Wednesday, November 21, 2007

ദ്രൌപതി


കിട്ടുന്നതെന്തുമഞ്ചായ് പകുത്തോണമെന്നോ-
രമ്മതന്‍ മൊഴിയിലൊതുങ്ങീയനന്തരമൊരു
ഷണ്ഡനാം പാണ്ഡുവിന്‍ പുത്രര്‍ക്കു പത്നിയായ്
ദ്രുപതന്റെ കന്നിപുത്രിയാം ദ്രൌപതി!


പാര്‍ത്ഥനെ ധ്യാനിച്ചു മനസ്സാലെയെങ്കിലു-
മൊരു ശയ്യ തീര്‍ത്തുവാ ധര്‍മ്മപുത്രനായ്
മുജ്ജന്മമതിലഞ്ചെന്നയക്കമൊരു ശാപമാകെ
നിത്യകന്യയായ് തീര്‍ന്നൊരാ ഇന്ദ്രസേന!


അഞ്ചുമക്കള്‍ക്കഞ്ചു പിതാവിനേ നല്‍കിയോ-
രഭിമാനദേവിയെ കാല്‍തൊട്ടു വന്ദിച്ചതും
കാമലീലകള്‍ക്കൊടുവിലവരെ സോദരരെ-
ന്നോതിയതുമപരാധമല്ലയോ പാഞ്ചാലീ!


ഒരു പൂവിന്നു ശാഠ്യം പിടിച്ചതിന്‍കൂടെയൊരു
കുരുവംശരക്തത്തിലാ കാര്‍കൂന്തലൊതുക്കിയതും
ചതുരംഗക്കളത്തിലടിപതറവേ രണ കാഹള-
ത്തിനാക്രോശിച്ചതും നീയോ നീലത്താമരഗന്ധി!


പഞ്ചപുത്രര്‍ക്കമ്മയായെങ്കിലുമതി-
ലേറെയായ് തകര്‍ന്നു നിന്‍ മാതൃത്വവും
പതികള്‍ക്കു പത്നികളേറെയുണ്ടാകവേ
ലജ്ജിച്ചു തലതാഴ്ത്തൂ യാജ്ഞസേനി!


അവര്‍ണ്ണനീയമതിലേറെ ബഹുകേമമധര
നയന ജ്വാലാവദനമെങ്കിലുമാ ധീരരാം
ബ്രാഹ്മണരറിഞ്ഞില്ല നിന്‍ വശ്യസൌന്ദര്യ
മതിലേറെയവരാശിച്ചതാള്‍ബലം കൃഷ്ണസഖി!


കുരുടന്റെ പുത്രന്‍ സുയോധനനെന്നും
അധ:കൃതനെന്നു കര്‍ണ്ണനേയും
പറഞ്ഞതിന്‍ പൊരുളഹങ്കാരമോ കൃഷ്ണേ?

യുദ്ധകാണ്ഡങ്ങള്‍ക്കു തിരികൊളുത്തീയതിലറ്റു-
വീണ കബന്ധങ്ങള്‍ക്കുമതിലേറെ രോദന
ങ്ങള്‍ക്കുമെന്തു വില നല്‍കും യാഗാഗ്നിപുത്രി?


വാഴ്ത്തപ്പെടും പുരാണങ്ങളനന്തമായാഴി
യോളമീവിശ്വത്തിനറിവേകുമ്പോള്‍
മഹാഭാരതമെന്നോരിതിഹാസത്തില്‍
‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?

60 comments:

G.MANU said...

മഹാഭാരതമെന്നോരിതിഹാസത്തില്‍
‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?

pavam droupathi.
(font is too small.hard to read)

സഹയാത്രികന്‍ said...

“അഞ്ചുമക്കള്‍ക്കഞ്ചു പിതാവിനേ നല്‍കിയോ-
രഭിമാനദേവിയെ കാല്‍തൊട്ടു വന്ദിച്ചതും
കാമലീലകള്‍ക്കൊടുവിലവരെ സോദരറെ-
ന്നോതിയതുമപരാധമല്ലയോ പാഞ്ചാലീ!“
ദ്രൌപതി നീയെന്തിന്‍ പ്രതീകം?


പെങ്ങളേ സംഭവം കൊള്ളാം ....
നന്നായിട്ടുണ്ട്... നല്ല വരികളും...
:)

അലി said...

പ്രിയ...
വളരെ നന്നായിരിക്കുന്നു.

മഹാഭാരതമെന്നോരിതിഹാസത്തില്‍
‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?

അഭിനന്ദനങ്ങള്‍

Murali K Menon said...

ദ്രൌപതിയാണ് കുരുക്ഷേത്രയുദ്ധത്തിന്റെ പ്രധാന കാരണം എന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. കനകം മൂലം കാമിനി മൂലം എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് സാരം. അങ്ങനെ പ്രിയ ദ്രൌപതിയെ ബ്ലോഗില്‍ കൊണ്ടു വന്ന് വസ്ത്രാക്ഷേപം ചെയ്തു അല്ലേ!

