Monday, January 28, 2008

അഭിമന്യു


കുരുക്ഷേത്രയുദ്ധത്തിനൊരു ശക്തിയാകുവാനുത-
കുന്ന വക്രമതു നൃപബന്ധുത്വമാകേ സാധുവാം
വിരാടന്റെ പുത്രിയ്ക്കു വരനായ് ഭവിച്ചു ഇന്ദ്രകുമാര
നാമര്‍ജ്ജുനന്‍ വേട്ടൊരു മാധവസോദരിസുതന്‍
താതന്റെ ശിഷ്യനായസ്ത്രങ്ങളെയ്തു മാതുല വത്സനായ്
തന്ത്രങ്ങള്‍ നെയ്തു അമ്മതന്‍ ഗര്‍ഭത്തിലൂറിക്കിടന്നുകൊ-ണ്ടവഗാഹമൊക്കെയുമാര്‍ജ്ജിച്ചനേരം പാതിമുറിഞ്ഞൊരു
കഥയെ മറന്നൊരാ വില്ലാളി വീരനാം അഭിമന്യു!

അമിത്രങ്ങള്‍ സഹസ്രങ്ങളാടുന്ന രണഭൂമിയിലേയ്ക്കതിധീ-
രനായ് രഥമേറിയ സുഭദ്രാത്മജനായൊരുക്കീയൊരു
ഗോത്രമെങ്കിലുമതോര്‍ക്കാതെ കുരുവംശമതിനിപുണ-
മായ് പതിമൂന്നാംദിനത്തിലൊരു ചക്രവ്യൂഹം!
ദ്രോണശരങ്ങളില്‍ വിറച്ചൂ ധനുസ്സുകള്‍ മാധവമിത്രങ്ങ
ളേറെയകന്നു,മഹാദേവവരമൊന്നനുഗ്രമായതും
ജയദ്രദനയനങ്ങളതിസൂക്ഷ്മമായി അതിദ്രുതം നീങ്ങിയോ
രേകരഥത്തെ ജാലത്തിലാക്കി പാടവത്തോടെ

അവലോകനം ചെയ്തു ശത്രുപക്ഷത്തെ കൈകൂപ്പി
മന്ത്രിച്ചു ഗുരുവേ നമ: പ്രപിതാമഹനേ നമ:
കര്‍മ്മങ്ങളടരാടി ധര്‍മ്മങ്ങള്‍ വഴിമാറി സ്വജ്ജനമെ
ന്നതു വിസ്‌മൃതിയായി രണജയമെന്നതോ ലക്ഷ്യമായി
പതിനാറുതികഞ്ഞൊരാ അഭിമന്യുവിന്‍ മുന്‍പിലടിപതറി
പരിവൃത്തം തീര്‍ത്തൊരാ യോദ്ധാക്കളൊക്കെയും
സുയോധനതനയന്‍ ശിരസ്സറ്റുവീണു മുറിവേറ്റു സൂര്യപുത്രനും
പിന്നെയാ വൈരികളൊക്കെയും തത്ക്ഷണമെന്നപോല്‍

സംഗ്രാമനിയമങ്ങളിലധര്‍മ്മങ്ങളുണര്‍ന്നു ഷഡ്‌മഹാരധന്മാ-
രൊന്നിച്ചെതിര്‍ത്തൂ ശരവര്‍‌ഷം പെയ്തു ശരീരത്തിലാകെ
രുധിരപ്രവാഹത്തിലാഞ്ഞൊന്നുലഞ്ഞൊരാ കൊച്ചുധീര -
ന്നൊരു പക്ഷിയെപ്പോല്‍ പിടഞ്ഞൂ ധരിത്രിയില്‍
അനായുധനായൊരാ വീരന്റെ കണ്‍‌കളൊരുമാത്ര ചുറ്റിലും
തേടീയലഞ്ഞതും ബാണമതൊന്നു നെഞ്ചില്‍ തറച്ചൂ
തളര്‍ന്നൊരാ ശിരസ്സുയര്‍ത്തി വീക്ഷിക്കവേ ഒരു കൈ-ത്താങ്ങിനായണഞ്ഞില്ലയാരുമാ പാര്‍ഥന്റെ പുത്രനായ്

