Monday, November 5, 2007

രാമകൃഷ്ണാ

aഒരു നനുത്ത മഞ്ഞുകാലത്താണ്‌ അവനെന്റെയടുത്തു വന്നത്‌.കുറുകിക്കുറുകി അവനെന്റെ കൈകളില്‍ കൊഞ്ചിക്കുഴഞ്ഞു.പേരെന്തെന്നറിയില്ലെങ്കിലും ഞാനവനെ "രാമകൃഷ്ണാ "എന്നു വിളിച്ചു.

അവനുവേണ്ടി ഞാനെന്റെ ദിനചര്യകള്‍ മാറ്റി.എന്നോടുമാത്രമായിരുന്നു അവന്റെ സ്നേഹം മുഴുവനും.എന്റെ പാദപതനം കേള്‍ക്കുമ്പോഴേക്കും അവനോടിയെത്തും.പിന്നെ മടിയിലൊരു കൊച്ചുകുട്ടിയെപ്പോലെ കിടക്കും.പഠിത്തം കഴിഞ്ഞു വരുമ്പോള്‍ പൂമുഖത്തിണ്ണയില്‍ എന്നേയും കാത്തിരിക്കും.കുറച്ചൊന്നു വൈകിയാല്‍ മുഖം തിരിച്ചിരിക്കും.


പുഴയില്‍ നീന്തിത്തുടിക്കുമ്പോള്‍ വലിയൊരാളെപ്പോലെ ശകാരിക്കും.അമ്പലത്തിലെന്നോടൊപ്പം പ്രദക്ഷിണം വെയ്ക്കും, നിശ്ശബ്ദമായി.ചന്ദനം നെറ്റിയില്‍ തൊടുവിക്കുമ്പോള്‍ ഭക്തിയോടെ കണ്ണടക്കും.പിന്നെ വീടെത്തുന്നതുവരെ ശല്ല്യം ചെയ്യും, നെയ്പായസത്തിനുവേണ്ടി.എന്റെ ഉള്ളംകൈയ്യില്‍ ചൂടോടെ വിളമ്പുന്ന പായസം കഴിക്കാനാണവനിഷ്ടം.


അതിരുകടക്കുന്ന വാത്സല്യത്തെ വീട്ടിലെല്ലാവരും വഴക്കു പറയാറുണ്ടായിരുന്നു.അവന്റെ ഓരോ വിളിയുടെയും അര്‍ത്ഥമെനിക്കറിയാമായിരുന്നു.വാഴയിലയില്‍ തൈരൊഴിച്ചുവെച്ച ചോറുണ്ണുമ്പോള്‍ അവനെന്നെ ശപിച്ചില്ല.എനിക്കുവേണ്ടിയവന്‍ സസ്യാഹാരിയായി.വിശേഷദിനങ്ങളിലെല്ലാം അവനുവേണ്ടി ഞാന്‍ മധുരമേറെയൊരുക്കി.

പാതിരാത്രിയില്‍ ജനലിലൂടള്ളിപ്പിടിച്ചു കയറുമ്പോള്‍ ഞെട്ടിയുണരുന്ന എന്നോട്‌ വാതില്‍ തുറക്കാനപേക്ഷിക്കും.തുറന്നുകൊടുത്ത വാതിലിലൂടെ അകത്തേക്കു കയറി ക്ഷമാപണം പോലെന്നെ മുട്ടിയുരുമ്മും.പിന്നെയാരും കാണാതെ എന്റെ കാല്‍ചുവട്ടില്‍ കിടക്കും.
ഉറക്കമുണര്‍ന്നുവരുന്ന എന്നെ വാതിലിനു പിറകില്‍ നിന്നും മുന്നോട്ടു ചാടിക്കൊണ്ട്‌ പേടിപ്പിക്കും.അതിനവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഞാന്‍ തന്നെയാണത്‌ പഠിപ്പിച്ചത്‌.