കവിത നന്നായി കെട്ടോ..

എല്ലാ വരികളും അവസാനിക്കുന്നത് പാഞ്ചാലിയോടുള്ള ചോദ്യത്തില്‍ തന്നെയാണല്ലോ, ദ്രൌപതി, ഇന്ദ്രസേന, പാഞ്ചാലി, നീലത്താമരഗന്ധി, യാജ്ഞസേനി, കൃഷ്ണസഖീ, യാഗാഗ്നിപുത്രി എന്നിങ്ങനെ സംബോധന ചെയ്യുന്നതിനിടയില്‍ ഒരു കാര്യം മാത്രം കൃഷ്ണനോട് ചോദിക്കുന്നത് ആയിപ്പോയി.
“കുരുടന്റെ പുത്രന്‍ സുയോധനനെന്നും
അധ:കൃതനെന്നു കര്‍ണ്ണനേയും
പറഞ്ഞതിന്‍ പൊരുളഹങ്കാരമോ കൃഷ്ണാ?“

അത് ‘കൃഷ്ണേ’ എന്നൊന്നാക്കിയിരുന്നെങ്കില്‍ ദ്രൌപതിയുടെ പേരാകുമായിരുന്നു. അപ്പോള്‍ എല്ലാ ചോദ്യവും ദ്രൌപദിയോടു തന്നെ ആകുമായിരുന്നു. ഇത് ശ്രദ്ധിക്കാഞ്ഞീട്ടോ അതോ ആ ചോദ്യം കൃഷ്ണനോട് മന:പൂര്‍വ്വം ചോദിച്ചതാണോ?

ക്രിസ്‌വിന്‍ said...

ഒരുകയ്യടി എന്റെ വക

ഹരിശ്രീ said...

ദ്രൌപതി നീയെന്തിന്‍ പ്രതീകം?
പ്രിയാ,

വരികള്‍ വളരെ നന്നായിരിയ്കുന്നു. ആശംസകളോടെ...

ഇട്ടിമാളു അഗ്നിമിത്ര said...

ഒരു മാറ്റത്തിന്റെ കാറ്റ് വീശുന്നല്ലോ ദ്രൌപദി യുടെ കവിതയില്‍ ... :)

ശ്രീഹരി::Sreehari said...

ഫോണ്ട് വലിപ്പം പോരാഞ്ഞത് കൊണ്ടാണോ ബോള്‍ഡ് ആക്കിയത്? ബോള്‍ഡ് ലെറ്റേഴ്സ് തലക്കെട്ടുകള്‍ക്ക് മാത്രം ഉപയോഗിക്കുന്നതാണ് ഭംഗി. you can change font size from normal to largest .അതായിരിക്കും കൂടുതല്‍ നല്ലത്. ഒരു stanza യിലെ വരികള്‍ക്കിടയില്‍ സ്പേസ് വിടുന്നതും ഉചിതമല്ല

കണ്ണൂരാന്‍ - KANNURAN said...

:) കൊള്ളാം...

ബാജി ഓടംവേലി said...

വായിച്ചു (pengale)
നന്നായിരിക്കുന്നു

Unknown said...

സ്വയം നിയന്ത്രിക്കാന്‍ കഴിവില്ലാതെ, നിമിത്തങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരെ കുറ്റപ്പെടുത്താനാവുമോ‍?

(ഒരു സംശയം ചോദിച്ചോട്ടേ: ദ്രുപദന്റെ പുത്രി ദ്രൌപദി, മകന്‍ ദ്രൌപദേയന്‍ - ഇതല്ലേ ശരി?)

chithrakaran ചിത്രകാരന്‍ said...

ഒരു സ്ത്രീക്ക് അഞ്ചു പുരുഷന്മാരുടെ ഭാര്യയാകമെന്ന് ഇതിഹാസങ്ങളിലൂടെ സ്ഥാപിച്ചാല്‍ ... തുടര്‍ന്ന് ആയിരം പുരുഷന്മാരുടെ ദേവദാസിയായി അവളെ തെരുവില്‍ വലിച്ചിഴക്കാനുള്ള സദാചാര സമ്മതം ജനം നല്‍കുമെന്ന് മഹാഭാരതത്തിന്റെ പ്രക്ഷിപ്തകാരന്മാരായ ബ്രാഹ്മണ്യത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു.
ബുദ്ധമതത്തെ നശിപ്പിക്കാനും,വേശ്യാവൃത്തിയെ സദാചാരത്തിന്റെ ഭാഗമാക്കി അടിമത്വവും,ജാതീയതയും അടിച്ചേല്‍പ്പിക്കാനും
ദ്രൌപതിയേയും,കുന്തി എന്ന വേശ്യ സ്ത്രീയേയും ബ്രാഹ്മണന്‍ സൃഷ്ടിച്ചു. ബാക്കി ഇന്ത്യയുടെ 1500 വര്‍ഷത്തെ ജാതീയ അടിമത്വവും,ക്ഷത്രിയ നിഗ്രഹത്തിന്റേയും ചരിത്രം.ചിത്രകാരന്റെ മഹാഭാരതം..കുന്തിയുടെ വേശ്യാവൃത്തിയുടെ കഥ(ബ്രഹ്മണ്യത്തിന്റേയും) വായിക്കുക.

