Sunday, October 21, 2007

ഊര്‍മ്മിള

കൂടെയിറങ്ങാന്‍ തുനിഞ്ഞനേരം
അരുതെന്നു വിലക്കിയ ലക്ഷ്മണനറിഞ്ഞോ
വനവാസമെങ്കിലും പൊന്മെത്തയെങ്കിലും
ഊര്‍മ്മിളക്കുമോദം ശ്രീരാമസോദരനെന്ന്‌!


എത്ര നാളെന്നറിയാതെയാണോ
അറിഞ്ഞുകൊണ്ടെങ്ങനെ പറയുമെ-
ന്നോര്‍ക്കെ,പാദപതനം അകലെയായി
ക്ഷണനേരം മറഞ്ഞു പതിതന്‍രൂപം
കണ്ണീര്‍,സാന്ത്വനം ഒന്നുമില്ല
എല്ലാം മൂകം എവിടേയും ശൂന്യത!
യുഗങ്ങളായ്‌ മറഞ്ഞ നിമിഷങ്ങളില്‍
സുമംഗലിപ്പൂ വിടരാതെ നിന്നു
അന്ത:പ്പുരത്തിലെ നെടുവീര്‍പ്പുകളില്‍
നിശ്ശബ്ദമായ്‌ നീങ്ങി ജീവിതമോഹങ്ങള്‍

അരുതെന്നു പറഞ്ഞില്ല ശ്രീരാമന്‍
സീതാദേവി കൂടെയിറങ്ങിയനേരം
നിഴലായെങ്കിലും കൂടെകൂട്ടാതെ
അരുതെന്നല്ലാതൊന്നും പറയാതെ
സജലങ്ങളാം പത്നിതന്‍ മിഴികള്‍
തൊടുത്ത ശരങ്ങളേറ്റുവാങ്ങാതെ
യാത്രയായീ അഗ്രജന്റെ അനുജനായി
ഹോമിച്ചൂ പതിന്നാലു സംവത്സരം
സ്വപ്നങ്ങള്‍ വിടര്‍ന്നൊരാ സുവര്‍ണ്ണകാലം

രാമരാവണയുദ്ധവും ജനനീപുത്രിതന്‍
അഗ്നിശുദ്ധിയും മാറ്റുരയ്ക്കെ
ആരറിഞ്ഞൂ ഊര്‍മ്മിളയുടെ ദു:ഖം?
കണ്ടതെല്ലാം പാഴ്‌സ്വപ്നങ്ങളായോ
വിലക്കപ്പെട്ടോ വിലാപം പോലും...
പതിതന്‍ ധര്‍മ്മം പത്നിതന്‍ കര്‍ത്തവ്യം
അഗ്നിസാക്ഷിയായ്‌ ചൊല്ലിയ വാക്കുകള്‍
എല്ലാമെല്ലാം ജലരേഖമാത്രം ...
ഇനിയുമുണ്ടോ വനവാസങ്ങള്‍
അഭിഷേകങ്ങള്‍ രണഭൂമികള്‍
ഊര്‍മ്മിളയുണ്ടിവിടെ സഹിക്കാമെല്ലാം
ത്യജിക്കാം ഈ ജന്മം പോലും!!!

ത്രേതായുഗത്തിലെ ശ്രീരാമപത്നിയോ
നിഴല്‍ഛിത്രമായൊതുങ്ങിയ ഊര്‍മ്മിളയോ
ശ്രേഷ്ഠയാരെന്നു നിസ്സംശയം മൊഴിയാം

ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം.

31 comments:

Sethunath UN said...

വളരെ ന‌ന്നായി ഈ കവിത. ഊ‌ര്‍മ്മിള‌യുടെ ദു:ഖ‌ം ഉ‌ള്‍ക്കൊണ്ടെഴുതിയിരിയ്ക്കുന്നു.

സു | Su said...

:)

കണ്ണൂരാന്‍ - KANNURAN said...

കവിത നന്നായിരിക്കുന്നു. പണ്ടു കോളജില്‍ പഠിക്കുന്ന കാലത്ത് മൈഥിലി ശരണ്‍ ഗുപ്തയുടേതോ മറ്റോ ആണെന്നു തോന്നുന്നു ഒരു കവിത പഠിച്ചിരുന്നു ഊര്‍മ്മിളയെക്കുറിച്ച്.. അതിനുശേഷം ഇപ്പോഴാണ് ഊര്‍മ്മിളയെക്കുറിച്ച് ആരെങ്കിലും എഴുതിയതു കണ്ടത്..

പ്രയാസി said...

ഊര്‍മ്മിളയെക്കുറിച്ചു പണ്ടു പഠിച്ചിട്ടുണ്ട്..
പക്ഷെ അതിനെക്കാള്‍ ആഴത്തില്‍ സ്പര്‍ശിച്ചു
പ്രിയയുടെ കവിത..!