പതനം നിശ്ചയമെന്നോര്‍ത്തതും രഥചക്രമൊന്നുയര്‍ത്തീ
കൈകളിലൊരുണര്‍വിന്‍ ശക്തിയാലെന്നപോല്‍ ക്ഷണം
ശത്രുസംഹാരമെന്നുരുവിട്ടു ചിത്തം ധീരമായ് പൊരുതീയെ-ങ്കിലുമസ്ത്രവൃഷ്ടിയിലതിക്രൂരമായ് മൃത്യുവെത്തീയന്ത്യം
ഒരു ധീരന്നൊരുമരണമെങ്കിലതതിശ്രേഷ്ഠ്മായൊരാലേ-
പനമായ് പുരാണത്തിലൊരു കഥപോലെ അഭിമന്യു
മറക്കുന്ന പഴമകളൊരുനേരമെങ്കിലുമൊന്നോര്‍ക്കു-
ന്നുവോയിന്നിന്റെ പുത്രര്‍ വൃഥായെങ്കിലും?

Image: www.moviewalah.com








55 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുരാണത്തിലെ ചുണക്കുട്ടന്‍

Unknown said...

പ്രിയ, കവിത നന്നായിരിക്കുന്നു.

അഭിമന്യു ഒരു ചുണക്കുട്ടനാണെന്നു സമ്മതിക്കാതേ തരമില്ല, പക്ഷേ, ഒരല്‍പ്പം ബോധത്തിന്റെ കുറവുണ്ടായിരുന്നില്ലേ? കാര്യങ്ങള്‍ വ്യക്തമായറിയാതുള്ള ഒരെടുത്തുചാട്ടമായിരുന്നില്ലേ അഭിമന്യുവിന്റേത്‌?

Unknown said...

അനായുധനായൊരാ വീരന്റെ കണ്‍‌കളൊരുമാത്ര ചുറ്റിലും
തേടീയലഞ്ഞതും ബാണമതൊന്നു നെഞ്ചില്‍ തറച്ചൂ
തളര്‍ന്നൊരാ ശിരസ്സുയര്‍ത്തി വീക്ഷിക്കവേ ഒരു കൈ-ത്താങ്ങിനായണഞ്ഞില്ലയാരുമാ പാര്‍ഥന്റെ പുത്രനായ്
ഈ വരികള്‍ വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയി പ്രിയാ..നല്ല ഭാഷ,നല്ല ആഖ്യാന ശൈലി...
plz keep it up

അനാഗതശ്മശ്രു said...

അനായുധന്‍ എന്ന വാക്ക് ഉണ്ടോ എന്നു നോക്കണേ നിഘണ്ടുവില്‍ ?
എനിക്കു തീര്‍ ച്ചയില്ല..
കവിതയുടെ ഒഴുക്കു പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട് ..

Rejesh Keloth said...

ഇന്നത്തെ യുവത്വത്തിന്റെ, പൌരാണിക സാന്നിദ്ധ്യമാണ് അഭിമന്യു...
വരും വരായ്മകളെ പറ്റിചിന്തിക്കതെ ഇറങ്ങിപ്പുറപ്പെടും..
അര്‍ദ്ധവിജ്ഞാനം എല്ലാമായെന്ന ധാരണയോടെ..
-തിരുത്തലോടെ പിന്തുടരേണ്ട മാതൃക..
അഖ്യാന ശൈലിയിലും ഒരു ഭാഗവതം ടച്ച്..
നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

Unknown said...

പ്രിയ നന്നായിരിക്കുന്നു.

ശ്രീനാഥ്‌ | അഹം said...

ശരിയാണെന്നെനിക്കും തോനുന്നു.. അനായുധന്‍ എന്ന വാക്കുണ്ടൊ? നിരായുധന്‍ അല്ലേ ഉചിതം?

കഴിഞ്ഞ വിജയത്തിന്റെ പ്രോത്സാഹനങ്ങള്‍ ഇത്തവണ നിറഞ്ഞു കവിഞ്ഞ്‌ തുളുംബിയിരിക്കുന്നത്‌ മനസ്സിലാകുന്നു...

ഭാവുകങ്ങള്‍.

krish | കൃഷ് said...