Sherlock said...

പ്രിയേച്ചി, കവിത നന്നായി..ഒരു സംശയം

“അപരാധമല്ലയോ പാഞ്ചാലീ”...എന്തപരാധമാണ് പാഞ്ചാലി ചെയ്തത്?

Anonymous said...

നന്നായിട്ടുണ്ട് പ്രിയ.ഗംഭീരം.വേറിട്ട ചിന്ത.
മയൂരിയില്‍ പ്രകാശപത്മം എഴുതിയത് താങ്കള്‍ തന്നെയല്ലേ?

Anonymous said...

പ്രിയാ,
ആഴമുള്ള ഉള്‍ക്കാമ്പുള്ള കവിത.ഗഹനമായ വിഷയം എത്ര അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു.ഹൃദയത്തില്‍നിന്നുള്ള അഭിനന്ദനങ്ങള്‍.

ഉപാസന || Upasana said...

പുരാണങ്ങള്‍ പുനര്‍ജനിക്കുന്നു
പ്രിയയുടെ കവിതകളിലൂടെ
മനൊഹരം
:)
ഉപാസന

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. പുരാണവും ഇതിഹാസവുമൊക്കെ ആണല്ലേ ഇഷ്ടവിഷയങ്ങള്‍.

പ്രയാസി said...

ചെല്ലാ.. നീ വീണ്ടും കലക്കി..
യെന്തിരാണപ്പീ നിന്റെ ഉദ്ധ്യേശം പുരാണത്തിലെ മൊത്തം വനിതാ ബ്ലോഗര്‍മാരേയും ഇറക്കിയുള്ള കളിയാണല്ല്.. ഇതും കൊള്ളാം കേട്ടാ..:)

ഓ:ടോ: കണ്ടാ ജിഹേഷ് വീണ്ടും.. അവന്റെ കൈയ്യീന്നു ഞാന്‍ വാങ്ങിച്ചു പിടിക്കും..;)

krish | കൃഷ് said...

"പഞ്ചപുത്രര്‍ക്കമ്മയായെങ്കിലുമതി-
ലേറെയായ് തകര്‍ന്നു നിന്‍ മാതൃത്വവും
പതികള്‍ക്കു പത്നികളേറെയുണ്ടാകവേ
ലജ്ജിച്ചു തലതാഴ്ത്തൂ യാജ്ഞസേനി!"


nalla varikal. good work.

മയൂര said...

വരികള്‍ വളരെ നന്നായിരിയ്കുന്നു, ചോദ്യങ്ങളും...:)

മയൂര said...

വരികള്‍ വളരെ നന്നായിരിയ്കുന്നു, ചോദ്യങ്ങളും...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനുജീ, നന്ദി.ഞ്ഞാനല്ലേ പാവം:)
സഹയാത്രികന്‍ ചേട്ടാ ഇഷ്ടപ്പെട്ടതില്‍ സന്തോഷം
അലി, നന്ദി
അമ്മാമ്മാ, കൃഷ്ണയോടാണു ചോദ്യം.അക്ഷരപ്പിശകാണ്.തിരുത്തിയിട്ടുണ്ട്‌
ക്രിസ്‌വിന്‍,ഹരിശ്രീ, നന്ദി
ശ്രീഹരി, തിരുത്താം
ഇട്ടിമാളൂ, മാറ്റം അനിവാര്യമല്ലേ...
കണ്ണൂരാന്‍, നന്ദി
ബാജി, നന്ദി
ചിത്രകാരന്‍, താങ്കളുടെ അഭിപ്രായം എനിക്ക് മനസ്സിലായില്ല്യ.
ശ്രീകല, സന്തോഷം.
ബാബു, പ്രതിബന്ധങ്ങളെ തരണം ചെയ്യുമ്പോഴാണ് ജീവിതവിജയം.ദ്രുപതന്റെ മക്കള്‍ തന്നെയാണവര്‍, അല്ലെന്നു ഈ കവിതയില്‍ പറയുന്നില്ല
സുരേഷ് ഐക്കര, താങ്കളെപ്പോലുള്ള എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടത്താണ്.നന്ദി
വാമീകി മാഷേ, നന്ദി.ആ ഇസ്ടങ്ങള്‍ നല്ലതല്ലേ...
മുഹമ്മദ്, അതു തന്നാ ഞ്ഞാനും ചോദിച്ചെ.
ഉപാസന, വളരെ നന്ദി
ജിഹേഷെ, വെച്ചിട്ടുണ്ട്‌

