Saturday, November 17, 2007

തിരുവാതിര


ശിവപാര്‍വതിതന്‍ മംഗല്ല്യ നാളല്ലോ
ധനുമാസത്തിലെ തിരുവാതിര

പുനര്‍ജ്ജനിച്ചൂ സതീദേവി ഹിമ-
വാന്റെ പുത്രിയാം പാര്‍വ്വതിയായി
താരകാസുര നിഗ്രഹം ചെയ്യാന്‍
ശിവപാര്‍വതിതന്‍ പുത്രന്‍ ജനിക്കേണം
കാമദേവനെ കൂട്ടായ്‌ നിര്‍ത്തീ
കൈലാസനാഥനെ വേള്‍ക്കാന്‍ ദേവി
തപസ്സുമുടക്കാന്‍ പൂക്കളാലമ്പെയ്തു
ലീലകളാടി ദേവന്റെ മുമ്പില്‍
കോപിഷ്ഠനായതും തൃക്കണ്ണൂ തുറന്നതും
ഭസ്മമായ്‌ തീര്‍ന്നുവാ കാമദേവന്‍
ഭര്‍തൃവിയോഗത്തില്‍ ജലപാനം വെടിഞ്ഞു
നോയമ്പെടുത്തു രതീദേവി

ആ സ്നേഹത്യാഗം ഓര്‍മ്മിക്കാനല്ലോ
ധനുമാസത്തിലെ തിരുവാതിര

പാലാഴിമഥനം നല്‍കിയ കാളകൂടം
പീയം ചെയ്തൂ ലോകനന്മക്കായ്‌ ദേവന്‍
ഇരുകയ്യാല്‍ കണ്‍ഠത്തില്‍ തടഞ്ഞൂ ഗൗരീ
പ്രാര്‍ത്ഥിച്ചൂ രാവോളം നിദ്രാവിഹീനയായ്‌
ധ്യാനിച്ചു മനസ്സില്‍ മഹാദേവനെ
ഭൂലോകനാഥന്‍ നീലകണ്‍ഠനായി
ഹിമപുത്രിക്കു കിട്ടി ചിരകാലമംഗല്ല്യം

ആ നെടുമംഗല്ല്യം ഓര്‍മ്മിക്കാനല്ലോ
ധനുമാസത്തിലെ തിരുവാതിര

തുടിച്ചുകുളിക്കാം ദശപുഷ്പം ചൂടാം
അഷ്ടമംഗല്ല്യത്തെ മിഴിപൂട്ടി നമിക്കാം
ലാസ്യഭാവത്തില്‍ തിരുവാതിര കളിക്കാം
പാടിപ്പുകഴ്ത്താം നന്മകളൊക്കെയും
എട്ടുചുവടിന്നിരട്ടിയെട്ടുവെച്ച്‌
പതിനാറുചുവടില്‍ കൈകൊട്ടിക്കളിക്കാം






മുറുക്കിച്ചുവപ്പിക്കാം കുരവയുമിടാം
ഇളനീര്‍തീര്‍ത്ഥം അമൃതായ്‌ സേവിക്കാം
ആത്മത്യാഗം മനസ്സില്‍ നിറയ്ക്കാം
ആത്മബന്ധങ്ങളെ ഹൃദയത്തില്‍ ചേര്‍ക്കാം


ശിവപാര്‍വതിതന്‍ മംഗല്ല്യ നാളല്ലോ
ധനുമാസത്തിലെ തിരുവാതിര


Image: www.astroved.com and upload.wikimedia.org

36 comments:

മന്‍സുര്‍ said...

പ്രിയാ...

തിരുവാതിര.....മനോഹരമായിരിക്കുന്നു
തുളസി തറയും....നല്‌കെട്ടും...ചന്ദനസാരിയുടുത്ത്‌..ചന്ദനകുറിയും ചാര്‍ത്തി...മുല്ലപ്പൂക്കള്‍ ചൂടി തിരുവാതിര പാട്ടും പാടി
മുറ്റത്ത്‌ തിരുവാതിര കളിക്കുന്ന കാഴ്ചകള്‍ ഇന്നോര്‍മ്മകളില്‍ മാത്രം.
ഓര്‍മ്മകളിലേക്കുള്ള ഈ മടക്കയാത്രയില്‍ ഈ വരികളില്‍
ഉണരുന്നു വീണ്ടുമൊരു തിരുവാതിര......അഭിനന്ദനങ്ങള്‍
ഏറെ ഇഷ്ടമായ വരികള്‍..

