Friday, October 19, 2007

അയോധ്യയില്‍ നടന്നത്‌...

രാമനാണവകാശിയെന്നോതും രാജനേയും
അഗ്രജനാണെല്ലാമെന്നുചൊല്ലും ഭരതനേയും
നോവിക്കുകയാണെന്നറിയാതെയരുളീയവള്‍
"എന്‍ സുതന്‍ അയോധ്യാപതി"യെന്ന്‌


തകര്‍ന്നുവീണൊരാ സ്വപ്നങ്ങള്‍ക്കൊപ്പം
സജലങ്ങളായീ ദശരഥനയനങ്ങള്‍
നാഥന്റെ വാക്കുകള്‍ ദീനമായ്‌ മാറി
"ചോദിക്കൂ ദേവീ നീ വേറെന്തും"
പുരാവൃത്തത്തിന്നേടുകള്‍ ശാപമായി
"രണ്ടുവരമെനിക്കുവേണം;രാമന്റെ
വനവാസവും ഭരതന്റെയഭിഷേകവും"
ഒരുമാത്രയെല്ലാം നടുങ്ങിത്തരിച്ചോ?
ഇരുട്ടിന്റെ മറവില്‍ മന്ഥര ചിരിച്ചു
നേട്ടമില്ലാത്തൊരാ തിന്മക്കുവേണ്ടി
ക്ഷണനേരമെല്ലാമറിഞ്ഞുവെല്ലാരും
കാതോര്‍ത്തുവേതോ കാഹളത്തിനായ്‌
ചെയ്തതെന്തെന്നറിയാത്ത കൈകേയി-
യോടരുളീ രാമന്‍ പുഞ്ചിരിയോടെ
"അമ്മതന്‍ പുത്രനല്ലയോ ശ്രീരാമനും?"
കരയാന്‍ മറന്നൊരാ താതന്റെ കാല്‍ക്കല്‍
വീണൂ പുത്രന്‍ യാത്രാനുമതിക്കായ്‌
"വാക്കുപാലിക്കുക താതന്‍ കൂടെ
ഭരതാഭിഷേകം നടത്തുക ഝഡുതിയില്‍"
പതിതന്‍ കൂടെയെന്‍ ജീവിതമെന്നു
ചൊല്ലിയ സീതയും ജ്യേഷ്ഠന്റെ നിഴലാം ലക്ഷ്മണനും
കൂടെയിറങ്ങീ വനവാസത്തിനായ്‌
വര്‍ണ്ണഭമായൊരാ അയോധ്യപോലും
ഒരുമാത്രയെന്തേ വിറങ്ങലിച്ചു?

രാമന്റെ അയനം ഹരിശ്രീകുറിച്ചു
'രാമായണം' പിറവിയെടുത്തു
ഹേതു നീയല്ലയോ രാമായണത്തിന്‍
കൈകേയീ എന്നഭിനന്ദനങ്ങള്‍

11 comments:

പ്രയാസി said...

'രാമായണം' പിറവിയെടുത്തു
ഹേതു നീയല്ലയോ രാമായണത്തിന്‍
കൈകേയീ എന്നഭിനന്ദനങ്ങള്‍..!


അപ്പോള്‍ അതാണു അയോധ്യയില്‍ നടന്നത്..!

confused said...

നല്ല പദ്യം! എനിയും പോരട്ടെ :)

മയൂര said...

ഇതാണ് അയോധ്യയില്‍ നടന്നത് അല്ലേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതും നടന്നിട്ടുണ്ട്‌

G.MANU said...

good one

Radheyan said...

രാമന്റെ യാനമല്ല, രാമന്റെ അയനമല്ലേ രാമായണം?

യാനം-നൌക
അയനം-യാത്ര.

കവിയുടെ സാതന്ത്ര്യത്തെ മാനിക്കുന്നു,എങ്കിലും രാമന്‍ യാത്ര തുടങ്ങിയത് കപ്പലിലോ ബോട്ടിലോ അല്ല എന്നാണ് ഓര്‍മ്മ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

yes.Tat is correct

ഏ.ആര്‍. നജീം said...

വായിച്ചു. നല്ല ആശയം..
അഭിനന്ദനങ്ങള്‍

അപ്പു ആദ്യാക്ഷരി said...

ആശയ സമ്പുഷ്ടമാണ് ഈ കവിത. നന്നായിട്ടുണ്ട്.

Mr. K# said...

"എന്‍ സൂതന്‍ അയോധ്യാപതി"

സൂതന്‍ തേരാളിയാണേ, സുതന്‍ പുത്രനും. തിരുത്തിക്കോളൂട്ടാ :-)

സുഗതരാജ് പലേരി said...

കവിത നന്നായിട്ടുണ്ട്. :)
ഈണത്തിന്‌ എന്തേ പ്രാധാന്യം കൊടുക്കാത്തൂ?