പ്രയാസിച്ചേട്ടാ, ദേ അനിയത്തിയെക്കേറി ചേച്ചീന്നു വിളിക്കുന്നു.
പുരാണങ്ങള്‍ നല്ലതല്ലേ.എല്ലാരും ഇഷ്ടപ്പെടും.
ഇങ്ങനൊക്കെ ഇരുന്നാല്‍ മതിയൊ, പരിചയപ്പെടെണ്ടെ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മയുരച്ചേച്ചീ നന്ദി

കൃഷ്, സന്തോഷം

ശ്രീവല്ലഭന്‍. said...

"യുദ്ധകാണ്ഡങ്ങള്‍ക്കു തിരികൊളുത്തീയതിലറ്റു-
വീണ കബന്ധങ്ങള്‍ക്കുമതിലേറെ രോദന
ങ്ങള്‍ക്കുമെന്തു വില നല്‍കും യാഗാഗ്നിപുത്രി?"
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്. ഇപ്പോഴും വളരെ പ്രസക്തമായ ചോദ്യമാണിത്.നന്നായിരിക്കുന്നു കവിത.

ശ്രീവല്ലഭന്‍. said...

പ്രിയാ,
"യുദ്ധകാണ്ഡങ്ങള്‍ക്കു തിരികൊളുത്തീയതിലറ്റു-
വീണ കബന്ധങ്ങള്‍ക്കുമതിലേറെ രോദന
ങ്ങള്‍ക്കുമെന്തു വില നല്‍കും യാഗാഗ്നിപുത്രി?"
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്. ഇപ്പോഴും വളരെ പ്രസക്തമായ ചോദ്യമാണിത്.നന്നായിരിക്കുന്നു കവിത.

സുജനിക said...

ഇന്നുകിട്ടിയതന്‍ചാളും
തുല്യം പങ്കിട്ടെടുക്കുക
കുന്തിവാക്യം ദ്രുപദയെ
തീര്‍ത്തൂ പാണ്ഡവപതിനിയയ്

നല്ല കവിത....പക്ഷെ ഒന്നു കൂടി ചുരുക്കിയാല്‍ അസ്സലാവും.ആദ്യ 4 വരി ഇത്രയും മതി.അഭിനന്ദനം.

വാണി said...

നന്നയിരിക്കുന്നു പ്രിയാ...

വേണു venu said...

മഹാഭാരതമെന്നോരിതിഹാസത്തില്‍
‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?

പ്രിയാ ഉണ്ണികൃഷ്ണന്‍‍,
വിധിയെ വര‍ച്ചു കാണിക്കാന്‍‍, ഇതിഹാസകാരന്‍‍ നിര്‍മ്മിച്ച സ്ത്രീ കഥാപാത്രങ്ങളില്‍‍ ഒരുവള്‍‍ ആണു് ദ്രൌപദി എന്നെനിക്കൂ തോന്നാറുണ്ടു്.
പാഞ്ചാലി ഇതിഹാസകാര്‍ന്റ്റെ ഭാവനയുടെ മൂര്‍ത്തീഭാവമായ കഥാപാത്രം തന്നെ. ഓരോ ചോദ്യങ്ങളിലും നിരവധി ഉത്തരങ്ങള്‍‍ ഇതിഹാസകാരന്‍‍ തന്നെ ഒളിച്ചു വച്ചിട്ടുണ്ടല്ലോ. നല്ല രചന.:)

Sethunath UN said...

