Saturday, October 13, 2007

സ്വപ്നഭൂമി


ഇതെന്റെ സ്വപ്നഭൂമിയാണ്‌.കാലം എനിക്ക്‌ സമ്മാനിച്ചതെല്ലാം ഇവിടെ നിന്നാണ്‌.എന്റെ സ്വപ്നങ്ങളുടെ പിറവിയും,ഹൃദയത്തിന്റെ സ്പന്ദനവുമിവിടെയാണ്‌,അങ്ങനെയെല്ലാം...

ആകാശത്തിലെ പറവകള്‍ക്ക്‌ കിനാക്കളുണ്ടെന്നും,മഴത്തുള്ളികള്‍ക്ക്‌ കൊഞ്ചലുണ്ടെന്നും,അരുണിമ പടര്‍ന്ന മൂവന്തിക്ക്‌ പായ്യാരം പറയാനുണ്ടെന്നും ഞാനറിഞ്ഞത്‌ ഇവിടെ നിന്നാണ്‌.അതിനുമപ്പുറം ഈ സ്വപ്നഭൂമിയിലെ കളിവാക്കു ചൊല്ലുന്ന തെന്നലിനും,കാണാമറയത്തെ നിലാവിനും എന്റെ ബാല്യകാലമറിയാം;പിന്നെ ആത്മാവിലാദ്യം കിളിര്‍ത്ത പ്രണയവും.ഇന്നത്തെ മഴക്ക്‌ ഒരു സംഗീതമുണ്ട്‌,കേട്ടിട്ടില്ലാത്ത ശ്രുതിയും.

മഴയുടെ സംഗീതത്തെപ്പറ്റി എന്നോടു പറഞ്ഞത്‌ ആരാണ്‌?

മൂടല്‍മഞ്ഞ്‌ ഓര്‍മകളെ അകറ്റാന്‍ ശ്രമിക്കുമ്പോഴും അവ കൂടുതല്‍ ഹരിതമാവുകയാണ്‌.മനസ്സൊരു പ്രയാണം നടത്തുമ്പോള്‍ നഷ്ടപ്പെട്ടു പോയ ദിനങ്ങള്‍ പറയുന്നതെന്താണ്‌...

സ്മൃതികള്‍ക്കു മുമ്പില്‍ എല്ലാം വ്യക്തമാകുന്നുണ്ട്‌.സ്വയമുരുകുന്ന സംഗീത സായഹ്നത്തില്‍ കല്‍വിളക്കുകള്‍ പൊന്‍പ്രഭ ചൊരിയുമ്പോള്‍ അങ്ങകലെ ഒരു നക്ഷത്രം മന്ദസ്മിതം പൊഴിക്കുന്നുണ്ട്‌,എല്ലാമറിഞ്ഞപോലെ.ഇന്നലെ രാത്രിയില്‍ വിരിഞ്ഞ നിശാഗന്ധിക്കിന്ന്‌ വിരഹത്തിന്റെ മുഖമാണ്‌.തിങ്കളെല്ലാം ചൊല്ലിയപ്പോള്‍ ഉഷസ്സവളെ മറക്കുകയാണോ...ഒരാലിന്‍ ചുവടും,അമ്പലമുറ്റവും,അമ്പലക്കുളവും എല്ലാം ഓര്‍മ്മകള്‍ക്ക്‌ മാറ്റുകൂട്ടുമ്പോള്‍ സ്വപ്നഭൂമിയിലെ ബാല്യം ഇന്നൊരു മരീചികയാണ്‌.ഇനിയൊരിക്കല്‍ക്കൂടി,മറഞ്ഞകന്ന നിമിഷങ്ങള്‍ക്കു വേണ്ടി കൊതിക്കുന്നതു വ്യമോഹമാണെന്നറിയാം.ഏങ്കിലും എന്റെ നിശ്വാസം പോലുമിന്ന്‌ ഇവിടെയാണ്‌...ഇടയിലെപ്പോഴോ ആരോടും യാത്ര പറയാതെ,ഒരു സ്നേഹം മറന്നുവെച്ചുകൊണ്ട്‌ എന്റെ ബാല്യകാലത്തോടൊപ്പം ഞാനും യാത്രയായപ്പോള്‍ സ്വപ്നഭൂമിയെ മനപ്പൂര്‍വം നഷ്ടപ്പെടുത്തുകയായിരുന്നോ?അതോ,എല്ലാം വിധിവൈകൃതമോ?നിമിഷങ്ങളും യാമങ്ങളും കൊഴിഞ്ഞു വീണപ്പോള്‍,ഇടക്കൊക്കെ എനിക്കു കാണാന്‍ കഴിഞ്ഞിരുന്ന സ്വപ്നഭൂമിക്ക്‌ മനസ്സിലെന്നും നഷ്ടസ്വപ്നത്തിന്റെ പ്രതിഛായ ഉണ്ടായിരുന്നു.വീണുകിട്ടിയ ദിനങ്ങളില്‍ വീണ്ടുമൊരു വേര്‍പാട്‌ അനിവാര്യമാണെന്നറിഞ്ഞിട്ടും എന്റെ സ്വപ്നഭൂമിക്കെന്നോട്‌ വാത്സല്യമായിരുന്നു.അതോ പ്രണയമോ?ചാറ്റല്‍മഴക്കിന്നെന്തേ ശാഠ്യം?നരച്ചുകലങ്ങിയ ആകാശത്തിനും പ്രതിഷേധമാണ്‌.