രാവിലെ എന്റൊപ്പമിരുന്ന്‌ ചായ കുടിക്കുമ്പോള്‍ അവന്റെ ശ്രദ്ധ മുഴുവനും മുറ്റത്തു കളിക്കുന്ന അണ്ണാറക്കണ്ണനിലായിരിക്കും.ഉച്ചയൂണിനുശേഷം അവനെന്നും മയങ്ങാറുണ്ട്‌.അതിനിടയില്‍ ശല്ല്യം ചെയ്തതിന്‌ എന്നെ എത്ര വേദനിപ്പിച്ചിട്ടുണ്ടെന്നോ.തൊടിയിലെ ഔഷധച്ചെടികളിലൊന്നു ചവച്ചരക്കുമ്പോഴെ അറിയാം അവനു വയറു വേദനിക്കുന്നുണ്ടെന്ന്‌.

ഉയരങ്ങളിലേക്ക്‌ പടര്‍ന്നുപോയ മുല്ലവള്ളിയിലെ പൂമൊട്ടു പറിക്കാന്‍ മരത്തില്‍ പൊത്തിപ്പിടിച്ചു കയറുമ്പോള്‍ എന്നേക്കാളും മുന്‍പേ അവനോടിക്കയറും.പിന്നെ, മുകളിലെ കൊമ്പിലിരുന്ന്‌ കളിയാക്കും.മയങ്ങുന്ന പശുക്കുട്ടിയുടെ മൃദുലമായ വയറില്‍ സ്വര്‍ഗത്തിലെന്നപോലവന്‍ തല ചായ്ക്കാറുണ്ട്‌, കൂട്ടുകാരാണെന്ന അഹങ്കാരത്തോടെ.


ഉരുളുന്ന പന്തിനു പിറകേ ഞാനും അവനും മത്സരിച്ചൊടാറുണ്ട്‌.ഉണക്കാനിട്ടിരിക്കൂന്ന തുണികളോരോന്നും വലിച്ചു താഴെ ഇടുമ്പോഴെല്ലാം അവനു വേണ്ടി ഞാന്‍ വഴക്കു കേള്‍ക്കാറുണ്ട്‌.ഓണക്കാലത്തു മുറ്റത്തെ പൂക്കളം നോക്കിയവനിരിക്കും.എന്നിട്ട്‌ ഓരോ പൂവും മണത്തു നോക്കും.പിന്നെ, മണ്ണൂകൊണ്ടുണ്ടാക്കിയ മാവേലിയെ മറിച്ചിടാന്‍ ശ്രമിക്കും.

കണികാണാന്‍ പുലര്‍ച്ചെയെത്തും. എന്റെയടുത്തിരുന്ന്‌ കണിക്കൊന്നയെ തല ചെരിച്ചൊന്നു നോക്കും.കണ്ണാടിയിലേക്കു തുറിച്ചു നോക്കും.രണ്ടു കയ്യും ചേര്‍ത്തുവെച്ച്‌ ഞാനവനെ കൈനീട്ടം വാങ്ങിപ്പിക്കും.പക്ഷെ പടക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും അവന്‍ തട്ടിന്‍പുറത്തെത്തിയിരിക്കും.
വെറ്റിലമുറുക്കിയ ചുവന്ന നാവു നീട്ടി പേടിപ്പിക്കുമ്പോള്‍ അവനെന്നോട്‌ ദേഷ്യപ്പെടാറുണ്ട്‌.


പിന്നെപ്പിന്നെ അവന്റെ കളികള്‍ കുറഞ്ഞു.അധികമൊന്നും മിണ്ടാതായി.പിന്നാലെ നടന്നു കുറെ കരഞ്ഞു പറഞ്ഞപ്പോള്‍ അമ്മയവനെ പരിശോധിച്ചു.എന്നോടു അടുത്തു പോകരുതെന്നും പറഞ്ഞു.അതിനുശേഷം മൂന്നു ദിവസം അവനെ ഞാന്‍ കണ്ടില്ല.നാലാംനാള്‍ അവനെന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു, മുഖത്ത്‌ വല്ലാത്തൊരു സന്തോഷത്തോടെ.കുറച്ചുകഴിഞ്ഞപ്പോള്‍ അവനെന്നെ അകത്തേമുറിയിലേക്ക്‌ കൊണ്ടുപോയി.


അവിടത്തെ കാഴ്ച്ച കണ്ട്‌ എന്റെ കണ്ണുകള്‍ വിടര്‍ന്നു.പഞ്ഞിക്കെട്ട്‌ പോലെ രണ്ടു കുട്ടികള്‍!