പ്രിയ,
ഇവിടെ അക്കാലത്തെ സ്ത്രീയ്ക്കുണ്ടായിരുന്ന സ്വാതന്ത്യക്കുറവിനെ കാണാതിരുന്നുകൂടാ.
ഇന്നുള്ള പോലെ തന്നെ അന്നും അമ്മായിയമ്മപ്പോരും പെക്കിംഗ് ഓര്‍ഡറും (pecking order)‍
നിലനിന്നിരുന്നു. കുന്തി തന്റെ “ദുര്‍വിധി“ മന:പൂര്‍വ്വം ദ്രൌപദിയ്ക്ക് പക‌ര്‍ന്നു നല്‍കുകയായിരുന്നു. പാണ്ഡവ‌ര്‍ക്ക് ഒരുമയുണ്ടാക്കാനെന്ന വ്യജേന. അവരെ അങ്ങനെ സ്വീകരിയ്ക്കേണ്ടിവന്നത് ദ്രൌപദിയുടെ, ഒരു മരുമക‌ളുടെ, ദുര്യോഗം. സ്ത്രീക‌ള്‍ക്ക് പ്രതികരണശേഷിയും പ്രതികരിക്കാനുള്ള വേദിക‌ളും നന്നേ കുറവാണ് മഹാഭാരതത്തില്‍. ഉള്ളവ തന്നെ അവമാനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോ‌ള്‍ മാത്രം. പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന്റെ അവസരത്തിലുള്ള പൊട്ടിത്തെറി ഉദാഹരണം. അല്ലാത്തപ്പോഴൊക്കെ ദു:ഖവും അപമാനവും അടിച്ചമ‌ര്‍ത്തലുക‌ളും കടിച്ചൊതുക്കി ജീവിയ്ക്കുകയാണ് ദ്രൌപദി. അഞ്ചുപേരുടെ ഭാര്യയായിരിയ്ക്കുന്ന അവസ്ഥ. അതിനിടെ സ്വന്തം ഭ‌ര്‍ത്താവിനോട് ഇഷ്ടപ്പെട്ട ഒരു പൂവ് (so simple!) വേണമെന്ന് പറഞ്ഞത് ഒരു BIG FUSS ആക്കി മാറ്റിയത് ഇണ്ണാമനായ ഭീമനാണ്. ചതുരംഗം ക‌ളിച്ചും അങ്ങിനെ പറ്റാത്തതായ പല പണിക‌‌ളും ചെയ്ത യുധിഷ്ഠിരന് പ്രത്യേകിച്ചും, പിന്നെ അന്യോന്യം ഉരസ്സിക്കൊണ്ടിരുന്ന കൌരവപാണ്ഡവ‌ര്‍ക്കും പിന്നെ ഇതിനൊക്കെ താങ്ങും തണലുമായി നിന്ന കൃഷ്ണനും ഒക്കെ അല്ലേ മഹായുദ്ധത്തിലേയ്ക്ക് നയിച്ചതിന്റെ ഉത്തരവാദിത്തം? തന്നെ ഊഴമിട്ട് വേണ്ടുവോ‌ളം അനുഭവിച്ച അഞ്ച് പൊണ്ണന്മാ‌ര്‍ നോക്കിനില്‍ക്കെ തന്നെ തുണിയുരിഞ്ഞവനെ “കൊല്ലണം.. അവ്ന്റെ ചോര കാണണം” എന്നെങ്കിലും പറയാന്‍ ദ്രൌപദിയ്ക്ക് അവകാശമില്ലയോ? അതു ശരി! അപ്പോ‌ള്‍പ്പിന്നെ മഹാഭാരതയുദ്ധത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവ‌ളുടെ ആത്മരോഷത്തിലെ വാക്കുക‌ളിലേയ്ക്ക് വെച്ച് കെട്ടാം!

വിയോജിപ്പാണെങ്കില്‍ .. അതൊരുപാടുണ്ട് എഴുതാന്‍.

“മഹാഭാരതമെന്നോരിതിഹാസത്തില്‍
‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?“

ദ്രൌപദിയ്ക്ക് മറുപടി പറയാനുണ്ടാവും. തീര്‍ച്ച. ഉത്തരം മുട്ടിപ്പോവില്ല. provided, പറയാന്‍ അവസരം കൊടുത്താല്‍. :)

എഴുതിയ ശൈലിയും ഭാഷയും നന്ന്.

ശ്രീ said...

വളരെ നന്നായിരിക്കുന്നൂ പ്രിയാ...

അഭിനന്ദനങ്ങള്‍‌...

:)

Unknown said...

"ത" യോ "ദ" യോ ശരി എന്നതായിരുന്നു സംശയം. സാരല്യ, പോട്ടെ. എന്റെ സംശയം ഞാന്‍ തീര്‍ത്തു. ആശംസകള്‍!

ഗിരീഷ്‌ എ എസ്‌ said...

പുരാണ ഇതിവൃത്തങ്ങള്‍
കവിതയിലോ മറ്റ്‌ സാഹിത്യസൃഷ്ടികളിലോ
കൊണ്ടുവരുന്നത്‌ നല്ലതാണ്‌...
പക്ഷേ അത്‌ പുതിയ വ്യാഖ്യാനങ്ങളുമായി ആയിരിക്കണം..

വയലാറിന്റെ രാവണപുത്രി പോലെ...
എം ടിയുടെ രണ്ടാമൂഴം പോലെ...
(ഇങ്ങനെ നിരവധി രചനകള്‍ യുവ സാഹിത്യകാരില്‍ നിന്നും ഉണ്ടാവുന്നു എന്നത്‌ ശ്രദ്ധേയമാണ്‌)

ഇവിടെ കാണാന്‍ കഴിഞ്ഞത്‌..ദ്രൗപദിയുടെ സാധാരണകഥയുടെ നേര്‍പകര്‍പ്പാണ്‌..
വാക്കുകളില്‍ പദ്യത്തിന്റെ ശൈലി അവലംബിച്ചതിനാല്‍ അതിലും പുതുമയില്ലാതായി..
പ്രിയയുടെ രചനകളില്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു രചനയായി ദ്രൗപദി.