ഇങ്ങനെ സ്റ്റോക്കുകള്‍ ഓരോന്നായി പോരട്ടെ..:)

http://chakramchava.blogspot.com

Sherlock said...

കവിത നന്നായി...:)
പത്താം ക്ലാസില് വച്ച്, മലയാളം ഉപപാഠ പുസ്തകം ഊര്മ്മിളയായിരുന്നു...
അന്നു മുതലേ എന്തുകൊണ്ട് രാമായണത്തില് ഊര്മ്മിളയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നത് ഒരു സംശയമായി അവശേഷിക്കുന്നു....

Anonymous said...

ഇതു കവിതയോ, വലിയൊരു ക്യാന്‍‌വാസില്‍ വരച്ച ചിത്രമോ !! ഏതായാലും നന്നായിട്ടുണ്ട്.

അപ്പു

സഹയാത്രികന്‍ said...

“ത്രേതായുഗത്തിലെ ശ്രീരാമപത്നിയോ
നിഴല്‍ഛിത്രമായൊതുങ്ങിയ ഊര്‍മ്മിളയോ
ശ്രേഷ്ഠയാരെന്നു നിസ്സംശയം മൊഴിയാം
ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം.“


നല്ല വരികള്‍... നന്നായിരിക്കുന്നു
:)

ഏ.ആര്‍. നജീം said...

മറ്റൊരു മനോഹര കവിത കൂടി.. അഭിനന്ദനങ്ങള്‍

മയൂര said...

ഊര്‍മ്മിള നന്നായിട്ടുണ്ട്...

G.MANU said...

oormilayuTe manas pakarthiya kavitha..
next please.....

Anonymous said...

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. (If he will be possible add the CresceNet(www.provedorcrescenet.com) in your blogroll I thankful, bye friend).

Murali K Menon said...

ദു:ഖപുത്രിയായ ഊര്‍മ്മിള എന്നും സാഹിത്യകാരന്റെ മനസ്സിലെ വേദനയായിരുന്നു. ഊര്‍മ്മിളയുടോപ്പം നില്‍ക്കാന്‍ പ്രിയ മാത്രമല്ല, സമാന ചിന്താഗതിയുള്ള ഒരുപാട് മനുഷ്യസ്നേഹികളുണ്ടാവും. നല്ല ചിന്ത, നല്ല എഴുത്ത്, തുടരുക. ഭാവുകങ്ങളോടെ,

ശെഫി said...

നന്നായിരിക്കുന്നു

അപ്പു ആദ്യാക്ഷരി said...

“സജലങ്ങളാം പത്നിതന്‍ മിഴികള്‍
തൊടുത്ത ശരങ്ങളേറ്റുവാങ്ങാതെ
യാത്രയായീ “

നല്ല വരികള്‍!!

മുസാഫിര്‍ said...

ഊര്‍മ്മിളയുടെ നിശ്വാസം കേട്ടു,കവിതയില്‍.നന്നായിരിക്കുന്നു.

ഉപാസന || Upasana said...

“ആരറിഞ്ഞൂ ഊര്‍മ്മിളയുടെ ദു:ഖം?“
വാല്‍മീകി ഊര്‍മിളയോട് നീതി കാണിച്ചില്ല.
നന്നായി അവതരിപ്പിച്ചിരിക്കുന്നു ഊര്‍മിളയുടെ മനോവ്യാപാരങ്ങള്‍
:)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

ഇടക്കെപ്പോഴൊക്കെയോ കേട്ടുമറന്ന എങ്കിലും കൂടുതല്‍ ചിന്ത ആ വഴിക്ക്‌ തിരിച്ചുവിടാത്ത ഒരു കഥാപാത്രമായിരുന്നു..ഊര്‍മ്മിള..
ഇവിടെ ഊര്‍മ്മിളയുടെ
മനസ്‌
കവിതയില്‍
തുറന്നുവെച്ചിരിക്കുന്നു..
ആ സ്ത്രൈണദുഖം
മനോഹരമായി
വ്യാഖ്യാനിച്ചിരിക്കുന്നു...

കവിതകള്‍ ചിലപ്പോഴെല്ലാം..പഴയ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പന്ഥാവുകള്‍ തുറന്നുകൊടുക്കാറുണ്ട്‌..അവിടെ കാണാന്‍ സാധിക്കുന്നത്‌ വ്യത്യസ്തത തന്നെയാണ്‌..

പ്രിയയുടെ
ഈ കവിത ഒരുപാടിഷ്ടമായി
ഇനിയും
എഴുതുക
ഭാവുകങ്ങള്‍

വേണു venu said...