കവിത നന്നായിട്ടുണ്ട്. കുരുക്ഷേത്രത്തിലെ യുദ്ധക്കളത്തിലേക്കെത്തിച്ചപോലെ.

(‘അനായുധനു‘പകരം ‘നിരായുധന്‍’ ചേരുമോ)

ശ്രീ said...

നല്ല ശക്തമായ കവിത, പ്രിയാ...

എന്നും പ്രിയങ്കരനായ അഭിമന്യു!

“ഒരു ധീരന്നൊരുമരണമെങ്കിലതതിശ്രേഷ്ഠ്മായൊരാലേ-
പനമായ് പുരാണത്തിലൊരു കഥപോലെ അഭിമന്യു
മറക്കുന്ന പഴമകളൊരുനേരമെങ്കിലുമൊന്നോര്‍ക്കു-
ന്നുവോയിന്നിന്റെ പുത്രര്‍ വൃഥായെങ്കിലും?”

:)

വേണു venu said...

അഭിമന്യുവിനെ കൂടുതല്‍‍ കൂടുതല്‍‍ അറിയുന്നു.
അനായുധനായൊരാ വീരന്റെ.നിരായുധനായൊരാ വീരന്‍റെ എന്ന് പ്രയോഗിക്കുന്നതില്‍‍ അഭംഗി ഉണ്ടോ.:)

ചന്ദ്രകാന്തം said...

പ്രിയേ,
ധീരതയും, ഊര്‍ജ്വസ്വലതയും കൈമുതലാക്കി പടയ്ക്കിറങ്ങിയ അഭിമന്യു..
എന്നും ഓര്‍മ്മിയ്ക്കപ്പെടേണ്ട കഥാപാത്രമാണ്‌.
അറിവിന്റെ പരിമിതി സ്വയമറിയാതെ, എന്നാല്‍ ശത്രുവിന്റെ അറിവിനെയും ശക്തിയെയും പറ്റി വ്യാകുലപ്പെടാതെ, തന്നാലാവുന്നതിന്റെ പരമാവധി ചെയ്ത്‌, ഒടുങ്ങിപ്പോയ ജന്മം.
പിന്‍‌തലമുറകള്‍ക്ക്‌, വീണ്ടുവിചാരത്തോടെ പെരുമാറാന്‍ വഴികാട്ടുന്ന നല്ലൊരുദാഹരണം.
നല്ല പ്രമേയം.
ആശംസകള്‍.

പ്രയാസി said...

എന്നെപ്പോലെ അല്ലെ..;)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാലും പ്രിയേ... കുരുക്ഷേത്രത്തിന്റെ കവിതയ്ക്ക് പറ്റിയ ഈ ചിത്രം എവിടെന്നു ഒപ്പിച്ചൂ.
അഭിമന്യുവിനെ കൂടുതല്‍‍ കൂടുതല്‍‍ അറിയുന്നു. നന്നായിരിക്കുന്നൂ ഭാവുകങ്ങള്‍...

ശ്രീവല്ലഭന്‍. said...

പ്രിയ,
ഇതെല്ലാം മറന്നു പോയതായിരുന്നു... ഇനി അമര്‍ചിത്രകഥ വരുത്തണം! എന്തായാലും നന്നായ്‌ എഴുതിയിരിക്കുന്നു.

അനാഗതശ്മശ്രു പറഞ്ഞതു പോലെ വായിക്കുമ്പോള്‍ ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്....

Appu Adyakshari said...

നല്ല കവിതാകഥന രീതിതന്നെ പ്രിയയുടെത്. സംശയമില്ല. പദപരിചയവും അപാരം! അഭിനന്ദനങ്ങള്‍!

ഹരിശ്രീ said...

പ്രിയാ,

നല്ല വരികള്‍....

മഹാഭാരതത്തില്‍ എന്റെ മനസ്സില്‍ അല്പം നൊമ്പരമുണ്ടാകുന്ന രണ്ടു വ്യക്തികളാണ് അഭിമന്യുവും, ഘടോല്‍ഘചനും...

മനോഹരം.....

ആശംസകള്‍

CHANTHU said...