പതിവ്രതയാണോയെന്ന ചോദ്യത്തിന്‌ മുമ്പിലെ ഏകപരാജിതയാണ്‌
എന്റെ ചിന്തയിലെ ദ്രൗപദി...
ഒരു സ്ത്രീക്ക്‌ അങ്ങനെ പറയാന്‍ കഴിയില്ല എന്നതിനര്‍ത്ഥം
ഈ ലോകത്തെ ഏറ്റവും നിസഹായയാണ്‌ അവളെന്നാണ്‌..
അങ്ങനെ ചിന്തിക്കുമ്പോള്‍
ദ്രൗപദി സഹനത്തിന്റെ പ്രതിരൂപമാണ്‌...
നേര്‍വ്യാഖ്യാനങ്ങളില്‍ വന്ന പാളിച്ചകള്‍
പുതുചിന്തകള്‍ക്ക്‌ വിഘ്നം തീര്‍ത്തു എന്ന്‌ വിശ്വസിക്കുന്നു...

അപ്പു ആദ്യാക്ഷരി said...

ഇതിന് മുമ്പ് എഴുതിയ കവിതകളെപ്പോലെതന്നെ ഇതും സുന്ദരമായിട്ടുണ്ട്. നല്ല വരികള്‍, നല്ല ഭാവന, നല്ല എഴുത്ത് ശൈലി. അഭിനന്ദനങ്ങള്‍ !!

ധ്വനി | Dhwani said...

ആദ്യമാണീ ബ്ളോഗില്‍
നല്ല കവിതകള്‍! നല്ല പദപ്രയോഗങ്ങള്‍! പിന്നെ അധികമാരും കൈകാര്യം ചെയ്യാത്ത വിഷയങ്ങള്‍!

അഭിനന്ദനങ്ങള്‍!

ഗീത said...

ദുര്യോധനന്റെ സ്ഥലജലഭ്രമം കണ്ട്‌ പാഞ്ചാലി ചിരിച്ചതാണല്ലോ മഹാഭാരതയുദ്ധത്തിന് കാരണമായത്. പാഞ്ചാലി ഒരു നിമിത്തം മാത്രം...

ഏ.ആര്‍. നജീം said...

മഹാഭാരതമെന്നോരിതിഹാസത്തില്‍
‍ദ്രൌപതി നീയെന്തിന്‍ പ്രതീകം?

വായിച്ചൂട്ടോ...
അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു..

Rajeeve Chelanat said...

തരക്കേടില്ല കവിത. രാമനുണ്ണിമാഷ് പറഞ്ഞപോലെ, അല്‍പ്പംകൂടി ചുരുക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ദ്രൌപദിയുടെ അഭിപ്രായവും കണക്കിലെടുക്കുക, പുരാണങ്ങളെ പു:നര്‍വ്യാഖ്യാനിക്കുമ്പോള്‍. ആശംസകള്‍

ശെഫി said...

നന്നായിരിക്കുന്നു.
പദ്യത്തിന്റെ ശെയിലിയായതു
കൊണ്ട്‌ ചൊല്ലി വായനക്ക്‌ രസം നല്‍കുന്നു.

ആക്ഷേപത്തെക്കാള്‍ സഹതാപമാണ്‌ ദ്രൌപതി അര്‍ഹിക്കുന്നതെന്ന് തോന്നുന്നു

മഴതുള്ളികിലുക്കം said...

പ്രിയ...

കരുത്തുറ്റ വിഷയങ്ങളിലൂടെയുള്ള യാത്ര
സംശയമെന്തിന്‌ തെല്ലുമേ
ആശങ്കയെന്തിനുമിനിയും
തുടരുകയീ പ്രയാണം
ചലിക്കട്ടെ നിന്‍ തൂലിക
ഇതിഹാസങ്ങള്‍ തന്‍ ഭൂവിലൂടെ
നിശ്ചയം വിജയം നിന്നോടൊപ്പം

അസ്സലായിരിക്കുന്നു....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അച്ചു said...

ദ്രൌപതിയെ ഇങ്ങനെ കീറീമുറിച്ചതിലൂടെ പ്രിയ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല്ല..അത് വ്യക്തമാക്കിയാല്‍ നന്നായിരുന്നു..

വാക്കുകള്‍ വളരെനന്നായി ഉപയോഗിച്ചിരിക്കുന്നു..നന്നായിട്ടുണ്ട്..

Rejesh Keloth said...

തര്‍ക്കവിതര്‍ക്കങ്ങളില്‍ വേശ്യയെന്നു മുദ്രകുത്തപ്പെടുന്നുവെങ്കിലും കുന്തിയും ഒരു അമ്മായിഅമ്മയാണ്... കുന്തിയെ അനുസരിക്കുക വഴി പാഞ്ചാലി വിഴുപ്പലക്കേണ്ടിവരുന്നു, എങ്കില്‍.. അമ്മായിഅമ്മമാരെ കണ്ണും പൂട്ടി വിശ്വസിക്കരുത് എന്നൊരു സന്ദേശമതിലുണ്ടോ?... :-)
നല്ല രചന... അഭിനന്ദനങ്ങള്‍..

