Thursday, December 13, 2007

സ്വപ്നഭൂമി

സ്വപ്നഭൂമി വീണ്ടും
ഇന്നത്തെ മഴയ്ക്കു് ശ്രീരാഗമാണ്.ഈ മഴയില്‍ എല്ലാം വാചാലം.പറയാന്‍ മറന്ന കഥകള്‍ക്കും പാതിയെഴുതിയ കവിതയ്ക്കും ഇനിയൊരുപാട്‌ ചൊല്ലാനുണ്ട്.ആലിന്‍‌ചുവട്ടിലെ കുളിര്‍ക്കാറ്റും അമ്പലമുറ്റത്തെ കല്‍ത്തറകളും ഇനിയുമെന്തിനൊക്കെയോ കാതോര്‍ക്കുകയാണ്...


സ്വപ്നഭൂമി അവസാനിച്ചിടത്തുനിന്നും വീണ്ടും എഴുതിത്തുടങ്ങുമ്പോള്‍ നന്ദി പറയേണ്ടത് സ്വപ്നങ്ങളോടോ കാത്തുവെച്ച സ്നേഹത്തോടോ?സ്വപ്നഭൂമിയോടെനിക്കിന്നും പ്രണയമാണ്.അവിടെയെന്റെ ആത്മാവുണ്ട്.മനപ്പൂര്‍വ്വം മറന്നുവെച്ച ഹൃദയം പൂമണം വീശിയെത്തിയ കുസൃതിക്കാറ്റില്‍ ‍പാതിയെഴുതിയ കവിതയെ പൂര്‍ണ്ണമാക്കിയപ്പോള്‍ ഹൃദയത്തോടുചേര്‍ത്തുപിടിച്ചിരുന്നു സ്വപ്നഭൂമിയുടെ സ്നേഹസമ്മാനം...


“സമസ്യകള്‍ക്കുത്തരമുണ്ട്‌, കണ്ടെത്തണമെന്നുമാത്രം”


യാഥാര്‍ത്ഥ്യം അതിന്റെ ഭാവം ഗംഭീരമാക്കുമ്പോള്‍ , അനിവാര്യമായ മാറ്റം ആടിത്തീരുമ്പോള്‍ പ്രണയം പൂക്കുകയാണ് , പിന്നിട്ട വഴികളില്‍ കാലം തീര്‍ത്ത കാല്‍പ്പാടുകളില്‍ ...ഏഴുനിറങ്ങളില്‍ സ്വപ്നങ്ങള്‍ തീര്‍ത്ത്‌ താരകങ്ങളുടെ വരവിനായ് കാതോര്‍ക്കുന്ന ആകാശവും, വഴിമാറി വീശുന്ന വൃശ്ചികക്കാറ്റില്‍ ദലമര്‍മ്മരംപൊഴിക്കുന്ന നിറമുള്ള പൂക്കളും, കളിപറയുന്ന തെന്നലും അങ്ങനെയൊരുപാടുള്ള സ്വപ്നഭൂമിയെ വിദൂരമെങ്കിലും തെളിഞ്ഞു കാണാം.


തോരാതെ പെയ്യുന്ന വര്‍ഷരാവില്‍ മഴത്തുള്ളികള്‍ പറയുന്നതെന്താണ്?


ഒരുപാടു കാലങ്ങള്‍ക്കു സാക്ഷിയായ ആലിന്‍‌ചുവട്ടില്‍ നിന്നുകൊണ്ട്‌ ദൂരെ, കുറച്ചുമാത്രം കാണാവുന്ന ക്ഷേത്രത്തെപ്പറ്റി വാതോരാതെ പറയുമ്പോഴും ശ്യാമമേഘങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു...


അരുതെന്നു പറഞ്ഞിട്ടും അനിവാദമില്ലാതെത്തിയ മിഴിനീര്‍ മുഖവുരയില്ലാതെ മറ്റൊരു പെരുമഴയ്ക്കു് സ്വാഗതമരുളിയപ്പോള്‍ ഒരു നനുത്തസ്പര്‍ശമായ് എന്റെ സ്നേഹം ഒരു സാന്ത്വനമാവുകയായിരുന്നു,എല്ലാമറിഞ്ഞപോലെ...

മനസ്സ് ഒരു തുറന്ന പുസ്തകമാകുമ്പോള്‍ കഥകളുറങ്ങുന്ന നടവഴിയില്‍ എല്ലാം വാചാലം...


ബാല്യം കളിച്ചുതീര്‍ത്ത അമ്പലമുറ്റവും, ചാറ്റല്‍മഴയെ കളിയാക്കാന്‍ കൈമാടിവിളിക്കുന്ന ആല്‍മരവും വാക്കുകളെ മാസ്മരികമാക്കിയപ്പോള്‍,എല്ലാം കേട്ടുകൊണ്ടിരുന്ന നറുപുഷ്പത്തിന്റെ മൌനം വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു...