തുടിച്ചുകുളിക്കാം ദശപുഷ്പം ചൂടാം
അഷ്ടമംഗല്ല്യത്തെ മിഴിപൂട്ടി നമിക്കാം
ലാസ്യഭാവത്തില്‍ തിരുവാതിര കളിക്കാം
പാടിപ്പുകഴ്ത്താം നന്മകളൊക്കെയും
എട്ടുചുവടിന്നിരട്ടിയെട്ടുവെച്ച്‌
പതിനാറുചുവടില്‍ കൈകൊട്ടിക്കളിക്കാം

പ്രിയ ഒരിക്കല്‍ കൂടി വരികളിലൂടെ കൈയടി നേടിയിരിക്കുന്നു..ഒപ്പം വരികള്‍ക്ക്‌ ചിത്രങ്ങള്‍ മിഴിവേക്കുന്നു...

നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

മലയാളത്തിന്റെ വശ്യതയായ തിരുവാതിരയെ കുറിച്ചുള്ള ഈ വരികള്‍ ഒരുപാടിഷ്ടമായി...
വാക്കുകള്‍ക്കിടയിലൂടെ
താളം തെറ്റാതെ കഥ പറഞ്ഞുപോകുന്നതിനും പ്രിയ വിജയിപ്പിച്ചു....

ഈ തിരുവാതിരയെ ബൂലോഗം ആസ്വാദ്യകരമായി സ്വീകരിക്കെട്ടെയെന്ന്‌ ആശംസിക്കുന്നു..

അഭിനന്ദനങ്ങള്‍....

ശെഫി said...

സമയോചിതം
വളരെ നന്നായി എന്ന് പറയാനാവില്ല മുന്പെഴുതിയവയുമായി കമ്പയര്‍ ചെയ്യുമ്പോള്‍

കവിതയുടെ താളം രസമായിട്ടുണ്ട്

കണ്ണൂരാന്‍ - KANNURAN said...

തിരുവാതിരയെക്കുറിച്ചു നാട്ടിനു പുറത്തുള്ളവര്‍ ചിന്തിക്കുന്നു, നാട്ടിലുള്ളവരോ... അപ്പൊ ഇതിനാണ് തിരുവാതിര.. നമ്മുടെ നാട്ടില്‍ പൂരക്കളി എന്നൊരു കലാരൂപമുണ്ട്.. അതും കാ‍മദേവനുമായി ബന്ധപ്പെട്ടതാണ്.. അതെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്.

ദിലീപ് വിശ്വനാഥ് said...

തിരുവാതിരയുടെ ഐതീഹ്യം നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ ഈ ഓര്‍മ്മപ്പെടുത്തല് അസ്സലായി. വളരെ നല്ല വരികള്‍.

സഹയാത്രികന്‍ said...

പ്രിയ പെങ്ങളേ....

കൊള്ളാം... തിരുവാതിരയെ മനോഹരമാക്കി അവതരിപ്പിച്ചു.... നന്നായി.

തിരുവാതിരന്നു കേട്ടാല്‍ ആദ്യം ‘പരിണയം ‘ എന്ന ചിത്രത്തീലെ മനോഹര ഗാനം മനസ്സിലോടിയെത്തും.
“ പാര്‍വണേന്ദു മുഖി പാര്‍വ്വതി ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു...
നിദ്രനീങ്ങിയല്ലും പകലും മഹേശ രൂപം ശൈലപുത്രിയ്ക്കുള്ളില്‍ തെളിഞ്ഞു...”

Unknown said...

തിരുവാതിരപ്പുഴുക്കുണ്ടാവ്‌വോ ആവോ! :)

simy nazareth said...

കവിത നന്നായി.

ദ്വിതീയാക്ഷര പ്രാസം ഒപ്പിക്കാന്‍ പറ്റുമോ? കുറേക്കൂടി ഭംഗിവരും.

അലി said...

ശിവപാര്‍വതിതന്‍ മംഗല്ല്യ നാളല്ലോ
ധനുമാസത്തിലെ തിരുവാതിര

ഓര്‍മ്മപ്പെടുത്തിയതിനു നന്ദി...

നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒരു വിയോജിപ്പ്. ഒരു പഴയ കഥയെടുത്ത് കവിതയെഴുതുമ്പോള്‍ എന്തെങ്കിലും പുനര്‍ സൃഷ്ടിക്കുവാന്‍ കഴിയണം. പുതിയാതായ യാതൊന്നും ഈ വരികള്‍ നല്‍കുന്നില്ലാ എന്നതിതിന്റെ പോരായ്മ തന്നെ. ഇനി വരുന്ന സൃഷ്ടികളില്‍ ഇതു ശ്രദ്ധിക്കുമെന്ന് കരുതട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തിരുവാതിരയുടെ ലാസ്യഭാവത്തിന്‌ ഭാവുകങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി

മോഹന്‍, പുതിയതായി എന്തെങ്കിലും സൃഷ്ടിക്കാന്‍ വേണ്ടിയല്ല, മറിച്ച്‌ തിരുവാതിരയുടെ മാഹാത്മ്യം ഒന്നു പാടിപ്പുകഴ്ത്തി. അത്രമാത്രം.