അവന്‍ അവളായിരുന്നു എന്ന്‌ അപ്പോഴാണ്‌ ഞാനറിഞ്ഞത്‌.എന്നിട്ടും "രാമകൃഷ്ണാ "എന്ന വിളി ഞാന്‍ മാറ്റിയില്ല.


എന്നെയൊഴികെ ആരേയും അവളങ്ങോട്ട്‌ കടത്തി വിട്ടില്ല.പക്ഷെ, കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ആ കുട്ടികളെയൊക്കെ അവള്‍ ഏഴില്ലം കടത്തിയിരുന്നു.ഒരുപാടു വഴക്കുപറഞ്ഞിട്ടും ഒന്നും മിണ്ടാതവള്‍ തല കുമ്പിട്ടിരുന്നു.


ഒരു വൈകുന്നേരം നിനച്ചിരിക്കാതെ അവളെന്റെ മടിയില്‍ കയറിയിരുന്നു.പിന്നെ കുറെ നേരം കിടന്നു.ഒന്നും മിണ്ടാതെ,കൊഞ്ചാതെ, കുറുകാതെ, വെറുതെ അലസമായ്‌...എന്റെ തലോടലില്‍ അവളൊരുപാടുനേരം മയങ്ങി...


പിറ്റേന്നു എന്നോടൊത്ത്‌ ചായ കുടിക്കാനും അമ്പലത്തില്‍ പോകാനും,ഇലയില്‍ ചോറുണ്ണാനും,ഓടിക്കളിക്കാനും, രാത്രിയിലുണര്‍ത്താനും അവള്‍ വന്നില്ല.അന്നൊരുദിവസം അവളെ കാണാതെ ഞാനൊരുപാടു വിഷമിച്ചു.നെരം വെളുത്തപ്പോള്‍ ആദ്യമന്വേഷിച്ചത്‌ അവളെയാണ്‌.


"രാമകൃഷ്ണാ" എന്ന എന്റെ വിളിക്കു മറുപടിയായി ഒരു ദയനീയമായ ഞരക്കം കേട്ടു.ശബ്ദം കേട്ട ദിക്കിലേക്കു ഞാനോടിയെത്തി.അവിടെ, ഓടക്കുഴല്‍ വിളിക്കുന്ന കൃഷ്ണരൂപത്തിനു താഴെ അവള്‍ കിടക്കുന്നു.


എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ വളരെ വിഷമത്തോടെ തല ഉയര്‍ത്തിക്കൊണ്ട്‌ അവളെന്നെ നോക്കിക്കരഞ്ഞു.അതിന്റെ അര്‍ത്ഥം മാത്രം എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.


പിന്നെയവള്‍ എന്റെ മടിയിലേക്കു ചാഞ്ഞു."രാമകൃഷ്ണാ" എന്നെത്രവിളിച്ചിട്ടും അവള്‍ വിളി കേട്ടില്ല.നിര്‍ജ്ജീവമായ അവളുടെ പട്ടുപോലുള്ള ശരീരത്തില്‍ പിന്നേയും കുറെ നേരം ഞാന്‍ തലോടിക്കൊണ്ടിരുന്നു.അന്നൊരുപാട്‌ കരഞ്ഞു...


അവളെന്റെ പൂച്ചക്കുറിഞ്ഞിയായിരുന്നു!!!






ഇതുപോലൊരു മഞ്ഞുകാലത്താണ്‌ അവളെന്നെ വിട്ടുപിരിഞ്ഞത്‌.ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...ഇന്നും ഇടക്കൊക്കെ ഞാന്‍ "രാമകൃഷ്ണാ" എന്നു വിളിക്കാറുണ്ട്‌.ഒരുപക്ഷേ മറ്റൊരു ജന്മമായ്‌ അവളീ ഭൂമിയില്‍ ജനിച്ചിട്ടുണ്ടെങ്കിലോ, എന്റെ വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നുണ്ടെങ്കിലോ ...


എന്നെങ്കിലും എന്നെത്തേടി വരുമെന്ന പ്രതീക്ഷയില്‍, വെറുതെയാണെന്നറിഞ്ഞിട്ടും അവള്‍ക്കുവേണ്ടി ഞാന്‍ കരുതിവെച്ചിട്ടുണ്ട്‌ സ്നേഹത്തില്‍ കുതിര്‍ന്ന രണ്ടിറ്റു കണ്ണീര്‍...