മഴ ശക്തമാവുകയാണ്.


വിടരാന്‍ കൊതിച്ച പൂവുകള്‍ മൌനമായ് തേങ്ങിയോ?തോന്നലാകാം, സ്വപ്നഭൂമിയിലെ പൂക്കള്‍ കരയാറില്ലല്ലോ...


“സ്വപ്നഭൂമിയോടെന്താ ഇത്ര സ്നേഹം?”


ഒത്തിരിയെന്നാലും എത്രയാണെന്നറിയാത്തൊരിഷ്ടം.നിനച്ചതെല്ലാം ആത്മകവിതയായൊഴുകിയപ്പോള്‍ ‍താളം പിടിക്കാന്‍ ഹൃദയസ്പന്ദനങ്ങളെ കടം തന്ന നേരം അറിയാതെ പിറന്നൊരു ആരാധന!!!


മറുപടികളൊന്നും അധികമാവില്ല.എങ്കിലും വാക്കുകള്‍ വല്ലാതെ ക്ഷാമം കാണിക്കുന്നു.
ദൂരെ വാനം നക്ഷത്രങ്ങള്‍ക്കു് കളിത്തട്ടൊരുക്കുന്നു-


മൊഴികള്‍ക്കുമപ്പുറം അതിന്റെ അര്‍ത്ഥതലങ്ങളെ അറിഞ്ഞിട്ടും സ്വപ്നങ്ങള്‍ക്കു കൂട്ടിരിക്കാന്‍ ഞാനുമുണ്ടെന്നു പറഞ്ഞ നറുപുഷ്പത്തോട്‌ ഇനിയെന്തു പറയണം?“ജന്മാന്തരങ്ങളുടെ പുണ്യം അതാവാം ഈ സ്നേഹം”


കല്‍‌വിളക്കിലെ ദീപനാളങ്ങള്‍ക്ക് ഇത്രയേറെ സൌന്ദര്യമുണ്ടെന്ന്‌ ഞാനറിഞ്ഞത് അന്നാണ്.


അരുണോദയം നന്മകള്‍ക്ക്‌ ഹരിശ്രീ കുറിക്കുകയാണ്.ആശ്വസിക്കാം, ഏകാന്തദു:ഖങ്ങള്‍ക്കും, പറന്നകലുന്ന സ്വപ്നങ്ങള്‍ക്കും ശരശയ്യ തീര്‍ക്കുന്ന നിലാവ്‌ ഒരു സാന്ത്വനമായ് കൂട്ടിനുണ്ട്‌.

ഇന്നലെകളുടെ പടവുകള്‍ ചവിട്ടി ഇന്നിന്റെ നേരിലൂടെ നാളെയിലേക്കൊരു യാത്ര... പ്രയാണമാരംഭിക്കുമ്പോള്‍ പിന്‍‌വിളികള്‍ ഏറെയാണ്,നഷ്ടപ്പെടലിന്റെ വേദനയും.


മറക്കണമെന്ന്‌ കാലം കല്‍പ്പിക്കുന്നതെല്ലാം മനസ്സിന് ഏറെ ഇഷ്ടപ്പെട്ടതാകുമ്പോള്‍ പൊയ്മുഖങ്ങളെ അകറ്റുന്നതെങ്ങനെ?


കുസൃതിയോടെ എത്തിനോക്കുന്ന ഭൂതകാലം കയ്യെത്തുംദൂരത്തുനിന്നും ഓര്‍മ്മകളെ ഹരിതമാക്കുമ്പോള്‍ വെറുതെയെങ്കിലും പറയാം, ഇനിയുണ്ടോ ആ ഭാഗ്യം!!!


കനലായ് മാറിയ ഹൃദയത്തില്‍ മഞ്ഞുതുള്ളികള്‍ പെയ്യണമെന്നും ഈറന്‍‌മിഴികളില്‍ കവിതകള്‍ വിരിയണമെന്നും എനിക്കേറെ ഇഷ്ടപ്പെട്ട കുളിര്‍കാറ്റിനെ കൂട്ടുപിടിച്ച്‌ ഒരു സ്വകാര്യമായ് കാതില്‍ ചൊല്ലിയപ്പോള്‍ കാലാഹരണപ്പെട്ട സ്വപ്നങ്ങള്‍ കഥകളില്‍ മാത്രമാണെന്നും, ഋതുക്കളുടെ വരവില്‍ പ്രതീക്ഷകള്‍ ‍ഏറെയുണ്ടെന്നും ഞാനറിഞ്ഞു.


സുകൃതം!അല്ലാതെന്ത് പറയണം...