അല്ലെങ്കില്‍, ഈ കഥകളില്‍ എന്താണ്‌ പുനര്‍സൃഷ്ടിക്കാനുള്ളത്‌?

ഏ.ആര്‍. നജീം said...

ശിവപാര്‍വതിതന്‍ മംഗല്ല്യ നാളല്ലോ
ധനുമാസത്തിലെ തിരുവാതിര

ഇതോര്‍മ്മപ്പെടുത്തിയ വരികള്‍ ഹൃദ്യമായി

Sethunath UN said...

Kavitha Nannaayi. Good Work!

മയൂര said...

തിരുവാതിരയെ കുറിച്ചുള്ള വരികള്‍ ഒരുപാടിഷ്ടമായി...

സുജനിക said...

നൂറ്റെട്ട് വെറ്റിലയും തിരുവാതിര നോമ്പും കേമായി..ദീര്‍ഘസുമംഗലീ ഭവ:

അപ്പു ആദ്യാക്ഷരി said...

ധനുമാസത്തിലെ തിരുവാതിരയെപ്പറ്റി നന്നായി പറഞ്ഞ ഈ കവിത ഇഷ്ടമായി.

Unknown said...

കൊള്ളാം പ്രിയാ.ഗൃഹാതുരത്വമുള്ള വരികള്‍..

ഹരിശ്രീ said...

പ്രിയാ,

തിരുവാതിരയെപ്പറ്റി നന്നായി വര്‍ ണ്ണിച്ച് എഴുതിയിരിയ്കൂന്നു. ഭക്തിയും, പുരാണകഥയും, സമന്വയിപ്പിച്ചുള്ള ഭക്തിതുളുമ്പുന്നവരികള്‍....
ആശംസകള്‍

Anonymous said...

പ്രിയാ,
ഹൃദയം ലയിപ്പിക്കുന്ന കവിത.ദ്രൌപദിയുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു.

Anonymous said...

തിരുവാതിരയില്‍ മനസ്സ് അലിഞ്ഞുചേര്‍ന്നു.നന്ദി പ്രിയ.

Anonymous said...

ആസ്വദിച്ചു,വളരെ വളരെ.നന്നായി വായിപ്പിക്കുന്ന,ആസ്വദിപ്പിക്കുന്ന വരികള്‍.

Anonymous said...

മോഹന്‍ പുത്തന്‍‌ചിറയോട് വിയോജിപ്പുണ്ട്.പ്രിയ നല്‍കിയ മറുപടി തന്നെയാണ് ശരി.

sajeesh kuruvath said...

സ്വസ്ഥതയുള്ള മനസ്സിന്റെ സൃഷ്ടി

Sherlock said...

പ്രിയേച്ചി, നല്ലവരികള്‍....കണ്ണൂരാന്‍ പറഞ്ഞ പോലെ ഇതിനെ കുറിച്ച് നാട്ടിലാരെങ്കിലും ചിന്തിക്കുന്നുണ്ടാവുമോ?

ശ്രീഹരി::Sreehari said...

അസ്സലായി.. :)

പ്രയാസി said...

അപ്പീ...ചെല്ലാ...ഇതാണല്ലെ കൈകൊട്ടിക്കളിയുടെ ഐതിഹ്യം..! സത്യമായിട്ടും അറിയില്ലായിരുന്ന്..അപ്പ യെന്തിരൊക്ക ഒണ്ട്..അമേരിക്കേല് വിശേഷങ്ങള്..
തണുപ്പുകളൊക്കെ തൊടങ്ങിയാ..?
യിവിടെ അടുത്ത മാസം മുതല് ഞങ്ങളും തിരുവാതിര തുടങ്ങും തണുത്തിട്ട്..കവിതകള് കലക്കി കേട്ടാ..
യെന്തിരായാലും ഈ “അണ്ണ“ന്റെ (സങ്കടോം ഉണ്ട്..!) അഭിനന്ദനങ്ങള്‍..;)

മുരളീധരന്‍ വി പി said...

ടെക്സാസിലിരുന്നും ഇതൊക്കെ ഓര്‍ത്തു വെക്കുന്നെന്നറിയുന്നതില്‍ സന്തോഷം. പക്ഷെ തിരുവാതിരയ്ക്ക് പണ്ടത്തെ പ്രാധാന്യം ഇന്നില്ലാതെ പോയോ എന്നൊരു സംശയം..