36 comments:

G.MANU said...

ഇതുപോലൊരു മഞ്ഞുകാലത്താണ്‌ അവളെന്നെ വിട്ടുപിരിഞ്ഞത്‌.ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...ഇന്നും ഇടക്കൊക്കെ ഞാന്‍ "രാമകൃഷ്ണാ" എന്നു വിളിക്കാറുണ്ട്‌.ഒരുപക്ഷേ മറ്റൊരു ജന്മമായ്‌ അവളീ ഭൂമിയില്‍ ജനിച്ചിട്ടുണ്ടെങ്കിലോ, എന്റെ വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നുണ്ടെങ്കിലോ ...

suspece, emotion, samaasam...
:)

ശെഫി said...

പ്രിന്റെടുത്തിട്ടുണ്ട്‌ വായിച്ചിട്ട്‌ വന്ന് അഭിപ്രായം പറയാം

അച്ചു said...

ഇതു പോലെ ഒരു "സുല്‍ത്താന്‍" എനിക്കുണ്ടായിരുന്നു...

ഒരു സെയിം പിഞ്ച്‌.... :-)

സഹയാത്രികന്‍ said...

“എന്നെങ്കിലും എന്നെത്തേടി വരുമെന്ന പ്രതീക്ഷയില്‍, വെറുതെയാണെന്നറിഞ്ഞിട്ടും അവള്‍ക്കുവേണ്ടി ഞാന്‍ കരുതിവെച്ചിട്ടുണ്ട്‌ സ്നേഹത്തില്‍ കുതിര്‍ന്ന രണ്ടിറ്റു കണ്ണീര്‍...“


നന്നായി... മനോഹരമായി... മനസ്സില്‍ത്തട്ടി പറഞ്ഞിരിക്കുന്നപോലെ...

:)

ശെഫി said...

ആഖ്യാനത്തിലുടനീളം വൈകാരികമായ ഒരു mood നിലനിര്‍ത്താനായിട്ടുണ്ട്‌...ഒഴുക്ക്‌ മുറിയാതെ വായിക്കാനാവുന്നുമുണ്ട്‌...

ലളിതമെങ്കിലും സുന്ദര്‍മായ ഭാഷയും വാക്കുകളും

നന്നായിരിക്കുന്നു പ്രിയാ..

പോസ്റ്റാക്കുന്നതിനുമുന്‍പ്‌ 3-4 ആവര്‍ത്തി വായിച്ചാല്‍ ആവര്‍ത്തനം കുറച്ച്‌ ഒന്ന് കുറുക്കിയെടുക്കാം


കടലില്‍ കടുകല്ല കടുകില്‍ കടലാണു വേണ്ടതെന്ന് കുഞ്ഞുണ്ണി മാഷ്‌ പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ......

ഹരിശ്രീ said...

"രാമകൃഷ്ണാ" എന്ന എന്റെ വിളിക്കു മറുപടിയായി ഒരു ദയനീയമായ ഞരക്കം കേട്ടു.ശബ്ദം കേട്ട ദിക്കിലേക്കു ഞാനോടിയെത്തി.അവിടെ, ഓടക്കുഴല്‍ വിളിക്കുന്ന കൃഷ്ണരൂപത്തിനു താഴെ അവള്‍ കിടക്കുന്നു.

വളര്‍ത്തുമൃഗങ്ങളുടെ പ്രത്യേകിച്ചും ഇഷ്ടപ്പെട്ടവയുടെ അപ്രതീക്ഷിതമായ വേര്‍പാട് പലപ്പോഴും നമുക്ക് ദുഃഖം സമ്മാനിക്കും. സമാനമായ സാഹചര്യങ്ങള്‍ എനിക്കും നേരിട്ടിട്ടുണ്ട്....

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സമ്മതിച്ചിരിക്കുന്നു... ഒരു പൂച്ചക്കുഞ്ഞിനോടുള്ള സ്നേഹം ഇത്ര ഹൃദ്യമായി മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചതിന്. ഒര്‍ല്പം അസൂയയും.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സമ്മതിച്ചിരിക്കുന്നു... ഒരു പൂച്ചക്കുഞ്ഞിനോടുള്ള സ്നേഹം ഇത്ര ഹൃദ്യമായി മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചതിന്. ഒര്‍ല്പം അസൂയയും.