ഊര്‍മ്മിളയുടെ ദു:ഖം മനുഷ്യ മനസ്സിന്‍റെ വേദനയായി കണ്ട ആസ്വാദകര്‍‍ എന്നും പ്രിയയെ പോലെ ചിന്തിച്ചിരുന്നു. ചിന്തിക്കുന്നു. നല്ല വരികളില്‍‍ ഊര്‍മ്മിളയെന്ന ദുഃഖപുത്രിയെ വരച്ചു കാട്ടിയിരിക്കുന്നു.:)

ദിലീപ് വിശ്വനാഥ് said...

വളരെ ആഴത്തിലുള്ള ചിന്തകള്‍.
ഭാഷക്ക് നല്ല ശക്തിയും ഒഴുക്കും. ഇതൊരു സീരിയസ് സമീപനം ആണല്ലോ. വളരെ നന്നായിട്ടുണ്ട്.

ഹരിശ്രീ said...

ഹൃദയസ്പര്‍ശിയായ നല്ല കവിത...

ആശംസകള്‍

വാണി said...

മനോഹരമായ കവിത.
വായിക്കാന്‍ വൈകിപ്പോയി എന്ന സങ്കടം മാത്രം!

അഭിനന്ദനങ്ങള്‍..!

ശ്രീ said...

"ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം."

:)

Rajeeve Chelanat said...

നിരാശപ്പെടുത്തി കവിത. എങ്കിലും ശ്രമം കയ്യൊഴിയേണ്ട. കൂടുതല്‍ മെച്ചപ്പെട്ടത് എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Will try,Rajeev

ഗീത said...

ഊര്‍മിളയോടൊപ്പം ഞാനും...
നല്ല നിലവാരമുള്ള കവിത.
പിന്നെ ഒരു കാര്യം പറയട്ടേ...
പ്രിയയുടെ പ്രൊഫൈലില്‍ ഫേവറിട് മ്യുസിക് എന്നതില്‍ എഴുതിയിരിക്കുന്ന sweat എന്ന വാക്ക്‌ മാറ്റി sweet എന്നെഴുതണം. അര്‍ഥവ്യത്യാസമുണ്ട്‌.

താരാപഥം said...

സ്ത്രീ / ഭാര്യ എന്നാല്‍ സര്‍വ്വം സഹയാണെങ്കില്‍, അതിന്‌ ഉത്തരം ഊര്‍മ്മിള" യെന്നാണ്‌. (അരവിന്ദന്റെ "കാഞ്ചനസീത" യില്‍ ഊര്‍മ്മിള ഒരു തുള്ളി കണ്ണീര്‍ മാത്രം മുഖത്ത്‌ ഒഴുകി മൗനമായി നില്‌ക്കുന്ന ഒരു ക്ലോസ്സപ്പ്‌ ഷോട്ട്‌ ഉണ്ട്‌. അത്‌ ഒരിക്കലും മറക്കില്ല. ഊര്‍മ്മിളയെ ആരും അങ്ങിനെ വിഷ്വലൈസ്‌ ചെയ്തിട്ടില്ല എന്നു തോന്നുന്നു.)

സീത ഭര്‍ത്താവിന്റെ കൂടെ ഇറങ്ങിപ്പോവുകയും ഊര്‍മ്മിള ഭര്‍ത്താവിനെ അനുസരിക്കുകയുമാണ്‌, ഇവിടെ. അപ്പോള്‍ ഏതാണ്‌ ഉത്തമമായത്‌ ?

Sathees Makkoth | Asha Revamma said...

ആരറിഞ്ഞൂ ഊര്‍മ്മിളയുടെ ദു:ഖം?
അറിയാതെപോയൊരു ദുഃഖം. നന്നായിരിക്കുന്നു.

അഫ്ഗാര്‍ (afgaar) said...

“ഊര്‍മ്മിളയെപ്പോലെ ഊര്‍മ്മിള മാത്രം” - സുഗതകുമാരിറ്റീച്ചറിന്റ്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. നന്നായിട്ടുണ്ട്...

Anonymous said...

read 'urmila','ramakrishnan'and'pearl harbour'
there was a kunju ramakrishnan in my childhood and lost after few days.i was remembered about him
urmila is an eternal sorrow of history----gopak u r

പ്രിയ said...

ത്രേതായുഗത്തിലെ ശ്രീരാമപത്നിയോ
നിഴല്‍ഛിത്രമായൊതുങ്ങിയ ഊര്‍മ്മിളയോ
ശ്രേഷ്ഠയാരെന്നു നിസ്സംശയം മൊഴിയാം

ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം.

kariannur said...

ഊര്‍മ്മിള എന്ന പദത്തിന്‍റെ അര്‍ത്ഥം?