മഴയുടെ ശ്രുതികള്‍ക്കേതു രാഗമാണ്‌?

പാതിവഴിയില്‍ മറന്നുവെച്ച സ്നേഹം വീണ്ടുമൊരു സമാഗമത്തിന്‌ കൊതിച്ചപ്പോള്‍ തിങ്കളെന്നോടു പറഞ്ഞിരുന്നു,

"മഞ്ഞുതുള്ളിക്കറിയില്ല നറുപുഷ്പത്തിന്റെ സ്നേഹം"

എന്നിട്ടും ഞാനെന്റെ സ്വപ്നങ്ങളെ ലാളിച്ചത്‌ തെറ്റായിരുന്നോ...

നിരാകരിക്കാനാവാത്ത സ്നേഹങ്ങളെ മനപ്പൂര്‍വ്വം അകറ്റിയപ്പൊഴും മനസ്സിലെ പ്രണയം പറവകളാവാന്‍ കൊതിച്ചിരുന്നു...ഈ സ്നേഹം എനിക്കെന്റെ സ്വപ്നഭൂമി നല്‍കിയതാണ്‌,മറ്റൊരു സ്നേഹസമ്മാനമായ്‌...പറയാന്‍ മറന്നൊരു സ്നേഹം പുസ്തകത്താളിലൊളിപ്പിച്ചുവെച്ചൊരു മയില്‍പ്പീലിയായത്‌ തിങ്കളിന്റെ ജല്‍പനം കേട്ടിട്ടായിരുന്നോ...ബാല്യത്തിലെ ഇഷ്ടം പിന്നീടെന്നോ സ്നേഹമായ്‌ മാറിയപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക്‌ ഏഴുനിറമായിരുന്നു.പറയാന്‍ നിനച്ചപ്പോഴൊക്കെ മനം മൗനമയ്‌ ചൊല്ലി-

"ഉയരങ്ങളിലാണെന്റെ നക്ഷത്രം

എത്തിപ്പിടിക്കാമെന്നത്‌ വ്യാമോഹം മാത്രം".

സ്വപ്നങ്ങള്‍ ചിറകറ്റുവീഴുമെന്ന്‌ തോന്നിയപ്പോള്‍ അകതാരിലെ സ്നേഹം നിഴലായ്‌ മാറാനൊരുങ്ങിയിരുന്നോ?പറയാന്‍ മറന്നൊരു കഥപോലെ,പാതിയെഴുതിയ കവിതപോലെ വഴിത്താരയിലെവിടെയോ എന്റെ സ്നേഹം നഷ്ടമാവുന്നു എന്നറിഞ്ഞപ്പോള്‍ അറിയാതെ ഞാനുമെന്റെ ഹൃദയത്തിനൊപ്പം കരയുകയായിരുന്നു.ഉഷസ്സിന്റെ പ്രണയസാഫല്യത്തിനു അറിയാപൊരുളുകളുടെ ചുരുളഴിയണമെന്ന സത്യത്തിനുമുന്‍പില്‍ മനസ്സ്‌ മരവിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ എന്റെ സ്നേഹം ഹൃദയത്തോടു കൂടുതലടുക്കുകയായിരുന്നു;അകലാനാവാത്തവിധം...ഇരുട്ടിന്റെ നിശ്ശബ്ദതക്കിന്ന്‌ നിഗൂഡതയില്ല.കുഞ്ഞലകളെ നോക്കിച്ചിരിക്കുന്ന നിലാവിനെന്തേ ഇന്നു തിരിച്ചറിവിന്റെ മുഖം?അറിയാതെന്നോ പറയാന്‍ മറന്ന സ്നേഹം ആളറിഞ്ഞപ്പോള്‍ അരുതാത്തതെന്തോ പറഞ്ഞുപോയ വിഹ്വലതയായിരുന്നു.പിന്നീടൊരിക്കല്‍...നിനയാത്ത നേരത്ത്‌ തിങ്കളിന്റെ നേര്‍ത്ത സ്വരം,

"നറുപുഷ്പത്തെ മഞ്ഞുതുള്ളിയും സ്നേഹിച്ചിരുന്നു"

കാത്തിരിപ്പിനൊടുവില്‍ ഒന്നും വ്യര്‍ത്ഥമല്ലെന്നറിഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്കിനിയും ഒരുപാടു ദൂരമുണ്ടെന്നറിഞ്ഞിട്ടും,ഇനിയുമൊത്തിരി ഋതുക്കള്‍ക്ക്‌ സ്തുതിചൊല്ലണമെന്നറിഞ്ഞിട്ടും തിരിച്ചു കിട്ടിയ സ്നേഹത്തില്‍ എന്റെ സ്വപ്നങ്ങള്‍ സായൂജ്യമാവുകയായിരുന്നു.