ഉപാസന || Upasana said...

:))
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ രാമകൃഷ്ണനെ സ്നേഹിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി

Murali K Menon said...

രാമകൃഷ്ണിക്ക് ആദരാഞ്ജലികള്‍....ഒപ്പം രാമകൃഷ്ണിയുടെ കൂട്ടുകാരിക്ക് അനുശോചനങ്ങള്‍ അറിയിക്കുന്നു.

നന്നായി എഴുത്ത്

ഗിരീഷ്‌ എ എസ്‌ said...

ചിലപ്പോഴെല്ലാം
മനുഷ്യരെക്കാള്‍ ഉപകാരികളാവാറുണ്ട്‌...മൃഗങ്ങള്‍

പൂച്ചക്കുട്ടിക്ക്‌
വില കൂടിയ മീന്‍
വാങ്ങിപോകാറുണ്ടായിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്‌. പിന്നീടൊരിക്കല്‍ അത്‌ അവളെ വേര്‍പിരിഞ്ഞപ്പോള്‍
മൂന്നു ദിവസം ക്ലാസില്‍ വരാതെ ഇരുന്നു...
പിന്നീട്‌ പുതിയ ഒന്നിനെ സ്വന്തമാക്കും വരെ ആ ദുഖം അവള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു...

ഒരുപാട്‌ ഓര്‍മ്മകള്‍ സമ്മാനിച്ചു ഈ പോസ്റ്റ്‌...
അഭിനന്ദനങ്ങള്‍...

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി എഴുത്ത്.

അപ്പു ആദ്യാക്ഷരി said...

പ്രിയേ.. വളര്‍ത്തുപൂ‍ച്ചയോടുള്ള സ്നേഹവും, അതിനു തിരിച്ചുള്ള സ്നേഹവും നന്നായി എഴുതിയിരിക്കുന്നു. ഒഴുക്കുള്ള എഴുത്തുതന്നെ. അഭിനന്ദനങ്ങള്‍!!

അലി said...

വളരെ മനോഹരമായിരിക്കുന്നു.
ലളിതമായ വാക്കുകളിലൂടെ സുന്ദരമായി
മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍...

മയൂര said...

ഒഴുക്കുള്ള എഴുത്ത്...

Sethunath UN said...

ഹൃദയസ്പ‌ര്‍ശ്ശിയായിത്തോന്നി പ്രിയ ഉണ്ണികൃഷ്ണ‌ന്‍.

ശ്രീ said...

പ്രിയാ...
വളരെ നന്നായിരിക്കുന്നു. ഇതു വായിച്ചപ്പോള്‍‌ എനിക്കും വല്ലാത്ത വിഷമം. കാരണം, എനിക്കുമുണ്ടായിരുന്നു, ഇതു പോലൊരു പുച്ചക്കുട്ടി. അത് അവനായിരുന്നു എന്നതു മാത്രം വ്യത്യാസം. അവസാനം 2 വര്‍‌ഷം മുന്‍‌പ് ഇതേ പോലെ തന്നെ അവനും ഈ ലോകത്തോട് വിട പറഞ്ഞു. ആ ഓര്‍‌മ്മകളെല്ലാം തിരികെ കൊണ്ടു വന്നു, ഈ പോസ്റ്റ്.

Sherlock said...

പ്രിയേച്ചി, രസായിരിക്കുന്നു... അല്ലാ..എന്തായിരുന്നു..പെട്ടെന്നങ്ങനെ :(

Rajeeve Chelanat said...

വായിച്ചു.

കവിതയേക്കാള്‍ പ്രിയക്കിണങ്ങുക ഗദ്യമാണെന്നുതോന്നുന്നു.

അതെന്തായാലും, ടെക്സാസിലിരുന്നും മഴയെക്കുറിച്ചും, പൂച്ചയെക്കുറിച്ചുമൊക്കെ മലയാളത്തില്‍ എഴുതാന്‍ കഴിയുന്നുണ്ടല്ലോ.

ആ സഹ്ര്‌ദയത്വത്തിനെങ്കിലും ഒരു ആശംസ നേരാതെ പോവുക വയ്യ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രാകകൃഷ്ണനെ തൊട്ടുതലോടിയ എല്ലാവര്‍ക്കും നന്ദി...