വേര്‍പാട്‌, അത്‌ അനിവാര്യമാണെന്നറിഞ്ഞിട്ടും വാക്കുകള്‍ അന്യമാവുകയായിരുന്നു മൌനവും വാചാലവും തര്‍ക്കിക്കുമ്പോള്‍.


ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന മനസ്സിനെ എന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കണം?
അകലുകയാണെല്ലാം, ഇനിയെന്നു് കാണുമെന്നറിയാതെ.വര്‍ഷമേഘങ്ങളും പെയ്തൊഴിഞ്ഞിരിക്കുന്നു...


കാലത്തിന്നറ്റത്തു നഷ്ടങ്ങളായാല്‍ ത്യജിക്കുന്ന സ്വപ്നങ്ങള്‍ ബാക്കിപത്രങ്ങളാകുന്നു, വിലക്കപ്പെടുന്ന വിലാപങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍...


“വീണ്ടുമൊരു വരവില്‍ തിരിച്ചറിവിന്റെ മുഖമുണ്ടാവില്ലേ?” - ഒരു നേര്‍ത്ത നൊമ്പരത്തിന്റെ നിഴലാട്ടമില്ലേ നറുപുഷ്പത്തിന്റെ മിഴികളിലും


“ഋതുക്കളെത്ര പിറന്നാലും ഈ കാറ്റിനും ഈ മഴയ്ക്കും എന്നെയറിയാം.സ്വപ്നഭൂമിയുടെ ആദ്യാനുരാഗം,അതെന്നും ഞാനായിരുന്നില്ലേ...”


ആളൊഴിഞ്ഞ ആലിന്‍‌ചുവട്ടില്‍ ആരവങ്ങള്‍ക്കു കാതോര്‍ക്കാന്‍ ,അമ്പലമുറ്റത്തെ കല്‍ത്തറകള്‍ക്ക്‌ കഥകള്‍ പറഞ്ഞു കൊടുക്കാന്‍ ,തെന്നലിന്റെ കളിപറച്ചില്‍ കേട്ട്‌ വെറുതെ ചിരിക്കാന്‍ ,അമ്പലക്കുളത്തിലെ കുളംകലക്കിക്കുട്ടികളിലൊരാളാവാന്‍ ,കൈക്കുമ്പിളിലെ തീര്‍ത്ഥത്തിന്റെ മാധുര്യംനുണയാന്‍ ,ബാല്യത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണില്‍ വീണ്ടുമൊന്ന്‌ നടക്കാന്‍ , വീണ്ടും വരാം എന്റെ സ്വപ്നഭൂമിയിലേക്ക്...


ശിവേട്ടന്‍ വീണ്ടും ചിരിക്കുകയാണ്, സ്വതസിദ്ധമായ ശൈലിയില്‍


ഒരു ഹൃദയതീര്‍ത്ഥം മനപ്പൂര്‍വ്വം മറന്നുവെച്ചുകൊണ്ട്‌ യാത്രയാവുകയാണ് നറുപുഷ്പത്തോടൊപ്പം, ഇനിയും വരുമെന്ന പ്രതീക്ഷയില്‍ ...

59 comments:

ശ്രീ said...

പ്രിയാ...

കാവ്യഭംഗി തുടിയ്ക്കുന്ന വരികള്‍‌... എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് ഓര്‍‌മ്മിപ്പിക്കുന്ന നൊസ്റ്റാള്‍‌ജിക്കായ ഒരു കുറിപ്പ്.

ഇതൊരു യാത്രാമൊഴി അല്ലല്ലോ, അല്ലേ?

ഹരിശ്രീ said...

“ഋതുക്കളെത്ര പിറന്നാലും ഈ കാറ്റിനും ഈ മഴയ്ക്കും എന്നെയറിയാം.സ്വപ്നഭൂമിയുടെ ആദ്യാനുരാഗം,അതെന്നും ഞാനായിരുന്നില്ലേ...”

പ്രിയാ,


നന്നായിരിയ്കുന്നു. ഉദ്ദേശിച്ചത് പൂര്‍ണമായി മനസ്സിലായില്ല. എങ്കിലും എഴുത്ത് വളരെ ഗൃഹാതുരത്വം തുടിയ്കുന്നു.മനോഹരമായി എഴുതിയിരിയ്കുന്നു..

ആശംസകളോടെ...

ഹരിശ്രീ

ഹരിശ്രീ said...

പിന്നെ പറയാന്‍ വിട്ടു,ചിത്രവും മനോഹരം തന്നെ...

കണ്ണൂരാന്‍ - KANNURAN said...

തിരിച്ചു പോക്കിന്റെ സുഖമൊന്നു വേറെയാണ്, ആശിക്കാം, എന്നെങ്കിലും അവിടേക്ക് തിരിച്ചു പോകാമെന്ന്...