വാണി said...

നല്ല വരികള്‍ പ്രിയാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തിരുവാതിര കളിക്കാനൊത്തുകൂടിയ എല്ലവര്‍ക്കും നനദി.




തിരുവാതിരക്കു ദശപുഷ്പം ചൂടാനും തുടിച്ചുകുളിക്കാനും പോകാറുണ്ടായിരുന്ന ഒരു പലക്കാട്ടുകാരിയ ഞാന്‍.നൊയമ്പെടുത്തു പ്രാര്‍ത്ഥിക്കും.എവിടെയയാലും വിശ്വാസങ്ങള്‍ മാറാതെ നോക്കുന്നു
അമേരിക്കേലൊക്കെ തണുപ്പ്‌ തുടങ്ങീീീീീീ.സുഗമായി ജീവിക്കുന്നു
പ്രയാസിച്ചേട്ടാ, ദേ ജിഹേഷ്‌ പിന്നെം, അടികിട്ടാത്ത കുഴപ്പമാ.ഓന്നു കൊടുക്കൂ

ഹരിയണ്ണന്‍@Hariyannan said...

തിരുവാതിര കൊള്ളാം.....
അതിന്റെ ഐതിഹ്യം ശിവപാര്‍വതിമാരുടെ മംഗല്യം എന്നുള്ളതാണോ?
ഞാന്‍ കേട്ടിട്ടുള്ളത്...
പാര്‍വതി ശിവനെ വിവാഹേച്ഛയോടെ പരിചരിക്കുന്നതിനിടയില്‍ ശിവന്റെ മനസ്സില്‍ ‘കാമബാണം’ ഏല്‍ക്കുന്നു.എന്നാല്‍ തൃക്കണ്ണുതുറന്ന ശിവന്‍, കാമദേവനെ ഭസ്മീകരിക്കുന്നു!
ഇതുകണ്ട് ഭൂമിയിലെ സ്ത്രീകള്‍ സങ്കടം മൂത്ത് ആത്മാര്‍പ്പണം ചെയ്യുവാന്‍ തുടങ്ങി.ഒടുവില്‍ ശിവന്‍ കാ‍മദേവന് പുനര്‍ജന്മം കൊടുത്തു.അരൂപിയായി,അദൃശ്യമായ കാമബാണങ്ങളുടെ ആവനാഴിയുമായി കാമന്‍ പിന്നെയും ജീവിക്കുന്നു(നിലനില്‍ക്കുന്നു).
സംതുഷ്ടരായ സ്ത്രീകള്‍ ആ ‘തിരുവാതിര’യില്‍ ചവിട്ടിയ ആനന്ദനൃത്തത്തിന്റെ തുടര്‍ച്ചയാണ്...ഈ ആഘോഷമായി നിലനില്‍ക്കുന്നതെന്ന് വിശ്വാസം!”
ശിവന്റെ ജന്മനക്ഷത്രം കൂടിയാണല്ലോ ‘തിരുവാതിര’.

മഴത്തുള്ളി said...

കൊള്ളാം നന്നായിരിക്കുന്നു :)

പ്രയാസി said...

ഠപ്പേ..! ഹെന്റമ്മോ..!
പ്രിയാ.. ഇപ്പ സമാധാനമായാ..
ജിഹേഷിനൊന്നു കൊടുക്കാന്‍ പോയതാ..പണ്ടാരക്കാലനു എന്നെക്കാലും നല്ല തടിയും വെയ്റ്റും ഉണ്ടാരുന്നു..എനിക്കു കിട്ടിയ ശബ്ദമാ കേട്ടത്..സമാധാനമായല്ലാ...(ആത്മഗതം:പെങ്ങള്‍ക്കു വേണ്ടി ഇത്രയെങ്കിലും കിട്ടി)

Murali K Menon said...

കൊള്ളാം തിരുവാതിര ഇഷ്ടപ്പെട്ടു.

G.MANU said...

മുറുക്കിച്ചുവപ്പിക്കാം കുരവയുമിടാം
ഇളനീര്‍തീര്‍ത്ഥം അമൃതായ്‌ സേവിക്കാം
ആത്മത്യാഗം മനസ്സില്‍ നിറയ്ക്കാം
ആത്മബന്ധങ്ങളെ ഹൃദയത്തില്‍ ചേര്‍ക്കാം

ee post nannayi... thiruvathirayapatiyulla aitheehyam..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ശിവപാര്‍വതിതന്‍ മംഗല്ല്യ നാളല്ലോ
ധനുമാസത്തിലെ തിരുവാതിര? ആണോ?

Seema said...

thiruvaathiraye patty njan marannirunnu ormippichathinu nandi...