SreeDeviNair.ശ്രീരാഗം said...

പ്രിയയുടെ കവിത നന്നായിരിക്കുന്നു

SreeDeviNair.ശ്രീരാഗം said...

പ്രിയയുടെ കവിത നന്നായിരിക്കുന്നു

ഭൂമിപുത്രി said...

മഹാഭാരതയുദ്ധത്തിന്റെ വേരുകള്‍ ചികയുമ്പോള്‍,പൊതുവെ,അതു ദ്രൌപദിയില്‍ വരെച്ചെന്നെത്തി നില്കാറാണ്‍ പതിവു.
സഹോദരപുത്രന്മാറ്ക്കിടയില്‍‍ അതിനുമെത്രയോമുന്‍പ്,ദ്രൌപദി പ്രവേശിക്കന്നതിനും വളരെ വളരെ മുന്‍പ് തന്നെ,വൈരാഗ്യം ജനിച്ചിരുന്നു.
അവറ്തമ്മിലെത്രയോ കൊച്ചുയുദ്ധങ്ങള്‍ കുട്ടികാലം മുതലേ ഉടലെടുത്തിരുന്നു...
അതിന്റെയൊക്കെയൊരു സ്വാഭാവികപരിണാമം മാത്രമായിരുന്നു മഹായുദ്ധം.
ഇടക്കെവിടെയൊവെച്ചു രംഗത്തുവന്ന
ദ്രൌപദി സത്യത്തില്‍ ഒരു കരുവാക്കപ്പെടുകയായിരുന്നില്ലെ?
ജനമദ്ധ്യത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍,ശക്തമായി പ്രതിഷേധിച്ചതും പ്രതികരിച്ചതും,ഒരു പക്ഷെ ഇന്നത്തെയൊരു ശരാശരി സ്ത്രീപോലും ധൈര്യപ്പെടാത്ത വിധത്തില്‍,അഞ്ഞടിച്ചതും ദ്രൌപദി ശക്തമായ ഒരു വ്യക്ത്വിത്ത്വന്റെ ഉടമയാണെന്നു തെളീയിക്കുന്നുണ്ട്.

പുരുഷാധിപത്യമൂല്ല്യങ്ങളില്‍ അധിഷ്ട്ടിതമായ ഒരു സമൂഹം,ആത്തരം സ്ത്രികളെ ഒട്ടും സഹിഷ്ണുതയോടെയല്ല കാണുക-അന്നുമതെ ഇന്നുമതെ!
‘ദ്രൌപദിയുടെചിരി’യെ കുട്ടികൃഷ്ണമാരാറ് പോലും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
എന്തിനുമേതിനും,സ്വന്തം ജീവിതത്തിലുണ്ടാ‍കുന്ന
ദുരന്തങ്ങള്‍ക്കു വരെ,പെണ്ണിനെ കുറ്റവാളീയായി ചിത്രികരിക്കുന്ന സമൂഹം മഹാഭാരതകാലത്തുനിന്നും അല്‍പ്പം പോലും മുന്ന്പോട്ടു പോയിട്ടില്ല.
പ്രിയ,കവിതയോടല്ല കെട്ടൊ വിയോജിപ്പ്,ഒരാശയത്തിനോടാണ്‍.
വ്യാസന്‍ വരികള്‍ക്കിടയില്‍ ധാരാളം സ്ഥലം വിട്ടിട്ടുണ്ടെന്നു.എം.ടീ.പറഞ്ഞിട്ടില്ലെ?
അതിലൂടെ യാത്രചെയ്യുക

ഹരിയണ്ണന്‍@Hariyannan said...

പ്രിയാ..
നന്നായിട്ടുണ്ട് എന്ന് ഒറ്റവാക്കില്‍ പറയാം.
പക്ഷേ..ആശയത്തിന് എന്തെങ്കിലും പുതുമ നല്‍കാമായിരുന്നു.
‘വേശ്യയായ കുന്തി‘ എന്നൊക്കെപ്പറഞ്ഞ് ശ്രദ്ധപിടിക്കുമ്പോലെ എന്തെങ്കിലുമൊന്ന്!:)
ഇക്കാലത്ത് വിമര്‍ശനബുദ്ധികള്‍ക്ക് നല്ല മാര്‍ക്കറ്റുള്ളതുകൊണ്ട് ആ വഴിക്കും ചിന്തിക്കാമായിരുന്നു.പോട്ടെ..ഇനിയൊരിക്കലാവാം!
വരികളെ അടുക്കിയെടുക്കുന്നതില്‍ പ്രിയ ഒന്നുകൂടി മെച്ചപ്പെട്ടു.
(ഇങ്ങനെയൊക്കെപ്പറയുന്നതില്‍ വിരോധമുണ്ടെങ്കില്‍ പൊറുക്കണേ പെങ്ങളേ!...ഷെമി!!)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്രീവല്ലഭന്‍ നന്ദി
രാമുണ്ണിമാഷ്, സന്തോഷം
വാണി, വേണു വളരെ നന്ദി
നിഷ്കളങ്കന്‍, അവസരം കൊടുത്താല്‍ തന്നേയും ദ്രൌപതിക്ക് പറയാന്‍ ഒന്നുമുണ്ടാവില്ല.എല്ലം സഹിച്ചുകൊണ്ടല്ല അവര്‍ ജീവിച്ചത്, അഹങ്കാരതിന്റെ
മൂര്‍തീഭാവമായിട്ടാണ്.