കൃഷ്‌ | krish said...

“പറയാന്‍ മറന്ന കഥകള്‍ക്കും പാതിയെഴുതിയ കവിതയ്ക്കും ഇനിയൊരുപാട്‌ ചൊല്ലാനുണ്ട്.ആലിന്‍‌ചുവട്ടിലെ കുളിര്‍ക്കാറ്റും അമ്പലമുറ്റത്തെ കല്‍ത്തറകളും ഇനിയുമെന്തിനൊക്കെയോ കാതോര്‍ക്കുകയാണ്...“

മനോഹരമായ വരികള്‍, ബാക്കിയുള്ളവയും.

നാട്ടിലുള്ളവര്‍ക്ക് സ്വപ്നഭൂമി, അമേരിക്കയോ അതുപോലുള്ള സ്ഥലങ്ങളോ ആണ്. അവിടെയെത്തിയാല്‍ സ്വന്തം നാട് സ്വപ്നഭൂമിയായി മാറുന്നു, അല്ലെങ്കില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ അങ്ങിനെയാക്കുന്നു.

ചിത്രവും സുന്ദരം.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുസൃതിയോടെ എത്തിനോക്കുന്ന ഭൂതകാലം കയ്യെത്തുംദൂരത്തുനിന്നും ഓര്‍മ്മകളെ ഹരിതമാക്കുമ്പോള്‍ വെറുതെയെങ്കിലും പറയാം, ഇനിയുണ്ടോ ആ ഭാഗ്യം!!!

എല്ലാവരും ആഗ്രഹിക്കുന്നത്...പക്ഷേ ഒരിക്കലും തിരിച്ചു കിട്ടില്ല ....

എഴുത്ത് നന്നായിരിക്കുണു

ഉപാസന | Upasana said...

Priya,

Excellent words...
Kaivht allathe ithum vazhangum
:)
upaasana

സീത said...

പ്രിയേ,
സ്വപ്ന ഭൂമിയിലേക്ക് ഞാനും

സീത said...

പ്രിയേ,
സ്വപ്നഭൂമിയിലേക്ക് ഞാനും

ശെഫി said...

എഴുതി നിര്‍ത്തിയേടത്തു നിന്നൊരു തുടര്‍ച്ച,
ഹൃദ്യമായ ഭാഷയും നന്നായിരിക്കുന്നു

വാല്‍മീകി said...

മനസ്സില്‍ മഴപെയ്യിച്ച കുറിപ്പ്.
പ്രിയേ, (തെറ്റിദ്ധരിക്കരുത്, പേര് വിളിച്ചതാ)ഇത്രയൊക്കെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന ഈ സ്വപ്നഭൂമി എവിടെയാ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി മാഷ്, സ്വപ്നഭൂമി എന്റെ നാടാണ്...

ശ്രീ, സ്വപ്നഭൂമിയില്‍ നിന്നുമുള്ള ഒരു യാത്രാമൊഴിതന്നെ ഇത്.

ഹരിശ്രീ, വരികള്‍ക്കിടയില്‍ വായിക്കാനേറെയുണ്ട്‌...

കണ്ണൂരാന്‍ മാഷ്, എന്നും എല്ലാം സ്വന്തമാകില്ലല്ലോ
കൃഷ്, എവിടെയായാലും നമുക്ക്‌ ഇഷ്ടമുള്ളതെല്ലാം മാറാതെയിരിക്കും
ജിഹേഷ്, നന്ദി
ഉപാസന,, വളരെ നന്ദി
സീത, സ്വപ്നഭൂമിയിലേക്ക് സ്വാഗതം
ശെഫി, നന്ദി

മിനീസ് said...

കണ്ടു മറന്ന എന്തൊക്കെയോ മനസ്സിലേക്കോടി വന്നത് പോലെ. ഒരു 'വലിയ' കവിത വായിച്ച അനുഭവം! നന്ദി :)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

Good :)

evideyaanu ee swapnabhumi?

ദീപു said...

ചിത്രവും വരികളും നന്ന്.ഇനിയും എഴുതുക.

ചന്തു said...

നല്ല രസമുണ്ടിത്‌, കവിത പോലെ വായിച്ചു

സു | Su said...

:)

ഏ.ആര്‍. നജീം said...