യ്യോ.... എനിക്കീ കളത്തിന്നോന്നു പുറത്തു കടക്കേണ്ടിയിരുന്നു......
(നന്നായി, രസമായി വായിച്ചു.)

Sharu (Ansha Muneer) said...

നന്നായിരിക്കുന്നു പ്രിയാ.... അക്ഷരങ്ങള്‍ തീരെ ചെറുതായോ എന്നൊരു സംശയം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മനോഹരമായ വരികളില്‍
അവതരണം അസ്സലാക്കി !

Rafeeq said...

പ്രിയനെ കവിത നന്നായിട്ടുണ്ട്‌.. പുരാണത്തിലൂടെ ഒരു യാത്ര

ഉപാസന || Upasana said...

നൈസ് പ്രിയേച്ചി
:)
ഉപാസന

siva // ശിവ said...

നല്ല കവിത...

എം.എച്ച്.സഹീര്‍ said...

പ്രിയേ.. ഒന്നും വായിക്കാന്‍ പറ്റണില്ല. കറുപ്പും, ചെറിയ അക്ഷരങ്ങളും വല്ലാതെ ബുദ്ധിമുട്ടാണ'. വെറുതെ അഭിപ്രായം എഴുതുന്നില്ല...ക്ഷമിക്കൂ...

സാരംഗി said...

നന്നായിരിക്കുന്നു ..അനാഗതശ്മശ്രു പറഞ്ഞതുപോലെ അനായുധന്‍ എന്നതിനു പകരം നിരായുധന്‍ എന്നായിരുന്നെങ്കില്‍ ..

കാപ്പിലാന്‍ said...

പ്രിയേ ,ഞാന്‍ താമസിച്ചുപോയി കമന്റാന്‍
പിന്നേ ഒരു ചിത്ര കഥ വായിച്ച സുഖം

K.P.Sukumaran said...

കൊള്ളാം.

പപ്പൂസ് said...

അടിയനൊരു ശബ്ദതാരാവലിക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്... വരുത്തിക്കിട്ടീട്ട് പറയാം. ;)

വൊക്കാബുലറി ഗംഭീരമാണല്ലോ പ്രിയേ... കൊള്ളാം! :)

ദിലീപ് വിശ്വനാഥ് said...

പദപരിചയത്തെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. വളരെ സമ്പുഷ്ടം.
വളരെ നല്ല വരികള്‍. തീഷ്ണവും ശക്തവും.
ആശംസകള്‍!

ശ്രീലാല്‍ said...

പിന്നെ വായിക്കാം. ശ്രദ്ധിച്ച് വായിക്കണമെന്നുണ്ട്.

Sherlock said...

പത്താം ക്ലാസിലെ ഒരു പദ്യം വായിച്ച പ്രതീതി....

ഇതു വളരെ ഇഷ്ടമായി..:)

ശെഫി said...

മുന്‍പെഴുതിയ പദ്യങളുടെ അത്ര ഒഴുക്കും വായനാ സുഖവും കിട്ടുന്നില്ലല്ലോ പ്രിയാ...

ഗിരീഷ്‌ എ എസ്‌ said...

പ്രിയാ...
പദ്യത്തിന്റെ മനോഹാരിത ചില വരികളെ അര്‍ത്ഥവത്താക്കായിരിക്കുന്നു...

പക്ഷേ ഇവിടെ പുതിയതായി ഒന്നും കാണാന്‍ സാധിക്കുന്നില്ല..അഭിമന്യുവിന്റെ കഥ അതുപോലെ തന്നെ വരികള്‍ക്ക്‌ വഴിമാറ്റി വിട്ടിരിക്കുന്നു...
മഹാഭാരത്തിലെ അഭിമന്യുവിനെ കുറിച്ച്‌ പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ അല്‍പം ചിന്തിച്ച്‌ വ്യത്യസ്തമായ മറ്റൊരു രീതിയിലേക്ക്‌ വഴിമാറ്റി വിട്ടിരുന്നെങ്കില്‍ കവിത കൂടുതല്‍ നന്നാകുമായിരുന്നു..
മഹാഭാരതം പദ്യത്തില്‍ അഭിമന്യുഭാഗങ്ങള്‍ വായിച്ച പ്രതീതി മാത്രമാണ്‌ ഈ കവിത ഉളവാക്കിയത്‌...