ശ്രീ, നന്ദി
ദ്രൌപതി, പുതിയ വ്യാഖ്യാനങ്ങളുമായി മാത്രമെ പുരാണകഥാപാത്രങ്ങള്‍ എഴുതപ്പെടവൂ എന്നുണ്ടൊ?
അപ്പു, ധ്വനി നന്ദി
ഗീത ഗീതികള്‍, അതു തന്നെയാണു സത്യം. ദ്രൌപതി ഒരു നിമിത്തം മാത്രം
രാജീവ്, നന്ദി
ശെഫി, അഭിപ്രായത്തിന് നന്ദി
മഴത്തുള്ളിക്കിലുക്കം, കൂട്ടുകാരന്‍ നന്ദി
സതീര്‍ത്ഥ്യന്‍ , ചെയ്യുന്നതു ശരിയെന്നു ബോധവും വേണം.
ശ്രീദേവി, നന്ദി
ഭൂമിപുത്രി, അഞ്ചു ഭര്‍ത്താക്കന്മാരുള്ള ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതില്‍ തെറ്റില്ല.

ഹരിയണ്ണന്‍, അഭിപ്രായത്തിന് നന്ദി. വിമര്‍ശനം നടത്തി സ്രദ്ധ്പിടിക്കാനല്ല ശ്രമിച്ചതു്, ദ്രൌപതിയെ ഒന്നു വിശകലനം ചെയ്തു. അത്ര മാത്രം.

ഹരിയണ്ണന്‍@Hariyannan said...

അയ്യോ..അതു പ്രിയയുടെ എഴുത്ത് അത്തരത്തിലൊരു വിമര്‍ശനമാണെന്നുദ്ദേശിച്ചെഴുതിയതല്ലാട്ടോ..
കമന്റുകള്‍ക്കിടയില്‍ കണ്ട ഒരു ലിങ്കിനെ ഉദ്ദേശിച്ചാണ്.

നാടോടി said...

:)

Anonymous said...

50

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു............

നിലാവര്‍ നിസ said...

കൂട്ടുകാരീ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

മനോജ് കെ.ഭാസ്കര്‍ said...

ആവിഷ്കാരം അസ്സലായിട്ടുണ്ട്.

ചിന്തകള്‍ പുതുവഴി തേടുന്നത് നല്ലതുതന്നെയാണ്.

ഇനിയുമുണ്ടെല്ലോ വീരാംഗനമാര്‍ അവരേയും എടുത്തൊന്ന് പെരുമാറി നോക്കുക.

maash said...

ഗംഭീരം...
http://www.mathrukavidyalayam.blogspot.com

Mahesh Cheruthana/മഹി said...

പ്രിയാ,
കവിത നന്നായിരിക്കുന്നു!
നല്ല ശൈലി!! അഭിനന്ദനങ്ങള്‍ !!

Rahul Nair said...

ഞാന്‍ ഇവിടെ തന്നെ കുറെ കാലം റെന്ട്ട് അടിച്ക്കാന്‍ പോവുകായ...
ഒരു ലോഡ് നല്ല കൃതികള്‍ ഉണ്ടല്ലോ...
നല്ല ബ്ലോഗ്..

Sandeep PM said...

കഴിവില്ലാത്ത പുരുഷന്റെ സ്നേഹം സ്ത്രീക്ക് ബാധ്യത മാത്രമെ ആവുകയുള്ളൂ എന്ന് എം ടി തന്നെ പറഞ്ഞിട്ടുണ്ട് ... രണ്ടാമൂഴം
ദ്രൌപതി ഒരു സാധാരണ സ്ത്രീ ആയി മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ. നല്ലതും ചീത്തയും ഉള്ള ഒരു സാധാരണ മനുഷ്യപുത്രി ..

Sathees Makkoth | Asha Revamma said...

വ്യത്യസ്തതയുള്ള കവിതകള്‍! കൊള്ളാം

കാപ്പിലാന്‍ said...

nalla kavitha

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വൈകി വായിച്ചവര്‍ക്കും നന്ദി.