Thursday, December 3, 2009
നഷ്ടപ്രണയം
ആലാപനം : ഗിരീഷ് എ.എസ്
പതിവായ് നടക്കാം നമുക്കിനിയുമീ
വഴിയിലൂടൊത്തിരിനേരം, അകന്നെങ്കിലും
പറയാം കളിയായ് കഴിഞ്ഞ നാളില്‍
കദനങ്ങള്‍ തീര്‍ത്ത കാര്യങ്ങളൊക്കെയും
വെറുതെയോര്‍ക്കാം പിണങ്ങിയകന്ന
കിനാവിന്റെ നോവുകളെപ്പറ്റി, വിമൂകം
നോക്കുമീറന്‍ സന്ധ്യകളെപ്പറ്റി, പിന്നെയും
അലസമായൊഴുകും പഴയനാളുകളേയും.
നിശ്ചലം നില്‍ക്കുന്ന ഇലകളും, ഭൂമിയെ
പുണരാത്ത വര്‍ഷബിന്ദുക്കളും, മധുരം
നുണയാന്‍ മറന്ന കാര്‍വണ്ടുകളും,
ചിതറിത്തെറിച്ചൊരീ മണല്‍ത്തരികളും,
നിലവിളിച്ചോടുന്ന ഭ്രാന്തന്റെയൊച്ചയും
മതിമറന്നു നമ്മള്‍ നടന്ന വഴിയിലത്രേ !
ഉണരാറായിട്ടില്ലിനിയും രാവേറെയുണ്ട്
ഉദയത്തിന്നരികിലെത്താന്‍ , ഒട്ടുമേയടയ്ക്കാത്ത
കണ്‍കളാല്‍ നോക്കുക നീണ്ടമൌനത്താല്‍
ബോധം മറഞ്ഞ നീലവാനത്തെ, അല്പ-
നേരം കഴിഞ്ഞുറങ്ങാം പൊള്ളുമീ മെത്തയില്‍ .
വഴിവിളക്കുകള്‍ നിഴല്‍വീഴ്ത്തുമീ തെരുവില്‍
മുന്നോട്ടോടുവാന്‍ ത്രാണിയില്ല, നിന്റെ
കൈപിടിച്ചിത്തിരിനേരമിരുട്ടിലിരിയ്ക്കാം
കഴിഞ്ഞനാളിന്റെ സ്മൃതികളോടോത്തൊരു
കഥപറഞ്ഞോമനിയ്ക്കാം കാറ്റൊടുങ്ങിയിട്ടില്ല.
പറയാനില്ലയൊട്ടുമേ പാതിമയങ്ങിയ
വഴിയോരത്തിരുന്ന് , കഴിയുമെങ്കില്‍
താളുകള്‍ മറയ്ക്കരുതിനിയും ഉറങ്ങട്ടെയാ
മയില്‍പ്പീലി നീറും മുറിവോടെയാണെങ്കിലും
വയ്യെനിക്കിനിയും കൂര്‍ത്ത മുള്ളുകള്‍ പേറാന്‍
നിന്നെക്കുറിച്ചുള്ളതാണെങ്കില്‍ ,ഏകലവ്യനല്ല
ഞാന്‍ വിരല്‍ മുറിയ്ക്കുവാന്‍ , കാല്‍ക്കല്‍വെയ്ക്കാനൊ
ന്നുമില്ലെന്‍ മനം കവര്‍ന്ന പ്രണയമല്ലാതെ
മാറിച്ചിന്തിക്കുമെന്നെങ്കിലും വൃഥാ ശഠിച്ച കാര്യ
ങ്ങളോര്‍ത്ത്, വരിക, ഞാനിവിടെയുണ്ട്.
നടവഴികള്‍ക്കിന്നില്ല പരിചയഭാവം
നാള്‍വഴികളേറെ കഴിഞ്ഞതിനാലാകാം
ഇനി ഞാന്‍ നില്‍ക്കേണ്ടതില്ല, ദൂരെ
നിഴല്‍പോലെ നീ മറഞ്ഞിരിയ്ക്കുന്നു
ഒളിയ്ക്കുവതെങ്ങനെ ജഡയില്‍ ഗംഗയായി
അലിയാനറിയില്ല മറ്റൊരു മീരയായി
പോകട്ടെ, കാലടിപ്പാടുകള്‍ മായുംമുന്‍പേ
അനുഗമിക്കുന്നുണ്ട് നീയറിയാതെയിന്നും
അനുദിനം ജ്വലിക്കുമീ സ്നേഹപ്രവാഹമായ്
മായുന്നില്ല നിന്‍ രൂപമെന്‍ ഹൃത്തില്‍ !
വഴിയറിയാതെ നില്‍ക്കരുത് നീ, ക്ഷമാപണം
ചൊരിയില്ല പെരുവഴിയൊരിക്കലും
കൂടെയുണ്ട് പ്രേയസി, ദൂരെയാണെങ്കിലും
ഹൃദയതാളത്തിന്നകലത്തില്‍ കൂട്ടിരിയ്ക്കാന്‍ .
പടി പാതി ചാരാതിരിയ്ക്കാം ,നിന്റെ
നിഴലിന്റെ വെളിച്ചം ആഗതമാകട്ടെ
എന്റെ തൂലികയ്ക്കെഴുതുവാനേറെയുണ്ട്
പാപശ്രുതികളുടെ സ്മരണകളില്‍
കരുതലോടെ ചുവടുകള്‍ വെയ്ക്കുമ്പോഴും
നിന്റെ കൈകളുടെ ചൂട് ഞാനറിയുന്നുണ്ട്.
നേരമൊട്ടേറെയായി,നിലാവെട്ടമില്ലാതെ
ഇനിയും നില്‍ക്കുന്നില്ലയീ വഴിയിലൊറ്റയ്ക്ക്
രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ.
Subscribe to:
Posts (Atom)