എഴുതുമ്പോള്‍ അല്‍പം കൂടി ചിന്തിക്കാന്‍ സമയം ലഭിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു....

ആശംസകളോടെ....

ഏറനാടന്‍ said...

അതിഗഹനമാം ഇതിഹാസവിഷയം കാവ്യത്തിലല്ലേ ഇത്?
ഫ്രഷായിട്ട് നേരം വെളുക്കുമ്പം വായിക്കാനായ് ഞാന്‍ ഡസ്ക് ടോപ്പിലിടുന്നു.
ചിത്രം അതിമനോഹരം...

Murali K Menon said...

കവിത നന്നാവുമെന്നറിയാം പക്ഷെ സത്യം പറഞ്ഞാല്‍ തുടര്‍ന്ന വായന പെട്ടെന്നവസാനിപ്പിച്ചു. കണ്ണിന് ഒരുപാട് വേദന തരുന്ന ബാക്ഗ്രൌണ്ടും കളറും. വയസ്സായി വരുന്നു, ശ്രദ്ധിക്കാതെ പറ്റില്ലല്ലോ!

Mahesh Cheruthana/മഹി said...

പ്രിയേ,
ചുണക്കുട്ടന്‍ നന്നായിരിക്കുന്നു.
അര്‍ത്ഥവത്തായ വളരെ നല്ല വരികള്‍,
നല്ല ആഖ്യാന ശൈലി! അഭിനന്ദനങ്ങള്‍!

Gopan | ഗോപന്‍ said...

കവിത മനസ്സിലാക്കുവാന്‍
പലവട്ടം വായിക്കേണ്ടിവന്നു
എങ്കിലും വായിച്ചു കേട്ടോ..
നന്നായിരിക്കുന്നു..
പ്രിയയുടെ വരികളുടെ
സ്റ്റാന്‍ഡേര്‍ഡ്‌ കൂടിവരുന്നെന്നു പറയണം..

താരാപഥം said...

ലക്ഷ്യബോധത്തോടൊപ്പം ആത്മബോധവും വേണമെന്ന് പുനര്‍വിചാരം ചെയ്യാന്‍ ചുണക്കുട്ടികള്‍ക്ക്‌ ഒരുപദേശം തരുന്നുണ്ട്‌.
മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന രണ്ട്‌ കഥാപാത്രങ്ങള്‍, (1) കര്‍ണ്ണന്‍ - വ്യക്തിത്വം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നു. (2) അഭിമന്യു - ആത്മധൈര്യം (ചങ്കൂറ്റം) എന്താണെന്ന് നമുക്ക്‌ കാണിച്ചു തരുന്നു.
**********
അഭിമന്യുവിനെ കുറച്ചുകൂടി നന്നാക്കാമായിരുന്നു. ദ്രൗപതിയ്ക്ക്‌ കൊടുത്ത ശ്രദ്ധ ഇവിടെ കണ്ടില്ല എന്നു തോന്നി.
അമിത്രങ്ങള്‍ സഹസ്രങ്ങളാടുന്ന രണഭൂമിയിലേയ്ക്കതിധീ-
രനായ് രഥമേറിയ സുഭദ്രാത്മജനായൊരുക്കീ
യൊരുഗോത്രമെങ്കിലുമതോര്‍ക്കാതെ


ഈ വരി വായിക്കുമ്പോള്‍, രണഭൂമിയിലേക്കു വന്ന അഭിമന്യുവിനുവേണ്ടി "ചക്രവ്യൂഹം" ചമച്ചു എന്ന ധ്വനി വരുന്നുണ്ട്‌. അത്‌ ഞാന്‍ മനസ്സിലാക്കിയതിന്റെ കുഴപ്പമാവാനും വഴിയുണ്ട്‌.

എന്തായാലും ഇങ്ങിനെയുള്ള പുരാണങ്ങളിലെ പരിചയപ്പെടുത്തലുകള്‍ പുതിയ തലമുറയ്ക്ക്‌ ഒരു അനുഭവമാവട്ടെ.

മന്‍സുര്‍ said...

പ്രിയ...