പ്രിയ,

നന്ദി, ഗ്രാമത്തിന്റെ ഹരിത ഭംഗിയില്‍ നിന്നും മരുഭൂമിയിലേയ്ക്ക് ജീവിതം പറിച്ചു നട്ട എന്റെ മനസ്സിനെ വാക്കുകള്‍ കൊണ്ട് തണുപ്പിച്ചതിന്
യാന്ത്രിക ജീവിതത്തിന്റെ തിരക്കിനിടെ ഈ സായാഹ്നത്തില്‍ എന്നെ ആ പച്ചപ്പിലേക്ക് അവിടുത്തെ നിഷ്കളങ്കതയിലേക്ക്, അവിടുത്തെ മഴയിലേയ്ക്ക് എന്നേയും കൂട്ടികൊണ്ട് പോയതിന്
ആ കുളിരില്‍ ഞാന്‍ ഒന്ന് മയങ്ങുമ്പോഴും ഒരു വാക്ക് പറയട്ടെ,
മനസ്സില്‍ എല്ലാവര്‍ക്കും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാവാം അത് അക്ഷരങ്ങള്‍ കൊണ്ട് മനോഹരമായി വരച്ചിടുക ശ്രമകരമാണ്. പ്രിയയ്ക്കതിന് കഴിഞ്ഞിരിക്കുന്നു
തുടരുക..

വേണു venu said...

വാക്കുകളിലും വാക്കുകള്‍ക്ക് പുറത്തും ഒരു കവിതയായി ഒരു കഥയായി സ്വപ്ന ഭൂമി ഒഴുകുന്നു. നിശ്വാസങ്ങളും നിരാശകളും വാക്കുകളുടെ കുമിള പൊട്ടിച്ചു് പുറത്തു ചാടുമ്പോഴും സ്വപ്നഭൂമി വിളിക്കുകയാണു്.
പ്രിയാ, ഭാഷയും ശൈലിയും ഒത്തിരി ഇഷ്ടമായി. :)

ആഗ്നേയ said...

മോഹിപ്പിക്കുന്ന ഈ വരികളും,ആ ചിത്രത്തിലെ മത്തുപിടിപ്പിക്കുന്ന മഞ്ഞണിഞ്ഞ പച്ചപ്പും കൂടെ മനസ്സിനെ എങ്ങോട്ടോ കൊണ്ടുപോയി...അതില്‍ മുങ്ങി കുറേ നേരം ഇരുന്നു.പ്രിയപ്പെട്ട ഒരുപാടുപേരെ കണ്ടു...

purakkadan said...

എല്ലാ പ്രവാസികളുടെ മനസ്സിലും ഒരു സ്വപ്നഭൂമി ഉണ്ടായിരിക്കുമല്ലേ??? വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു പ്രിയ... കാവ്യാത്മകമായ ഗദ്യം, നല്ല ഒഴുക്ക്‌.... വായിച്ചു പോകാന്‍ വല്ലാത്തൊരു സുഖം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മിനീസ്, ദീപു,ചന്തു ഇഷ്ടപ്പെട്ടതില്‍ സന്തോഷം

സണ്ണിക്കുട്ടന്‍, സ്വപ്നഭൂമി എന്റെ നാടാണു്.
വേണു മാഷ്, നന്ദി
പുറക്കാടന്‍, ആഗ്നേയ മനസ്സില്‍ സന്തോഷം എത്തിക്കാന്‍ എനിക്കു കഴിഞ്ഞതില്‍ സന്തോഷം
സു :)
നജീമിക്കാ, വിലയേറിയ അഭിപ്രായത്തിന് നന്ദി

മന്‍സുര്‍ said...

പ്രിയ...

സ്വപ്‌നഭൂമിയിലൂടെ കണ്ട കാഴ്‌ചകള്‍ മനോഹരം....സ്വപ്‌നങ്ങളുടെ യാത്ഥാര്‍ഥ്യങ്ങളില്‍ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ വിരിയുന്നു. കാണാത്ത സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രയിലാണ്‌ ഇന്നുമെന്‍ സ്വപ്‌ന ഭൂമി.......

വരികളും ..ചിത്രവും മനോഹരം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഭൂമിപുത്രി said...

ഈ വരികളിലൂടെ ഒരോരുത്തരും സ്വന്തം സ്വപ്നഭൂമികളിലേക്കു...

സിനോജ്‌ ചന്ദ്രന്‍ said...

ഈ സ്വപ്നഭൂമി ഒരു നഷ്ടമാണോ? എങ്കില്‍ എന്തുകൊണ്ട് തിരിച്ചു പൊയ്ക്കൂടാ?..

പ്രിയേ... വളരെ മനോഹരം.

സിനോജ്‌ ചന്ദ്രന്‍ said...

എന്റെ സ്വപ്നഭൂമിയിലേക്കു ഞാനും ഒന്നു പോയി വന്നു.

Ramanunni.S.V said...

കഥ/കവിത/തുടങിയവയില്‍ നിന്നു വ്യത്യസ്സ്തമായ ഒരു ഫ്ഹോര്‍മാറ്റ്.നന്നായി...നല്ല രചന.

മയൂര said...

ഹൃദ്യമായ ഭാഷയും ശൈലിയും...അവിടെക്ക് ഞാനുമൊന്നു പോയി വന്നു...:)

G.manu said...

