്യങ്ങള്‍ തന്നെ... നന്നായിട്ടെഴുതി പ്രിയാ...

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയാ,
നിറദീപമായ് നിലകൊള്ളുമ്പോഴുംബാല്യത്തിനും വിവാഹത്തിനുമിടയില്‍വിലക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക്പുനര്‍‌ജന്മമുണ്ടോ ക്ഷണികമെങ്കിലും?
പറയാന്‍ വാക്കുകള്‍ മതിയാവുന്നില്ല.അഭിനന്ദനങ്ങള്‍ !

സിമി said...

നല്ല കവിത. അഭിനന്ദനങ്ങള്‍..

സനാതനന്‍ said...

നല്ല കവിത.
ചിത്രം ഇഷ്ടപ്പെട്ടില്ല.ഇത്രയും കൂര്‍ത്ത ചിത്രങ്ങള്‍ ഒന്നും ദ്വനിപ്പിക്കുന്നില്ല പെട്ടെന്നൊരു ഞെട്ടല്‍ അല്ലാതെ

തല്ലുകൊള്ളി said...

അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്‌

ഈ വരികള്‍.. എനിക്കറിയില്ല എങ്ങിനെ അത് പ്രകടിപ്പിക്കണമെന്ന്.
അതുകൊണ്ട് “ഗംഭീരം” എന്ന ഒറ്റ വാക്കിലൊതുക്കുന്നു.

doney “ഡോണി“ said...

ഇഷ്ടമായി..

അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള്‍ ഗര്‍‌ഭപാത്രം വഹിക്കുന്നു!!!

ഈ വരികളെന്നെ വളരെ ആകര്‍ഷിച്ചു..