മുകളിലേക്ക്‌ നോകൂ..........
എന്‍റെ പിറകിലായി....കണ്ടോ
കമാന്‍റ്റുകളുടെ ഘോഷയാത്ര

എന്തിനധികം വാക്കുകള്‍

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചന്ദൂട്ടന്‍:നന്ദി.അഭിമന്യുവിന്റേത് ഒരെടുത്തുചാട്ടമായിരുന്നില്ല.

ആഗ്നേയ,സതീര്‍ത്ഥ്യന്‍,ലിജു,ശ്രീ,കൃഷ്,
ശ്രീനാഥ്,വേണു,ചന്ദ്രകാന്തം,അപ്പു,
ചന്തു,ഹരിശ്രീ വഴിപോക്കന്‍,റഫീക്ക്,ഉപാസന,
ശിവകുമാര്‍,സാരംഗി,സജി,നമ്പൂതിരി: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ജിഹേഷ്,ഏറനാടന്‍,ഗോപന്‍,മഹി : വളരെ നന്ദി.

വാല്‍മീകി മാഷേ:ആശംസകള്‍‍ക്ക് വളരെ നന്ദി
പ്രയാസിച്ചേട്ടാ, എത്ര ചക്രവ്യൂഹത്തില്‍ കേറീട്ടുണ്ട്‌:)

ശ്രീവല്ലഭന്‍,ശെഫി: താളം കവിയ്ക്കു വിട്ടേക്കൂ.വ്യക്തമായ താളക്രമത്തില്‍ തന്നെയാണ് വരികളുടെ പോക്ക്.

അനാഗതശ്മശ്രു: തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.പക്ഷേ,അതൊന്നുകൂടി വിശകലനം ചെയ്യേണ്ടതുണ്ട്.അതുകൊണ്ട് തിരുത്താന്‍ കുറച്ചു സമയം വേണം.

കാപ്പിലാന്‍, വൈകിയെങ്കിലും വന്നല്ലോ.നന്ദി
ശ്രീലാല്‍, എത്തിനോക്കീട്ടു പോയി ല്ലേ.വേഗം വന്ന്‌ വായിക്കൂ

ഷാരൂ,അക്ഷരങ്ങള്‍ വലുതാക്കിയാല്‍ വരികള്‍ മുറിയും.ടെമ്പ്പ്ലേറ്റ് അങ്ങനാ.

സഹീര്‍,കുറച്ച് മാറ്റം വരുത്തിയിട്ടൂണ്ട്.

ദ്രൌപദി,അഭിപ്രായത്തിന് നന്ദി. പുരാണകഥാപാത്രങ്ങളെ വിമര്‍ശിച്ചേ കവിത എഴുതാവൂ എന്നില്ലല്ലോ.അഭിമന്യു എന്ന ചുണക്കുട്ടനെ ഒന്ന് ഒര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രം. അത് വിജയിച്ചു എന്ന് താങ്കള്‍ തന്നെ പറഞ്ഞിരിക്കുന്നു.നന്ദി.

താരാപഥം: വളരെ നന്ദി. ശത്രുക്കള്‍ നിറഞ്ഞാടുന്ന രണഭൂമിയിലേയ്ക്ക് ഒറ്റയ്ക്ക് പോകുന്ന അഭ്മന്യുവിന് വേണ്ടി തന്നെയാണ് ചക്രവ്യൂഹം ഒന്നുകൂടി ചടുലമായത്.ഒറ്റയ്ക്കുള്ള ആ ബാലന്റെ വരവ്‌ ആദ്യമേ വീക്ഷിച്ച കൌരവര്‍ അതിനിപുണമായി കുരുക്കൊരുക്കി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുരളി അമ്മാമ്മാ, കളറൊക്കെ മാറ്റീ ട്ടൊ.

മന്‍സൂറിക്കാ, പെരുത്ത് നന്ദി ട്ടൊ

ഡി .പ്രദീപ് കുമാർ said...

അയ്യോ.ദഹിക്കുന്നില്ല.
വരിഷ്ഠകവി വരിക്കോലില്‍ കേശവനുണ്ണിത്താന്‍ മരിച്ചിട്ടു രണ്ടു പതിറ്റാണ്ടായി.ആ നഷ്ട്ടം ഇപ്പോഴെങ്കിലും നികന്നല്ലോ.മലയാളം രക്ഷപെട്ടു.