എല്ലാത്തിനും സാക്ഷിയായ എന്റെ ശിവേട്ടനും പുഞ്ചിരിക്കുന്നുണ്ട്‌,സ്വതസിദ്‌ധമായ ഗൗരവത്തോടെ...ഇന്നത്തെ മഴയ്ക്ക്‌ ശ്രീരാഗമാണ്‌.ഈ മഴയില്‍ എല്ലാം വാചാലമാണ്‌.പറയാന്‍ മറന്ന കഥകള്‍ക്കും പാതിയെഴുതിയ കവിതയ്ക്കും ഇനിയുമൊരുപാട്‌ ചൊല്ലാനുണ്ട്‌.ആലിന്‍ ചുവട്ടിലെ കുളിര്‍ക്കാറ്റും അമ്പലമുറ്റത്തെ കല്‍ത്തറകളും ഇനിയുമെന്തിനൊക്കെയോ കാതോര്‍ക്കുകയാണ്‌...ഇതെന്റെ സ്വപ്നഭൂമിയാണ്‌.കാലം ഇനിയെനിക്ക്‌ സമ്മാനിക്കുന്നതെല്ലാം ഇവിടെ നിന്നാണ്‌.അറിയാതെ മറന്നുവെച്ച സ്നേഹത്തെ സാക്ഷിയാക്കി മനപ്പൂര്‍വ്വം ഞാനെന്റെ ഹൃദയം ഇവിടെ മറന്നുവെയ്ക്കുകയാണ്‌...

5 comments:

Anonymous said...
This comment has been removed by a blog administrator.
സാല്‍ജോҐsaljo said...

ഗുഡ് മാന്‍!

അപ്പു said...

ഇതു കവിതയോ, വലിയൊരു ക്യാന്‍‌വാസില്‍ വരച്ച ചിത്രമോ !! ഏതായാലും നന്നായിട്ടുണ്ട്.

Friendz4ever // സജി.!! said...

അരേവ്വാ....
ഞാന്‍ ശെരിക്കും എന്റെ ബാല്യത്തിലേക്ക് പോയി മാഷെ..
നഷ്ടപ്പെട്ടുപ്പൊയ ബാല്യവും കൌമാരവും ഇനിയൊരിക്കലും നമ്മുടെ ജീവിതത്തിലെക്കു കടന്നുവരില്ലല്ലൊ...?
പക്ഷെ... കഴിയുന്നില്ലാ...
എങ്കിലും ഓര്‍മകളുടെ സ്വര്‍ണ്ണത്തേരിലേറിഞാന്‍ പോയി...
ആ അമ്പല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പടവില്‍ കാലുതെറ്റി വീണതും എന്തിനാ അധികം കുസൃതികളുടെ പൂക്കാലംനിറഞ്ഞ എന്റെ ബാല്യം..എന്തിനു ഏതിനും കൌതുകം തുളുമ്പുന്ന ബാല്യം എനിക്കായ് സമ്മാനിച്ച ദൈവത്തിനു സ്തുതി.
ഒരുപാട് നിറമുള്ള ഓര്‍മകളിലേക്ക് എന്നെ കൊണ്ടു പോയി..
ഇന്നത്തെ മഴയ്ക്ക്‌ ശ്രീരാഗമാണ്‌.ഈ മഴയില്‍ എല്ലാം വാചാലമാണ്‌.പറയാന്‍ മറന്ന കഥകള്‍ക്കും പാതിയെഴുതിയ കവിതയ്ക്കും ഇനിയുമൊരുപാട്‌ ചൊല്ലാനുണ്ട്
ആ മഴയത്ത് ഒരു മഴത്തുള്ളിയായ് ഞാന്‍ നയിസ്..

chenganur_vs_kochukrishnan said...

സ്വപ്ന ഭൂമി എന്നോ മനസ്സില്‍ കുടിയേറിയ , ഹൃദയത്തില്‍
തണുത്ത സ്പര്‍ശങ്ങള്‍ ഉണര്‍ത്തുന്ന ദിവാസ്വപ്നമാണിന്നെല്ലാവര്‍ക്കും. കവിത തന്നെ!!!!!

((((ഇ-മെയില്‍ മനസ്സിലായില്ല))))