ഒരു ഹൃദയതീര്‍ത്ഥം മനപ്പൂര്‍വ്വം മറന്നുവെച്ചുകൊണ്ട്‌ യാത്രയാവുകയാണ് നറുപുഷ്പത്തോടൊപ്പം, ഇനിയും വരുമെന്ന പ്രതീക്ഷയില്‍ ...

poetic mashey...good

കാവലാന്‍ said...

ഗൃഹാതുരസ്മരണയെ തട്ടിയുണര്‍ത്തുന്ന രചന. കൊള്ളാം.

'മറക്കണമെന്ന്‌ കാലം കല്‍പ്പിക്കുന്നതെല്ലാം മനസ്സിന് ഏറെ ഇഷ്ടപ്പെട്ടതാകുമ്പോള്‍ പൊയ്മുഖങ്ങളെ അകറ്റുന്നതെങ്ങനെ?'


കാലത്തിന്‍ തെന്നലിലടരാത്ത ദല ഭാരത്താല്‍-
മനസ്സിന്‍ ചില്ലതന്നെയൊടിഞ്ഞേക്കാം.

കൂട്ടുകാരന്‍ said...

സ്വപ്നഭൂമിയോട് ഇത്രപ്രിയ്യം .....പിന്നെ എന്തിനു അവിടെ നിന്നും യാത്രയായി??

ഓ.ടോ..ആ പടം ഒറ്റപ്പാലത്ത് നിന്നും ആണൊ?..:)

അലി said...

മൊഴികള്‍ക്കുമപ്പുറം അതിന്റെ അര്‍ത്ഥതലങ്ങളെ അറിഞ്ഞിട്ടും സ്വപ്നങ്ങള്‍ക്കു കൂട്ടിരിക്കാന്‍ ഞാനുമുണ്ടെന്നു പറഞ്ഞ നറുപുഷ്പത്തോട്‌ ഇനിയെന്തു പറയണം?

സ്വപ്നഭൂമിയുടെ മനോഹരമായ ഗൃഹാതുരത്വം നിറഞ്ഞ വരികള്‍ക്ക് നന്ദി.
ചിത്രവും വളരെ നന്നായിട്ടുണ്ട്.

സി. കെ. ബാബു said...

മൌനവും വാചാലവും തര്‍ക്കിക്കുന്നു. വാക്കുകള്‍ അന്യമാവുന്നു. ഒരു രാഗസുധപോലെ!

ആശംസകള്‍!

Priyan Alex Rebello said...

ഈ ചിന്തകള്‍ നിറയെ കവിതയാണല്ലോ...:-)

താരാപഥം said...

നല്ലൊരു ചെറുകഥ വായിച്ചപോലെ തോന്നി. വായിച്ചപ്പോള്‍
എന്റെ ചിന്തയില്‍ വന്ന ചോദ്യവും ഉത്തരവും ഇതില്‍ തന്നെയുണ്ട്‌.
ചോ : “സ്വപ്നഭൂമിയോടെന്താ ഇത്ര സ്നേഹം?”

ഉ: “ജന്മാന്തരങ്ങളുടെ പുണ്യം അതാവാം ഈ സ്നേഹം”

ഒരിക്കല്‍ പ്രവാസിയായിക്കഴിഞ്ഞാല്‍, സ്വപ്നഭൂമിയില്‍ നമ്മള്‍ അന്യരാകും. സ്വയം മനസ്സിലായതാണത്‌.. തലയാട്ടുന്ന പൂക്കളും, മാടിവിളിക്കുന്ന തളിര്‍ലതകളും, ഹരിതാഭമായ വയലുകളും, ഋതുക്കളും നമുക്കു കുളിരേകാന്‍ അവിടെത്തന്നെയുണ്ടാകും.

(വിഷയത്തില്‍ നിന്നു മാറി : പഴയ പോസ്റ്റുകളെല്ലാം കണ്ടു. പടിപടിയായുള്ള ശൈലിയിലെ വളര്‍ച്ച ഇഷ്ടപ്പെട്ടു.)

പി.സി. പ്രദീപ്‌ said...

പ്രിയാ..,
കവിത വളരെ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍. ഇനിയും എഴുതുക.

shameem said...

priya

kalathinte pinvili.........

Enneyum aa sandhya meghchuvattilekk anyaichu......

nannayirikkunnu

പ്രയാസി said...

ഇതെന്തു പടമാ ചെല്ലാ.. അണ്ണനെ നീ വല്ലാണ്ടു കൊതിപ്പിച്ചു കളഞ്ഞല്ലാ..

അപ്പിയുടെ എഴുത്തുകളില്‍ ഏറ്റവുമിഷ്ടപ്പെട്ടത്..
വളരെ നന്നയെടാ..