Anonymous said...

Ssi kaduthu poyilleennoru samasayam..Ha, enthath?

yathasthithikan

ക്ലിന്‍ അച്ചായന്‍ said...

നല്ല കവിത......
എന്നാലും ഒരല്‍പം സിമ്പിള്‍ ആക്കമായിരുന്നു....
എന്നെ പോലുള്ള പാവങ്ങളും വായിക്കട്ടെ

G.MANU said...

ഈയിടെയായി പുരാണങ്ങളിലാണല്ലോ ശ്രദ്ധ...
കവിത നന്നായി

നിലാവര്‍ നിസ said...

പ്രിയേച്ചീ.. കവിത നന്നായിട്ടുണ്ട്.. ശ്വാസം വിടാതെ വായിച്ചു..

അപര്‍ണ്ണ said...

പ്രിയേച്ചി, രണ്ടു മൂന്ന് തവണ വായിക്കേണ്ടി വന്നു. vocabulary- അപാരം തന്നെ!

Mr. K# said...

"സുയോധനതനയന്‍ ശിരസ്സറ്റുവീണു"

അപ്പൊ സുയോധന തനയനായ ലക്ഷ്മണന്‍ ഗദ കൊണ്ടു തല്ലിയാണ് അഭിമന്യുവിനെക്കൊന്നതെന്ന് പാണന്മാര്‍ പാടി നടന്നത് വെറും നുണ. അല്ലേ കൃഷ്ണാ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബലിതവിചാരം അണ്ണന്‍സ്,അച്ചായന്‍,
പ്രദീപ്: ചുമ്മാ ഒന്നു കടുപ്പിച്ചു നോക്കീതാ,ഇനി ആവര്‍ത്തിക്കില്ല:)

മനുജി,അപര്‍ണ്ണ,നിലാവര്‍ നിസ: നന്ദി ട്ടാ

കുതിരവട്ടന്‍: ഇതെന്തരൊ പേരു്?

ദുര്യോധനന്റെ മകനെ കൊന്നതോടെ കൌരവരുടെ ദേഷ്യം ഇരട്ടിച്ചു.പിന്നീട് ഒന്നിച്ചെതിര്‍ത്തു അഭിമന്യുവിനെ.ഒടുവില്‍ ദുശ്ശാസനന്റെ പുത്രന്‍ അഭിമന്യുവിന്റെ ഉച്ചിയില്‍ ഗദ കൊണ്ട് പ്രഹരിച്ചു. അങ്ങനെയാന് എന്റെ അറിവു്.

ഏ.ആര്‍. നജീം said...

ഹൈസ്ക്കൂളിലെ ഏതോ ക്ലാസ്സില്‍ പത്മവ്യൂഹത്തിലപ്പെട്ട അഭിമന്യുവിനെ കുറിച്ച് എന്റെ ടീച്ചര്‍ തന്മയത്തതോടെ ക്ലാസ്സെടുക്കുമ്പോള്‍ വല്ലാത്തൊരാവേശത്തോടെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

മുകളില്‍ പലരും പറഞ്ഞതു പോലെ പക്വതയുടെയോ മുന്‍‌കാഴ്ചയുടേയോ കുറവോ എന്നതല്ല, മറിച്ച് താന്‍ ഒറ്റപ്പെട്ടു എന്നറിഞ്ഞിട്ടും ധീരമായ് പൊരുതിയ ആ കഥാപാത്രം ഞങ്ങളുടെ മനസ്സില്‍ ഒരു ഹീറോ പരിവേശമായിരുന്നു..

അതൊക്കെ വീണ്ടും ഓര്‍മ്മിക്കാന്‍ ഈ കവിത സഹായിച്ചു..