ജിഹേഷ്‌ : കവിതയില്‍ നിന്നൊന്നു മാറ്റിച്ചവിട്ടി നോക്കിയതാ.
ചേച്ചിയല്ലാ, am so younger than you :)

രാജീവ്‌, റ്റെക്സാസില്‍ ആണെങ്കിലും ഞാനൊരു പാലക്കാട്ടുകാരിയാണെ :)

GLPS VAKAYAD said...

മൂന്നു പ്രാവശ്യം എന്റെ കിണറ്റിലെ വെള്ളം വറ്റിച്ചതും,ഒരു കുറുങ്ങിപ്പൂച്ചയ്ക്കു വേണ്ടിയായിരുന്നു.ഇനി ഒരിക്കലും അതു എന്റെ കിണറ്റില്‍ ചാടില്ല.മൂന്നാം തവണ എന്റെ കോപത്തെ അതിജീവിക്കാന്‍ അതിനു കഴിഞ്ഞില്ല.അതാണ് പ്രിയാ നമ്മള്‍ തമ്മിലുള്ള വ്യത്യാസം.വിമര്‍ശനം സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇനിയും വായിക്കണം.

ഏ.ആര്‍. നജീം said...

എഴുത്തിനെ കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല. കാരണം എന്റെ മനസ് രാമകൃഷ്ണനോടും അവളെ സ്‌നേഹിച്ച ആ സ്കൂള്‍ കുട്ടിയോടും ഒപ്പമാണ്.
ഹൃദ്യമായിരിക്കുന്നുട്ടോ..മനസില്‍ തട്ടി, ശരിക്കും...

ഗീത said...

പ്രിയയുടെ രാമകൃഷ്ണനെപ്പോലൊരു പൂച്ച ഞങ്ങള്‍ക്കുമുണ്ടായിരുന്നു..പേര് കറുമ്പി. അവള്‍ 10 വര്‍ഷം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരു പത്തറുപത്‌ കുഞ്ഞുങ്ങളെയെങ്കിലും പെറ്റിറ്റുണ്ടാവും. അവള്‍ നല്ല ആരോഗ്യവതിയായിരുന്നു. ആകെ ഒരുതവണയോ മറ്റോ അവള്‍ക്കു എന്തോ ശീലക്കേട് വന്നു. അവളും, പ്രിയയുടെ രാമകൃഷ്ണനെപ്പോലെ, മരിക്കുന്നതിന് തലേന്ന്‌ ഞങ്ങളുടെയൊക്കെ മടികളില്‍ മാറി മാറി കയറിയിരുന്നു. സാധാരണ അവള്‍ അങ്ങനെയൊന്നും ചെയ്യുന്നതല്ല, നമ്മള്‍ പിടിച്ചിരുത്തിയാല്‍ ഇരിക്കും എന്നല്ലാതെ. കറുമ്പിയ്ക്കിന്നിത്ര സ്നേഹമെന്തെന്ന്‌ ഞങ്ങള്‍ അല്‍ഭുതപ്പെടുകയും ചെയ്തു.
ഞങ്ങളോടൊപ്പമുള്ള അവസാനത്തെ രാത്രിയാണതെന്ന്‌ അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കും...
പിറ്റേന്ന് രാവിലെ അവള്‍ അടുക്കള മുറ്റത്ത് മരിച്ചുകിടക്കുന്നതാണ്‍് ഞങ്ങള്‍ കണ്ടത്...
ഇപ്പോഴും ഓര്‍ത്താല്‍ സങ്കടം വരും. പ്രിയയുടെ രാമകൃഷ്ണനെ കുറിച്ചു വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി...
പൂച്ചകളെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരിയെ കിട്ടിയതില്‍ സന്തോഷിക്കുന്നു.

പ്രയാസി said...