ദ്രൗപദി said...

ഓര്‍മ്മയുടെയും സ്വപ്നങ്ങളുടെയും തടാകങ്ങളാണ്‌ ഓരോ മനസും...
നിര്‍വൃതിയായി
മനസില്‍
സ്വന്തം ഗ്രാമത്തെ ആഴത്തില്‍ സ്നേഹിക്കുക...
പരിഭവമോ പരിവേദനമോ ഇല്ലാതെ ഒരു കൂടപിറപ്പിനെ പോലെ അതിനെ സ്നേഹിക്കുക..
എത്രയെഴുതിയാലും മതിവരാതെ മനസിന്റെ ആഴങ്ങളില്‍ നിന്നും അതിനെ കുറിച്ചുള്ള നിനവുകള്‍ ഉറവയായി ഒഴുക്കുക...

പ്രിയാ..
എന്തു പറയണമെന്നറിയാതെ കുഴങ്ങുന്നു ഞാന്‍...
അതിഭാവുകത്വത്തിന്റെ അകമ്പടിയില്ലാത്ത ലളിതവ്യാഖ്യാനത്തിന്‌ മുമ്പില്‍ ദ്രൗപദി നമിക്കുന്നു....

അപ്പു said...

നല്ലവരികള്‍.
ചിത്രം പാലക്കാട്ടെ ഏതോ വയല്‍‌വരമ്പാണെന്നു തോന്നുന്നു. നന്നായിട്ടുണ്ട്.

എം.എച്ച്.സഹീര്‍ said...

കാലത്തിനുനേരെ കാഴ്ചക്കുനേരെ ഒത്തിരിയെത്തിരി ചോദ്യങ്ങള്‍ ഈ സ്വപ്നഭൂമി... കാണാനും വായിക്കനും ഇഷ്ടം തോനുന്ന ഇടമാകുന്നു നന്നായിരിക്കുന്നു,,,,

ചന്ദ്രകാന്തം said...

'നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.." എന്നതു പോലെ
പ്രിയയുടെ ഗദ്യം, കവിത പോലെ മനോഹരം...

ഒരു സ്വപ്ന കാവ്യം !!!

അമൃതാ വാര്യര്‍ said...

കനലായ് മാറിയ ഹൃദയത്തില്‍ മഞ്ഞുതുള്ളികള്‍ പെയ്യണമെന്നും ഈറന്‍‌മിഴികളില്‍ കവിതകള്‍ വിരിയണമെന്നും എനിക്കേറെ ഇഷ്ടപ്പെട്ട കുളിര്‍കാറ്റിനെ കൂട്ടുപിടിച്ച്‌ ഒരു സ്വകാര്യമായ് കാതില്‍ ചൊല്ലിയപ്പോള്‍ കാലാഹരണപ്പെട്ട സ്വപ്നങ്ങള്‍ കഥകളില്‍ മാത്രമാണെന്നും, ഋതുക്കളുടെ വരവില്‍ പ്രതീക്ഷകള്‍ ‍ഏറെയുണ്ടെന്നും ഞാനറിഞ്ഞു.

വരികള്‍ കൊള്ളാം..ട്ടോ.....

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല ഒരു നൊസ്റ്റാള്‍‌ജിയ.........

ഏറനാടന്‍ said...

നല്ല ഭംഗി.. കൊതിയാവുന്നുവീ ഭൂമിയിലെ സ്വര്‍‌ഗ്ഗം കാണുന്നേര്‍ം..

തഥാഗതന്‍ said...

പ്രിയ നന്നായി എഴുതിയിരിക്കുന്നു..

എല്ലാവര്‍ക്കും ഉണ്ട് ഇങ്ങനെ ഓരോ സ്വപ്നഭൂമികള്‍
കാലാന്തരത്തില്‍,കര്‍മ്മ പ്രയാണത്തിന്റെ ശരവേഗങ്ങള്‍ക്കിടയില്‍ കല്ലത്താണികളൊ കടത്തുകളോ കാണാതെ നാം ഉഴലുമ്പോള്‍, ഗൃഹാതുരത്വം തരുന്ന പഴയ കര്‍മ്മ ഭൂമികള്‍.

പക്ഷെ

ആ സ്വപ്നഭൂമിയിലേയ്ക്ക് നാമാരെങ്കിലും സ്ഥിരമായി തിരികെ പോകുമോ? വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ വിരുന്നുകാരായി എത്തുമായിരിക്കാം..അതും കുറേ കാലം കഴിയുമ്പോള്‍ നില്‍ക്കും..

ആരും തിരിച്ച് പോകില്ല..

(വെറും 500 കിലോമീറ്റര്‍ അകലെ ജീവിക്കുന്ന ഞാന്‍ പോലും തിരിച്ച് പോകില്ല പിന്നെ അല്ലെ)

നിരക്ഷരന്‍ said...