"അനായുധനായൊരാ വീരന്റെ കണ്‍‌കളൊരുമാത്ര ചുറ്റിലും
തേടീയലഞ്ഞതും ബാണമതൊന്നു നെഞ്ചില്‍ തറച്ചൂ
തളര്‍ന്നൊരാ ശിരസ്സുയര്‍ത്തി വീക്ഷിക്കവേ ഒരു കൈ-
ത്താങ്ങിനായണഞ്ഞില്ലയാരുമാ പാര്‍ഥന്റെ പുത്രനായ്"

ഇതൊരു പതനമായി കരുതുന്നില്ലെങ്കിലും മനസ്സില്‍ നോവുണര്‍ത്തി പ്രിയാ....

കവിതയില്‍ വളരെ വളരെ മുന്നോട്ട് പോയിരിക്കുന്നു ഈ കവിയത്രി എന്ന് സന്തോഷത്തോടെ പറഞ്ഞ് കൊള്ളട്ടെ...:)

ഭൂമിപുത്രി said...

പുരാണങ്ങളിലൂടെയുള്ള പ്രിയയുടെ യാത്ര ഇനിയുംതുടരുക

Sethunath UN said...

പ്രിയേ,
പ്രിയ നല്ല കവിത (അതും സാധാരണ വായന‌ക്കാരന് മനസ്സിലാകുന്നത്) എഴുതാന്‍ കഴിവുള്ള ആളാണ്. ഇത് എഴുതാന്‍ വേണ്ടി എഴുതിയപോലെ ആയിപ്പോയി എന്ന് തോന്നി. മൊത്തത്തില്‍ ന‌ന്നെങ്കിലും ഒഴുക്കില്ലെന്നൊക്കെ പറഞ്ഞതിന്റെ കാരണ‌ം അതായിരിയ്ക്കാം. പ്രിയയുടെ കവിതയ്ക്കുള്ള സ്റ്റാന്‍ഡേ‌ര്‍ഡ് ഇതിനില്ല. കാച്ചിക്കുറുക്കിപ്പതുക്കെക്കുറുക്കിക്കാച്ചിപ്പതുക്കെപ്പതുക്കെ എഴുതൂ.

"ജയദ്രതനയനങ്ങളതിസൂക്ഷ്മമായി"
"ജയന്ദ്രഥ" ആണ് കേട്ടോ.

അടുത്ത ഹൃദയത്തില്‍ തൊടുന്ന കവിത പോരട്ടെ.

ആശംസക‌ള്‍!

Eccentric said...

ശക്തമായ ഭാഷ. അല്പം താമസിച്ചു ഇവിടെ എത്താന്‍ :-(

സുജനിക said...

അഭി-ഏറ്റവും,മന്യു-ദുഖം..ദുഖത്തിന്റെ ഉയര്‍ന്ന അവസ്ഥ.പാതി പഠനം/നിര്‍ബന്ധം,വേറെവഴിയില്ലാത്തതുകൊണ്ട് യുദ്ധം,കുടുംബാഭിമാനം/16 വയസുവരെ ജീവിതം/ഗര്‍ഭിണിയായ ഭാര്യ.....അഭിമന്യു.പ്രിയാ നല്ല രചന.

ഘടോല്‍കചന്‍ said...

കവിത കൊള്ളാം.....
ഒരു സംശയം..
“All contents on this site are written by Priya Unnikrishnan and are protected by copyright law”. എന്നെഴുതിക്കണ്ടു , ഇത് കാര്യമായിട്ടാണൊ അതോ തമാശയാണൊ????

ജിതൻ said...

പാതിഅറിവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന അഭിമന്യു....
മരണത്തിന്റെ വ്യൂഹത്തിലേക്ക് സ്വയം നടന്ന അഭിമന്യു....അഭിമന്യുവിനറിയാമായിരുന്നു തിരിച്ചുവരാനുള്ള വഴി തനിക്കന്യമാകുമെന്ന്....
എന്നിട്ടും.......
കവിത നന്നായി ട്ട്വൊ പ്രിയ....നല്ല ഭാഷ...
ഓര്‍മ്മപ്പെടുത്തലിനു നന്ദി...
കുട്ടിക്കാലത്തെ ചിത്രകഥകളിലേക്ക് തിരിച്ചുപോയ പോലെ ഒരു തോന്നല്‍.....
മനസ്സില്‍ തട്ടുന്ന ഒരു ചിത്രവും....ആരാ അത് വരച്ചെ??? കേമായിട്ടുണ്ട് അതും...