പ്രിയാ..
പൂച്ചപുരാണം കലക്കി..
എനിക്കുമുണ്ടായിരുന്നു ഒരു പൂച്ചക്കുട്ടി..
പഞ്ഞിക്കെട്ടുപോലിരുന്ന അവന്‍ വളര്‍ന്നു വല്യ ആളായപ്പോള്‍ ഏതൊ ചീത്ത കൂട്ടു കെട്ടിലൊക്കെ പെട്ടു! അവസാനം എന്റെ കൈയ്യീന്നു വെള്ളം കുടിച്ചാ പോയതു..:(

ഓ:ടോ: ചേച്ചീന്നാ..മ്വാനെ ജിഹേഷെ എന്തു പറ്റീ..!? പ്രിയ അമേരിക്കയിലായതു കൊള്ളാടെ..
നമ്മുടെ ബൂലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കൂടപ്പിറപ്പാടെ പ്രിയ..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രയാസിച്ചേട്ടന്‌ കാര്യം മനസ്സിലായി. എന്റെ രാമകൃഷ്ണനെ തൊട്ടുതലോടിയ എല്ലാവര്‍ക്കും നന്ദി

മന്‍സുര്‍ said...

പ്രിയ

ഒരു സ്നേഹത്തിന്‍റെ ആഖ്യാനം
പുലരിയുടെ പൊന്‍പ്രഭപോലെ
എത്ര മായ്‌ച്ചിട്ടും മായാത്തോര്‍മ്മകളായ്‌
മുജന്മപുണ്യം പോലെ മനസ്സില്‍ കയറികൂടുന്ന
ഇഷ്ടം..സ്നേഹം..പ്രണയം
എത്രയൊക്കെ മറന്നാലും ഓര്‍മ്മകളുടെ മണിച്ചെപ്പുകളില്‍ ഒരു മിന്നായ്‌ തിളങ്ങുന്നൊരാ
ജീവഗന്ധിയുടെ സ്നേഹമലരുകള്‍ പൂത്തുലയുന്നു വീണ്ടും....മഴയായ്‌..കാറ്റായ്‌..മഞ്ഞായ്‌...
നാളെയുടെ പ്രതീക്ഷകള്‍ പൊലിയുന്നുവെങ്കിലും
ഇന്നുമുണരുന്നൊരാ ഓര്‍മ്മകള്‍
നിന്‍റെ പ്രതീക്ഷകള്‍ക്ക്‌ ഉത്തരം നല്‍കുന്നു
മരിക്കാത്ത നിഴലുകളുടെ സ്നേഹമായ്‌

നല്ല എഴുത്ത്‌...നല്ല വിവരണം

നന്‍മകള്‍ നേരുന്നു

മലബാറി said...

ഒത്തിരി എഴുതുന്നില്ല......
പക്ഷെ കഥ മനസിലെത്തിയിരിക്കുന്നു....
മനസിലെവിടെയോ ഒരു....
അത് കഥയുടെ ശക്തി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Thanks for all...

സുജനിക said...

രമകൃഷ്ണന്‍..പേര് നന്നു....എന്റെ മകനു ഒരു പശുക്കുട്ടി ഉണ്ടായിരുന്നു...ശങ്കരനാരായണന്‍...നല്ല രചന....നന്നയി

pts said...

എവിടേയും വൈകി എത്തുന്ന ആളാണ്
ഞാന്‍ ...ഇവിടെയും അതെ..കഥ ഇപ്പോള്‍ വായിച്ചതെയുള്ളു.വളരെ ലളിതം..സസ്പെന്‍ സ് ശരിക്കും രസിച്ചു

മഴത്തുള്ളി said...

ഇതൊരു പട്ടിയാണെന്നാദ്യമോര്‍ത്തു. പിന്നീടാണ് മനസ്സിലായത് പൂച്ചയാണ് താരമെന്ന്. പാവം പൂച്ചയുടെ കഷ്ടകാലം.

Unknown said...

Rasakaram, Thanks
visit www.emagazineindia.com

Unknown said...

Rasakaram,Thanks
Visit www.emagazineindia.com

Mr. K# said...

മനോഹരമായ വിവരണം.

ഉപ ബുദ്ധന്‍ said...

ഒരു ചൂടുള്ള ഉഷ്ണക്കാലത്താണ് അവനെന്റെയടുത്തു വന്നത്‌.കുറുകിക്കുറുകി അവനെന്റെ ദേഹത്തില്‍ കിടന്നു.പേരെന്തെന്നറിയില്ലെങ്കിലും ഞാനവനെ "സുരേഷ് "എന്നു വിളിച്ചു.

ഈ കഥ എന്റെ വീട്ടില്‍ നിന്ന് മോഷണം പോയ കഥയാണ്.കൂറച്ച് മാറ്റം വരുത്തി അല്ലേ?