ആളൊഴിഞ്ഞ ആലിന്‍‌ചുവട്ടില്‍ ആരവങ്ങള്‍ക്കു കാതോര്‍ക്കാന്‍ ,അമ്പലമുറ്റത്തെ കല്‍ത്തറകള്‍ക്ക്‌ കഥകള്‍ പറഞ്ഞു കൊടുക്കാന്‍ ,തെന്നലിന്റെ കളിപറച്ചില്‍ കേട്ട്‌ വെറുതെ ചിരിക്കാന്‍ ,അമ്പലക്കുളത്തിലെ കുളംകലക്കിക്കുട്ടികളിലൊരാളാവാന്‍ ,കൈക്കുമ്പിളിലെ തീര്‍ത്ഥത്തിന്റെ മാധുര്യംനുണയാന്‍ ,ബാല്യത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണില്‍ വീണ്ടുമൊന്ന്‌ നടക്കാന്‍ ,.............................എനിക്കിപ്പപ്പോകണം നാട്ടില്‌.

കവിതപോലെ മനോഹരം .
അല്ല ഇതുമൊരു കവിതതന്നെ.

വഴി പോക്കന്‍.. said...

:)

Geetha Geethikal said...

ഗൃഹാതുരത്വം നന്നേ തുടിക്കുന്ന വരികള്‍.....

സതീര്‍ത്ഥ്യന്‍ said...

അനുസ്യൂതം ഒഴുകുന്ന ഭാഷ... ഗൃഹാതുരത്വത്തിന്റെ നനുത്ത മൂടല്‍ മഞ്ഞ്, ഓര്‍മ്മകളുടെ കുളിരുന്ന ചാറ്റല്‍ മഴ, ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് ആരോ മന്ത്രിക്കുന്ന പ്രതീതി... മനോഹരം... ഒരു സ്വപ്നം പോലെ...
അഭിനന്ദനങ്ങള്‍...

skuruvath said...

ഒഴുകിയിറങ്ങി ഗൃഹാതുരമായ്
പറയാതെ പറഞ്ഞ സ്വകാര്യങ്ങള്‍

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയേ,
ഗൃഹാതുരത്വം വിരിയുന്ന
മനോഹരമായ വരികള്‍,
ഹൃദ്യമായ ഭാഷയും
ഒത്തിരി ഇഷ്ടമായി!

രാജീവ് ചേലനാട്ട് said...

കാല്‍പ്പനികതയുടെ അതിപ്രസരമുണ്ടെങ്കിലും, എഴുത്ത് നന്നായിരിക്കുന്നു. ആശംസകള്‍

സതീശ് മാക്കോത്ത് | sathees makkoth said...

പ്രിയാ, മനോഹരം.

GOVARDHAN said...

പ്രിയ

പാതിയെഴുതിയ കവിത പാതി മുറിഞ്ഞ സ്വപ്നം പോലെ അപൂര്‍ണമായി തന്നെയിരിക്കട്ടെ

Friendz4ever // സജി.!! said...

“ഋതുക്കളെത്ര പിറന്നാലും ഈ കാറ്റിനും ഈ മഴയ്ക്കും എന്നെയറിയാം.സ്വപ്നഭൂമിയുടെ ആദ്യാനുരാഗം,അതെന്നും ഞാനായിരുന്നില്ലേ...”
കലക്കീട്ടുണ്ട് ട്ടാ..
നയിസ് ലൈന്സ്....
കാല്‍പനികത നിറഞ്ഞു തുളുമ്പുന്നൂ.

Gopan (ഗോപന്‍) said...

സ്വപ്നഭൂമിയില്‍ നിന്നുമുള്ള
അനിവാര്യമായ വേര്‍പാടിന്‍റെ
തീരാനോവു പകര്‍ന്നെഴുതിയ ഈ വരികള്‍
പിന്നിട്ട നിറം മങ്ങാത്ത ഓര്‍മകളെ
ഒരാവര്‍ത്തികൂടെ എന്‍റെ മനസ്സിന്‍റെ
ഇടനാഴികളില്‍ കൊണ്ടുവന്നു..
തീരാനഷ്ടങ്ങളുടെ കണക്കെടുക്കാനെന്ന പോലെ. .
പറഞ്ഞറിയിക്കാന്‍ കഴിയാത്ത നൊമ്പരങ്ങളോടെ
കണ്ണീര്‍ കണങ്ങള്‍ നല്‍കി പടിയിറങ്ങി..
മനസ്സില്‍ തട്ടുന്ന കുറിപ്പ്...
ഇഷ്ടമായി..വളരെയധികം

surag said...

NOSTALGIA.....!

surag said...

nostalgia...........!